കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 25000 കോടി രൂപ വേണ്ടിവരും; ലോകബാങ്ക്-എഡിബി സഖ്യം റിപ്പോര്‍ട്ട് നല്‍കി


തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 25000 കോടി രൂപ വേണ്ടിവരുമെന്ന് ലോകബാങ്ക് എഡിബി സഖ്യം. കേരളത്തിലെ പ്രളയം കാര്യമായി നഷ്ടം വിതച്ച 10 ജില്ലകളില്‍ സന്ദര്‍ശനം നടത്തിയ സംഘം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലോകബാങ്കിന്റെ ഇന്ത്യയിലെ തലവന്‍ നിഷാം അബ്ദു, ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ (എ.ഡി.ബി) മേധാവി കെനിഷി യോക്കോയാമ എന്നിവരുടെ നേതൃത്വത്തിലാണ് നഷ്ടം വിലയിരുത്തിയത്.
റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രാലയത്തിനും സമര്‍പ്പിക്കുമെന്ന് ലോകബാങ്ക്എ.ഡി.ബി സംഘം അറിയിച്ചു. ജില്ലകളിലെ കലക്ടര്‍മാരുമായും മറ്റ് വകുപ്പ് തലവന്‍മാരുമായും നടത്തിയ ചര്‍ച്ചകള്‍ക്കും പഠനത്തിനും ശേഷമാണ് സംഘം റിപ്പോര്‍ട്ട് തയാറാക്കിയത്. തകര്‍ന്ന റോഡുകളുടെയും കുടിവെള്ള സംവിധാനങ്ങളുടെയും കാര്യക്ഷമമായ പുനര്‍നിര്‍മാണത്തിനാണ് കൂടുതല്‍ പ്രധാന്യം നല്‍കുകയെന്ന് സംഘം അറിയിച്ചിട്ടുണ്ട്.
പ്രളയത്തില്‍ തകര്‍ന്ന റോഡുകളും, പാലങ്ങളും പുനര്‍ നിര്‍മ്മിക്കല്‍, കുടിവെള്ള പദ്ധതികള്‍, വൈദ്യുത വിതരണം എന്നിവ പുനസ്ഥാപിക്കല്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ നല്‍കാമെന്ന് നേരത്തേ ലോകബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top