ജലന്ധര്‍ ബിഷപ്പ് ചോദ്യം ചെയ്യലിനായി ഹാജരായികൊച്ചി: കന്യാസ്ത്രീയുടെ ബലാല്‍സംഗ പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിനായി ഹാജരായി. നേരത്തെ അറിയിച്ചത് പ്രകാരം തൃപ്പൂണിത്തുറയിലെ കേന്ദ്രത്തില്‍ കൃത്യം 11 മണിയോടെ ബിഷപ്പ് എത്തി. തൃപ്പൂണിത്തുറ വനിതാ പോലിസ് സ്‌റ്റേഷനിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. മാധ്യമങ്ങള്‍ക്കും കൂടി നിന്ന ജനങ്ങള്‍ക്കും മുഖം കൊടുക്കാതെയാണ് ബിഷപ്പ് എത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ള പൊലിസ് സംഘം ചോദ്യം ചെയ്യലിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്. രാവിലെ 10ന് വൈക്കം ഡിവൈഎസ്പി ഓഫിസില്‍ ഹാജരാവാനാണ് കഴിഞ്ഞ ദിവസം അന്വേഷണസംഘം നിര്‍ദേശം നല്‍കിയിരുന്നത്. സുരക്ഷാപ്രശ്‌നങ്ങളുണ്ടെങ്കില്‍ ഏറ്റുമാനൂരിലെ ഹൈടെക് പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റാനായിരുന്നു അന്വേഷണസംഘത്തിന്റെ ആദ്യ തീരുമാനം. ഇതിന്റെ ഭാഗമായി ഏറ്റുമാനൂര്‍ സ്‌റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് തൃപ്പൂണിത്തുറയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

െ്രെകംബ്രാഞ്ച് ഓഫീസിനോടനുബന്ധിച്ചുള്ള ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രമാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ബിഷപ്പിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമായിരിക്കും ചോദ്യം ചെയ്യുക. നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ട്.

ബിഷപ്പിനെതിരേ അഞ്ച് ശക്തമായ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. മൂന്ന് തെളിവുകള്‍ പോലിസിന് നേരത്തേ തന്നെ ലഭിച്ചിരുന്നു. അതിനിടെ, ബിഷപ്പിന്റെ സഹായികളായ ജലന്ധര്‍ രൂപതയിലെ വൈദികര്‍ അടങ്ങുന്ന സംഘം കോട്ടയത്തെത്തിയിട്ടുണ്ട്. കൊച്ചിയിലും കോട്ടയത്തുമുള്ള നിയമവിദഗ്ധരുമായി ഇവര്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജലന്ധറിലെത്തിയാണ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തത്. ഒമ്പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ വിശദീകരണം രേഖപ്പെടുത്തി അന്വേഷണസംഘം മടങ്ങുകയായിരുന്നു.

RELATED STORIES

Share it
Top