ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കന്യാസ്ത്രീയുടെ ബന്ധുക്കള്‍കൊച്ചി: പീഡനപരാതിയില്‍ ജലന്ധര്‍ കത്തോലിക്കാ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ ബന്ധുക്കള്‍ ഈ ആഴ്ച അവസാനം ഹൈക്കോടതിയെ സമീപിക്കും. ഉന്നതഉദ്യോഗസ്ഥര്‍ ഇടപെട്ട് അറസ്റ്റ് തടയുന്നതായി ആരോപിച്ചാണ് ബന്ധുക്കള്‍ ഹോക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ജലന്ധര്‍ കത്തോലിക്കാ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുണ്ടെന്നാണ് വൈക്കം ഡിവൈഎസ്പി കെ സുഭാഷ് നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ കന്യാസ്ത്രീയുടേയും ബിഷപ്പിന്റെയും മൊഴിയിലെ വൈരുദ്യം ചൂണ്ടാക്കാട്ടി ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് വൈകിപ്പിക്കുന്നുവെന്നാണ് വിവരം. ബിഷപ്പിനെ വിളിച്ച് വരുത്താന്‍ നോട്ടിസ് നല്‍കണമെന്നാണ് കോട്ടയം എസ് പി ഉള്‍പ്പടെയുള്ളവര്‍ തീരുമാനിച്ചത്. എന്നാല്‍ ഡിജിപിയുടെയും ഐജിയുടേയും നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം നീളുന്നത്. എല്ലാ തെളിവുകളും ലഭിച്ച ശേഷം മതി അറസ്‌റ്റെന്നാണ് ഉന്നതഉദ്യോഗസ്ഥരുടെ നിലപാടെന്നാണ് സൂചന.
ബിഷപ്പിനെതിരെ സഭക്കുള്ളില്‍ നിന്ന് പലരും മൊഴി നല്‍കാന്‍ തയ്യാറാവില്ലെന്ന് അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ച് വരുത്തിയാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാമെന്ന ഡിവൈഎസ്പിയുടെ ശുപാര്‍ശയും അംഗീകരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

RELATED STORIES

Share it
Top