അഴിമതിക്ക് സാധ്യതയുള്ള പദ്ധതികള്‍ മാത്രമേ പുനരുദ്ധാരണത്തില്‍ നടപ്പാവൂ എന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ജേക്കബ് തോമസ്തിരുവനന്തപുരം: അഴിമതിക്ക് സാധ്യതയുള്ള പദ്ധതികള്‍ മാത്രമേ പുനരുദ്ധാരണത്തില്‍ നടപ്പാവൂ എന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഡാമിന് വേണ്ടി വാദിക്കുന്നവര്‍ എപ്പോഴും ലാഭം കൂട്ടിക്കാണിക്കുകയും ചെലവു കുറച്ചു കാണിക്കുകയും ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു.
കന്യാസ്ത്രീയെ മഠത്തില്‍ പീഡിപ്പിക്കുന്നത് ലോക്കപ്പ് പീഡനം പോലെയാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
ജലന്ധര്‍ ബിഷപ്പിന്റേത് ഹീനകൃത്യമാണ്. ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണ്. കന്യാസ്ത്രീകള്‍ സമരം ചെയ്യേണ്ടി വരുമ്പോള്‍ ഇത് സുരക്ഷിത കേരളമെന്ന് പറയാന്‍ സാധിക്കുമോ എന്ന് ചോദിച്ച ജേക്കബ് തോമസ് അരക്ഷിത കേരളമാണെന്ന് വ്യക്തമാക്കി. ലോകത്തെ പ്രധാന വ്യവസായമാണ് ഡാം. തീരദേശം നശിപ്പിച്ചത് ഡാമുകളാണ്. മലനാടും തീരദേശവും തമ്മിലെ പ്രകൃതിബന്ധം ഡാമുകള്‍ ഇല്ലാതാക്കി. ഡാമിന് വേണ്ടി വാദിക്കുന്നവര്‍ എപ്പോഴും ലാഭം കൂട്ടിക്കാണിക്കുകയും ചെലവു കുറച്ചു കാണിക്കുകയും ചെയ്യുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. പ്രകൃതി ദുരന്തങ്ങളില്‍ മരണം കൂടുന്നതിന് കാരണം അഴിമതിയാണ്. ദുരന്തം അഴിമതിക്കുള്ള അവസരം കൂടിയാണ്. കാര്യങ്ങള്‍ പെട്ടെന്ന് ചെയ്യുമ്പോള്‍ അഴിമതിക്ക് സാധ്യത കൂടും. അഴിമതിക്ക് സാധ്യതയുള്ള പദ്ധതികള്‍ മാത്രമേ പുനരുദ്ധാരണത്തില്‍ നടപ്പിലാവുകയുള്ളൂ. ജാഗ്രതാ മുന്നറിയിപ്പ് ശേഷി വര്‍ധിപ്പിക്കണം. പ്രകൃതി എന്താണെന്ന് ഒരു വിവരവുമില്ലാത്തവരാണ് നമ്മെ നയിക്കുന്നതെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. ദുരന്തനിവാരണ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനാണ് പുനര്‍നിര്‍മാണത്തില്‍ ആദ്യ ശ്രദ്ധ കൊടുക്കേണ്ടത്. ഇതിന് മലയാളികള്‍ തന്നെ മതി, വിദേശ ഏജന്‍സികള്‍ നിര്‍ബന്ധമില്ല. കാര്യശേഷിയുള്ള മലയാളികള്‍ രാജ്യത്തും പുറത്തുമുണ്ട്. പ്രളയത്തില്‍ മരിച്ചവര്‍ തങ്ങള്‍ മരിക്കേണ്ടവരായിരുന്നോ എന്ന് ചോദിക്കുന്നുണ്ട്. കേരളം അതിന് മറുപടി പറയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടത് സര്‍ക്കാര്‍ തന്നെ തഴഞ്ഞുവെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഈ സംവിധാനത്തില്‍ താന്‍ ഫിറ്റല്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തത് തൊട്ടാണ് താന്‍ അനഭിമതനായത്. എന്നാല്‍, വേട്ടയാടപ്പെടുന്നതായി കരുതുന്നില്ല, ഞാനിത്? ആസ്വദിക്കുന്നു. സര്‍ക്കാറിന്റെ അഴിമതി വിരുദ്ധത ജനങ്ങള്‍ക്ക് അനുഭവപ്പെടണമെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top