നാഷന്‍സ് കപ്പില്‍ ഇറ്റലിക്ക് പെനല്‍റ്റി രക്ഷ


ബോലോഗ്ന: ലോകകപ്പിലെ യോഗ്യതാ റൗണ്ടില്‍ നിന്ന് തന്നെ പുറത്തായ ഇറ്റലിയുടെ മോശം ഫോം തുടരുന്നു. യുവേഫ നാഷന്‍സ് ലീഗില്‍ ഇന്നലെ പോളണ്ടിനെതിരേ നടന്ന മല്‍സരത്തില്‍ അവസാന നിമിഷത്തിലെ പെനല്‍റ്റി ഭാഗ്യം ടീമിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ഒരു ഗോളിന് പിന്നില്‍ നിന്നിരുന്ന അസൂറിപ്പടയ്ക്ക് രക്ഷകനായത് ജോര്‍ജ്ജിഞ്ഞോയുടെ പെനല്‍റ്റി ഗോളാണ്. ഇരുടീമും 1-1ന്റെ സമനിലയില്‍ പിരിഞ്ഞതോടെ ലീഗ് എയിലെ മൂന്നാം ഗ്രൂപ്പില്‍ ഇരു ടീമും ഓരോ പോയിന്റുകള്‍ വീതം സ്വന്തമാക്കി. റോബര്‍ട്ടോ മാന്‍ചിനി ഇറ്റലിയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യമല്‍സരമായിരുന്നു ഇത്.
കളിയില്‍ പോളണ്ടിനു തന്നെയായിരുന്നു നേരിയ മുന്‍തൂക്കം. മല്‍സരത്തിന്റെ തുടക്കം മുതല്‍ ഒട്ടേറെ അവസരങ്ങളാണ് ഇറ്റലിക്ക് ലഭിച്ചത്. ബയേണ്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ അസിസ്റ്റില്‍ സെയിലിന്‍സ്‌കിയാണ് പോളണ്ടിന് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍ സമനിലയ്ക്കായി പൊരുതിയ മുന്‍ ലോക ചാംപ്യന്‍മാര്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും പടിക്കലില്‍ കലമുടയ്ക്കുകയായിരുന്നു.
രണ്ടാം പകുതിയിലെ 77ാം മിനിറ്റില്‍ ഇറ്റലിയെ പെനല്‍റ്റി ഭാഗ്യം തുണച്ചു. ചീസയെ പോളണ്ട് ഡിഫന്‍ഡര്‍ ജാകുബ് ബ്ലാസികോവ്‌സ്‌കി വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി മിഡ്ഫീല്‍ഡര്‍ ജോര്‍ജ്ജിഞ്ഞോ ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് ഇറ്റലി വിജയഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും പോളണ്ട് പ്രതിരോധം കടുപ്പിച്ചതോടെ മല്‍സരം സമനിലയില്‍ കലാശിച്ചു. ഇനി ലിസ്ബണില്‍ വെച്ച് പോര്‍ച്ചുഗലിനോടാണ് ഇറ്റലി യുവേഫ നേഷന്‍സ് ലീഗില്‍ ഏറ്റുമുട്ടേണ്ടത്.

RELATED STORIES

Share it
Top