അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച ഇന്ത്യ ക്വാര്‍്ട്ടറില്‍


ക്വാലാലംപൂര്‍: എഎഫ്‌സി അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അണ്ടര്‍ 16 ടീം ക്വാര്‍ട്ടറിലെത്തി ചരിത്രം കുറിച്ചു. നിര്‍ണായക ഗ്രൂപ്പ് സി പോരാട്ടത്തില്‍ ഇന്തോനീസ്യയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയാണ് അവസാന എട്ടില്‍ പ്രവേശിച്ചത്. സെമിയില്‍ എത്താനായാല്‍ അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് ടീമിന് നേരിട്ട് യോഗ്യത നേടാം. ശക്തരായ ദക്ഷിണകൊറിയയോ ആസ്‌ത്രേലിയയോ ആകും ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍. 16 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്നത്.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഇന്ത്യന്‍ ബോക്‌സില്‍ വച്ച് ഫൗള്‍ പിറന്നെങ്കിലും റഫറി പെനല്‍റ്റി അനുവദിരുന്നതോടെ ഇന്ത്യയ്ക്കു ദീര്‍ഘശ്വാസം വീണു. പന്തടക്കത്തില്‍ ഇന്തോനീസ്യയാണ് മുന്നിലെത്തിയതെങ്കിലും മികച്ച പ്രതിരോധം കടുപ്പിച്ച ഇന്ത്യ ഗോള്‍ വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കുകയായിരുന്നു. ഇടയ്ക്ക് ലഭിക്കുന്ന അവസരങ്ങള്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ സ്വന്തമാക്കാനും ഇന്ത്യന്‍ ചുണക്കുട്ടികള്‍ ശ്രമിച്ചു.
മല്‍സരത്തിലെ 20ാം മിനിറ്റില്‍ ഇന്ത്യയ്ക്ക് ഏറ്റവും മികച്ചൊരു അവസരം ലഭിച്ചു. എന്നാല്‍ മുന്നേറ്റം നടത്തിയ റിക്കി ഷബോങിന്റെ ഷോട്ട് എതിര്‍ പ്രതിരോധക്കാരന്റെ കാലില്‍ തട്ടി പുറത്തുപോയി. രണ്ടാംപകുതിയില്‍ ഇന്ത്യ കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ചതോടെ മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു.

RELATED STORIES

Share it
Top