ജര്‍മനിയോട് പൊരുതിത്തോറ്റ് പെറു


സിന്‍ഷീം (ജര്‍മനി): സൗഹൃദ മല്‍സരത്തില്‍ ജര്‍മനിയോട് പൊരുതിത്തോറ്റ് പെറു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പെറു മുന്‍ ലോക ചാംപ്യന്മാരായ ജര്‍മനിയോട് തോല്‍വി വഴങ്ങിയത്. ആദ്യം ലീഡ് നേടിയതിനു ശേഷമാണ് ആതിഥേയര്‍ക്ക് മുന്നില്‍ പെറു അടിയറവ് പറഞ്ഞത്.
ജര്‍മനിക്ക് വേണ്ടി നിക്കോ ഷുള്‍സും ജൂലിയന്‍ ബ്രാന്‍ഡും ലക്ഷ്യം കണ്ടപ്പോള്‍ പ്രതിരോധ താരം ലൂയിസ് അഡ്വിന്‍കുളയാണ് പെറുവിന്റെ പോരാട്ടഗോള്‍ നേടിയത്.മല്‍സരത്തിലുടനീളം ഇരു ടീമുകള്‍ക്കും അനവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ ഇരുടീമിനും ആയില്ല. ക്യാപ്റ്റനും ഒന്നാം നമ്പര്‍ ഗോളിയുമായ മാനുവല്‍ ന്യൂയറിന് പകരം ആന്ദ്രേ ടെര്‍ സ്‌റ്റെയ്ഗനായിരുന്നു ജര്‍മനിയുടെ വലകാത്തത്. 22ാം മിനിറ്റില്‍ കുയേവയുടെ പാസില്‍ നിന്ന് അഡ്വിന്‍കുള പെറുവിനായി ഗോള്‍ സ്വന്തമാക്കിയതോടെ ജര്‍മനി ഒന്നു പതറി. എന്നാല്‍ ഗോളിനായി പ്രത്യാക്രമണം തുടര്‍ന്ന ജര്‍മനി മൂന്ന് മിനിറ്റുകള്‍ക്കകം ആശ്വാസം കണ്ടു. ടോണി ക്രൂസിന്റെ ക്രോസില്‍ പെറു വല തുളച്ച് ജൂലിസന്‍ ബ്രാന്‍ഡ് മുന്‍ ലോക ചാംപ്യന്‍മാര്‍ക്ക് 1-1ന്റെ സമനില സമ്മാനിച്ചു.
മല്‍സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിക്കവെ 85ാം മിനിറ്റില്‍ ഹോം ഗ്രൗണ്ടില്‍ വെച്ച് ദേശീയ ടീമിനായി കന്നി ഗോള്‍ നേടി 25കാരനായ നിക്കോ ഷുള്‍സ് ജര്‍മന്‍ വിജയം ഉറപ്പിച്ചു. ഈ മാസം 14ന് യുവേഫ നാഷന്‍സ് ലീഗില്‍ ഹോളണ്ടിനെതിരെയാണ് ജര്‍മനിയുടെ അടുത്ത മല്‍സരം.

RELATED STORIES

Share it
Top