റോഡുകളുടേയും വീടുകളുടേയും പുനര്‍നിര്‍മ്മാണത്തിന് വേണ്ടത് 1300 കോടിയോളം: മന്ത്രി മൊയ്തീന്‍

തിരുവനന്തപുരം: പ്രളയാനന്തരം തദ്ദേശവകുപ്പിന്റെ കീഴിലെ റോഡുകളുടേയും വീടുകളുടേയും പുനര്‍നിര്‍മ്മാണത്തിന് മാത്രം 1300 കോടി രൂപ ആവശ്യമുണ്ടെന്ന് മന്ത്രി എസി മൊയ്തീന്‍ . കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഈ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്രസിങ് തൊമാറിന് മന്ത്രി കത്തയച്ചു.
കേരളത്തില്‍ 580502 കുടുംബങ്ങളാണ് പ്രളയത്തിന്റെ ഇരകളായത്. സംസ്ഥാനത്ത് 12477 വീടുകള്‍ പൂര്‍ണ്ണമായും, 82853 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. പതിനായിരക്കണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളില്‍ താമസിപ്പിക്കേണ്ടി വന്നു. ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത് തൃശ്ശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലാണ്. തൃശ്ശൂര്‍3461, പാലക്കാട്1838, എറണാകുളത്ത്1546 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നു. തകര്‍ന്ന വീടുകളുടെ പുനര്‍ നവീകരണത്തിനായി 498.94 കോടി രൂപ ആവശ്യമാണ്. നിലവില്‍ പ്രധാന മന്ത്രി ആവാസ് യോജന പദ്ധതിയില്‍ അനുവദിക്കുന്ന ധനസഹായം പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സ്ഥിതിയനുസരിച്ച് ഈ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. 4 ലക്ഷം രൂപ വീതമാണ് തകര്‍ന്ന വീടുകള്‍ക്ക് ധനസഹായം കണക്കാക്കിയിട്ടുള്ളത്. അതോടൊപ്പം തന്നെ സംസ്ഥാനത്തെ 1895 ഗ്രാമീണ റോഡുകളാണ് തകര്‍ന്നത്. 2983.67 കിലോമീറ്റര്‍ നീളം വരുമിത്. പാലക്കാട് ജില്ലയില്‍ 469 കിലോമീറ്റര്‍ റോഡും, ഇടുക്കിയില്‍ 283.24 കിലോമീറ്ററും,എറണാകുളത്ത് 211.24 കിലോമീറ്ററും കണ്ണൂര്‍ , വയനാട് ജില്ലകളിലായി യഥാക്രമം 267, 212 കിലോമീറ്ററും റോഡ് തകര്‍ന്നു. ഈ റോഡുകളുടെ നവീകരണത്തിനായി പ്രധാനമന്ത്രി ഗ്രാമീണ്‍ സഢക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 793.23 കോടി രൂപ റോഡ് നവീകരണത്തിന് പ്രത്യേക ധനസഹായം കേന്ദ്രം നല്‍കണമെന്നും കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായ എത്തിയ പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രം സാധ്യമായ സഹായങ്ങള്‍ ചെയ്യണമെന്നും മന്ത്രി എസി മൊയ്തീന്‍ കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തൊമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top