പ്രളയക്കെടുതി: പുനരധിവാസനടപടി സംബന്ധിച്ച് ഉത്തരവായിതിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനും വാസയോഗ്യമായ ഭൂമി കണ്ടെത്തി വീടുകള്‍, ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിക്കാന്‍ ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വാസയോഗ്യമല്ലാത്തതും പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്തതുമായ ഭൂമി ഏതാണെന്ന് കണ്ടെത്തി പകരം പ്രളയ ദുരന്തബാധിതര്‍ക്ക് വാസയോഗ്യമായതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ ഭൂമി നല്‍കി അതില്‍ വീടുകള്‍വെച്ച് താമസിപ്പിക്കുകയോ ഭൂമിയുടെ ലഭ്യത കുറവുള്ള പ്രദേശങ്ങളില്‍ ഫ്ളാറ്റുകള്‍ നിര്‍മിച്ച് അതില്‍ താമസിപ്പിക്കുകയോ ചെയ്യണം. എല്ലാ കലക്ടര്‍മാരും ജില്ലകളില്‍ ഇതുപോലെ എത്ര കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നത് കണ്ടെത്തി അവര്‍ക്ക് പുനരധിവാസം സാധ്യമാക്കുന്നതിന് വാസയോഗ്യമായതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ ഭൂമി കണ്ടെത്തി മൂന്നാഴ്ചക്കുള്ളില്‍ സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കണം. സര്‍ക്കാര്‍ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ മറ്റ് വകുപ്പുകളുടെ കൈവശം ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയോ സന്നദ്ധ സംഘടനകളോ, വ്യക്തികളോ, സ്ഥാപനങ്ങളോ സംഭാവന ചെയ്യുന്ന ഭൂമി ഇതിനായി ഉപയോഗിക്കാം. ഭൂമി ലഭ്യമായിടത്ത് ഓരോ കുടുംബത്തിനും മൂന്നു മുതല്‍ അഞ്ച് സെന്റ് വരെ ഭൂമി നല്‍കി അതില്‍ വീടുകള്‍ നിര്‍മിക്കണം. ഭൂമി ലഭ്യത കുറവുള്ളിടത്ത് ഫ്ളാറ്റുകള്‍ നിര്‍മിച്ചും പുനരധിവാസത്തിന് ഊന്നല്‍ നല്‍കണം. ലാന്റ് റവന്യൂ കമ്മീഷണര്‍ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ക്രോഡീകരിച്ച റിപോര്‍ട്ട് സര്‍ക്കാരിന് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.

RELATED STORIES

Share it
Top