തൊഴില്‍ തേടി റോഹിങ്ക്യന്‍ കുടുംബം വിഴിഞ്ഞത്തെത്തി; പോലിസ് കസ്റ്റഡിയിലെടുത്തുതിരുവനന്തപുരം: തൊഴിലും താമസവും തേടി വിഴിഞ്ഞത്ത് അഭയം തേടിയ റോഹിങ്ക്യന്‍ കുടുംബത്തെ പോലിസ് കസ്റ്റഡിയിലെടുത്തു. രണ്ട് കുട്ടികളും സ്ത്രീയും അടങ്ങിയ കുടുംബത്തേയാണ് പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ ഹൈദരാബാദില്‍ നിന്നുളള ട്രെയിനിലാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്. ഇവരെ ഇന്റലിജന്‍സ് വിഭാഗം ചോദ്യം ചെയ്യുകയാണിപ്പോള്‍.
അയൂബ് (36), സഫിയ കാത്തൂര്‍(29), സഫിയാദ് (ആറ് മാസം), ഇര്‍ഷാദ് (27), അന്‍വര്‍ ഷാ (11) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുളളത്. സഫിയ അയൂബിന്റെ ഭാര്യയും, സഫിയാദ് ഇവരുടെ കുഞ്ഞുമാണ്. ഇര്‍ഷാദ് അയൂബിന്റെയും അന്‍വര്‍ ഷാ സഫിയയുടെയും സഹോദരങ്ങളാണ്.
വിഴിഞ്ഞം ഹാര്‍ബറിലെ മുസ്്‌ലിം പളളിയിലാണ് ഇവര്‍ വന്നത്. അവിടെയുളളവരോട് ജോലിയോ താമസമോ ലഭിക്കുമോയെന്ന് ഇവര്‍ ചോദിച്ചു. തങ്ങള്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണെന്നും ഇവര്‍ പറഞ്ഞു. ഇതോടെ പളളി അധികൃതര്‍ പൊലിസിനോട് വിവരം പറയുകയായിരുന്നു.
ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാപിലായിരുന്നു ഇവര്‍ ആദ്യം. പിന്നീട് ഇവിടെ നിന്നും ട്രെയിന്‍ മാര്‍ഗം ഹൈദരാബാദിലേക്ക് ഇവര്‍ കടന്നു. കേരളത്തില്‍ വന്നാല്‍ ജോലി ലഭിക്കുമെന്നും താമസിക്കാന്‍ ഇടം ലഭിക്കുമെന്നും കേട്ടറിഞ്ഞാണ് ഇവര്‍ കേരളത്തിലേക്ക് വന്നതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഡല്‍ഹിയിലെ ക്യാംപില്‍ നിന്ന് ജോലിയും താമസവും തേടിയാണ് ഇവര്‍ ട്രെയിനില്‍ ഹൈദരാബാദിലേക്ക് ചെന്നത്. എന്നാല്‍ ഇവിടെ ജോലി ശരിയാകാതെ വന്നതിനാലാണ് വിഴിഞ്ഞം ലക്ഷ്യമാക്കി ട്രെയിന്‍ കയറിയത്. മ്യാന്‍മാറിലെ മ്യാവ് സ്വദേശികളാണ് അഞ്ച് പേരും. ഇവരുടെ കൈവശം ഐക്യരാഷ്ട്ര സഭ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ട്. സംശയകരമായി ഒന്നുമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. വിഴിഞ്ഞത്തെ നിര്‍മാണ കമ്പനികളെ കുറിച്ച് സുഹൃത്തുക്കിളില്‍ നിന്നറിഞ്ഞ് ജോലി തേടിയെത്തിയതാണെന്ന് ഇവര്‍ പോലിസിന് മൊഴിനല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top