Youth

യുവതയും അസ്തമിക്കുന്ന ഗള്‍ഫ് സാധ്യതകളും

എന്നാല്‍ വര്‍ഷങ്ങളായി മലയാളി ആശങ്കയോടെ നേരിടുകയാണ് ഗള്‍ഫ് പ്രതിസന്ധി. നാള്‍ക്കുനാള്‍ വിമാനം കയറി വരുന്നവരുടെ എണ്ണം വര്‍ധിക്കുക തന്നെയാണ്. പ്രത്യേകിച്ച് അവിദഗ്ധ തൊഴിലാളികള്‍.

യുവതയും അസ്തമിക്കുന്ന ഗള്‍ഫ് സാധ്യതകളും
X

മലയാളിയെ, കുറച്ചുകൂടി ചുരുക്കിപ്പറഞ്ഞാല്‍ മലബാറിനെ ഇത്രത്തോളം പുരോഗതിയിലെത്തിച്ചത് ഭരണപരമായ നൈപുണിയോ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൈയയച്ച സഹായങ്ങളോ അല്ലെന്നും മണലാരിണ്യത്തില്‍ പണിയെടുത്ത പ്രവാസി ഉണ്ടാക്കിയെടുത്തതാണെന്നും എല്ലാവര്‍ക്കുമറിയുന്ന സത്യം. എന്നാല്‍ വര്‍ഷങ്ങളായി മലയാളി ആശങ്കയോടെ നേരിടുകയാണ് ഗള്‍ഫ് പ്രതിസന്ധി. നാള്‍ക്കുനാള്‍ വിമാനം കയറി വരുന്നവരുടെ എണ്ണം വര്‍ധിക്കുക തന്നെയാണ്. പ്രത്യേകിച്ച് അവിദഗ്ധ തൊഴിലാളികള്‍.

നല്ലൊരു വീടും കുടുംബവുമെന്ന സ്വപ്‌നത്തിനു വേണ്ടി സ്വന്തം സ്വപ്‌നങ്ങളെ മരുഭൂമിയിലെ വിയര്‍പ്പുതുള്ളികളാക്കി മാറ്റിയവര്‍ ഇന്ന് ആശങ്കയുടെ നടുക്കടലിലാണ്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക് പ്രകാരം കഴിഞ്ഞ നാലു മാസത്തിനിടെ സൗദി അറേബ്യയില്‍ നിന്നു മുക്കാല്‍ ലക്ഷത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇനിയും അത് കൂടുകയേ ഉള്ളൂ. നിത്വാഖാത്തിന്റെ പേരിലുള്ള സ്വദേശിവല്‍ക്കരണം ഫലം കണ്ടുതുടങ്ങിയെന്ന് സൗദിക്ക് ബോധ്യമുണ്ട്. സ്വദേശിവല്‍ക്കരണം സൗദിയെ ബാധിക്കുമെന്നായിരുന്നു ആദ്യമൊക്കെ വിലയിരുത്തല്‍. എന്നാല്‍ അതൊന്നുമല്ലെന്ന് കണ്ടറിയുകയാണ്.

സൗദിയുടെ ചുവടുപിടിച്ച് യുഎഇ, കുവൈത്ത്, ഒമാന്‍, ബഹ്‌റയ്ന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും സ്വദേശിവല്‍ക്കരണ തോത് ഉയര്‍ത്തുകയാണ്. വിദ്യാസമ്പന്നരായ യുവതയ്ക്കു തൊഴില്‍ സാധ്യതകളൊരുക്കുമ്പോള്‍ നമ്മുടെ നാട്ടിലെ യുവതയുടെ സ്വപ്‌നങ്ങള്‍ക്കു മേലാണ് കരിനിഴല്‍ വീഴുന്നത്. പക്ഷേ, മലയാളി യൗവനം അങ്ങനെയങ്ങ് നിരശരാവേണ്ടതില്ല. അവര്‍ ഗള്‍ഫും കടന്ന് അമേരിക്ക, കാനഡ, യൂറോപ് തുടങ്ങിയ മേഖലകളിലേക്ക് തൊഴില്‍ തേടി പോവുകയാണ്. വിദേശ രാജ്യങ്ങള്‍ അവിടുത്തെ യുവതയെ കണ്ടറിഞ്ഞ് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇന്ത്യയില്‍ നേരെ തിരിച്ചാണു കാര്യങ്ങള്‍. ഇന്ത്യ വികസന കുതിപ്പിലാണെന്നും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുമുള്ള സ്വപ്‌നം വൃഥാവിലാവുകയാണ്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ കുത്തനെ ഇടിഞ്ഞെന്നാണ് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ പഠനം വ്യക്തമാക്കുന്നത്. നിര്‍മാണം, ഉല്‍പാദനം, ഐടി, സേവനം എന്നീ രംഗങ്ങളിലാണ് വന്‍ തോതില്‍ ഇടിവുണ്ടായത്. ഇത്തരം സാഹചര്യത്തില്‍ തൊഴില്‍ കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തി സ്വയം തൊഴില്‍ കണ്ടെത്താനും പുതിയ തൊഴിലിടങ്ങള്‍ തേടാനുമുള്ള പരിശ്രമമാണുണ്ടാവേണ്ടത്. മുന്‍കാലങ്ങളില്‍ എസ്എസ്എല്‍സി കഴിഞ്ഞാലുടന്‍ വിദേശത്തേക്കു പറന്നിരുന്നതിനു വിരാമമിട്ട് പുതുമേഖലകളില്‍ വിയര്‍പ്പൊഴുക്കി ജീവിതം കരുപ്പിടിപ്പിക്കാനാണു ശ്രമിക്കേണ്ടത്.

Next Story

RELATED STORIES

Share it