Family

സ്‌നേഹം നിക്ഷേപിക്കൂ; സന്തോഷം പിന്‍വലിക്കൂ

സ്‌നേഹമെന്ന നിക്ഷേപം കൂടുമ്പോള്‍ സന്തോഷം, സമാധാനം, ഭദ്രത എന്നിവ കൂടും. പിന്‍വലിക്കുമ്പോള്‍ ദുഖവും അശാന്തിയും ഭ്രംശവും ഛിദ്രതയും കൂടും.

സ്‌നേഹം നിക്ഷേപിക്കൂ; സന്തോഷം പിന്‍വലിക്കൂ
X

കുടുംബ ഭദ്രതയ്ക്കു വേണ്ട ഒരേയൊരു നിക്ഷേപം മറ്റൊന്നുമല്ല, സ്‌നേഹിക്കുക, സ്‌നേഹിക്കുക, പിന്നെയും സ്‌നേഹിക്ക എന്നതു തന്നെയാണ്. പരസ്പര ബഹുമാനവും സ്വന്തമാണെന്ന കരുതലും ഉണ്ടെങ്കില്‍ മാത്രമേ ഏതൊരു കുടുംബവും നിലനില്‍ക്കുകയുള്ളൂ. ബാങ്കിടപാടിനെ കുറിച്ച് നമുക്കറിയാമല്ലോ, അവിടെ പണം നിക്ഷേപിക്കുന്നു, പിന്‍വലിക്കുന്നു. നിക്ഷേപിച്ചാല്‍ അത് എപ്പോഴും തിരിച്ചുകിട്ടും, ചിലപ്പോള്‍ കൂടുതലും കിട്ടും. പിന്‍വലിച്ചാലോ സന്തോഷം കുറയും. പിന്നീടൊന്നും തിരിച്ചുകിട്ടുകയുമില്ല. അതുപോലെ തന്നെയാണ് സ്‌നേഹവും. സ്‌നേഹമെന്ന നിക്ഷേപം കൂടുമ്പോള്‍ സന്തോഷം, സമാധാനം, ഭദ്രത എന്നിവ കൂടും. പിന്‍വലിക്കുമ്പോള്‍ ദുഖവും അശാന്തിയും ഭ്രംശവും ഛിദ്രതയും കൂടും. അതുകൊണ്ടുതന്നെ സ്‌നേഹം പിന്‍വലിക്കുന്നത് ആലോചിച്ചും ഒഴിവാക്കിയും ശീലിക്കുക. കുടുംബത്തിലെ നിക്ഷേപത്തിലേക്കു തന്നെ വരാം.

സ്‌നേഹം എന്ന വാക്കിന്റെ ആംഗലേയഭാഷ്യമാണല്ലോ ലവ്. അതില്‍തന്നെ എല്ലാമുണ്ട്. ഇംഗ്ലീഷില്‍ L, O, V, E എന്നീ നാലക്ഷരങ്ങളാണു സംയോജിക്കുന്നത്. ഇവ ഓരോന്നും നിക്ഷേപിച്ചു നമുക്ക് തുടങ്ങാം. ആദ്യാക്ഷരമായ L സൂചിപ്പിക്കുന്നത് 'LISTEN'-കേള്‍ക്കുക അല്ലെങ്കില്‍ ശ്രദ്ധിക്കുക എന്നാണ്. ഒരാളുടെ കാര്യം ശ്രദ്ധിക്കണമെങ്കില്‍ ആദ്യം നമുക്കതിനു മനസ്സുണ്ടാവണം. ഭാര്യ കിടപ്പറയില്‍ വച്ച് ഭര്‍ത്താവിനോട് പറയുന്നു എനിക്ക് തലവേദനയാണെന്ന്. അപ്പോള്‍ ഭര്‍ത്താവ് ബാം പുരട്ടി കൊടുക്കുകയും മാറിയില്ലെങ്കില്‍ രാവിലെ തന്നെ ഡോക്ടറുടെ അടുത്ത് പോവുകയും ചെയ്യാമെന്ന് പറഞ്ഞാല്‍ പിന്നെ പങ്കാളിയുടെ വേദനയെല്ലാം പമ്പ കടക്കും. പകരം അതിനേക്കാള്‍ വലിയ തലവേദനയാണ് എനിക്കെന്നു പറഞ്ഞു തിരിഞ്ഞുകിടന്നാലോ.

നിക്ഷേപം വട്ടപ്പൂജ്യമാവും. കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചിരുന്ന് അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും പരസ്പരം പറഞ്ഞും കേട്ടുമിരുന്നാല്‍ തന്നെ ഒരാശ്വാസമാവുമെന്ന് വെറുതെ പറയുന്നതല്ല. രണ്ടാമത്തെ അക്ഷരം 'O' അഥവാ OPENNESS അതായത് തുറസ്സാവുക. നിങ്ങള്‍ കണ്ണടച്ചിരിക്കുകയാണെന്നു കരുതുക. ഒരാള്‍ വന്ന് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ശക്തമായി അടയ്ക്കാന്‍ ശ്രമിക്കില്ലേ. പകരം, താനേ തുറന്ന് തുറസ്സായ മനസ്സോടെ സ്വീകരിച്ചാല്‍ അത്രയും ബലം പിടിക്കേണ്ടതില്ലല്ലോ. എല്ലാറ്റിനെയും തുറന്ന മനസ്സോടെ കണ്ടാല്‍ നിക്ഷേപം എളുപ്പമാവും. അതിനു വാശി, പിണക്കം, അഹങ്കാരം എന്നിവയെല്ലാം പുറംകാലുകൊണ്ട് ചവിട്ടിത്തെറിപ്പിക്കണം. മൂന്നാമത്തേത് V=VALUES. മൂല്യങ്ങള്‍ എന്നര്‍ത്ഥം. നാം ഓരോരുത്തരുടെയും ജീവിതത്തില്‍ മൂല്യങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. കളവ് പറയാതിരിക്കല്‍, വാക്ക് ലംഘിക്കാതിരിക്കല്‍, മോഷണം നടത്താതിരിക്കല്‍ തുടങ്ങി പുകവലിക്കാതിരിക്കലും മദ്യപാനം ഇല്ലാതിരിക്കലുമെല്ലാം നല്ല മൂല്യങ്ങളില്‍ പെട്ടതാണ്. ഇത്തരം മൂല്യങ്ങള്‍ മക്കള്‍ക്കും കുടുംബത്തിനും മാതൃകാപരമായി പകര്‍ന്നു കൊടുക്കാനായാല്‍ നന്മയോടെ മക്കള്‍ താനേ വളര്‍ന്നോളും.

നാലമത്തേതാണ് വളര്‍ച്ചയില്‍ കുട്ടികള്‍ക്ക് ഏറ്റവും ആവശ്യമുള്ള അക്ഷരം E അഥവാ ENCOURAGEMENT. പ്രചോദനം എന്നാണര്‍ത്ഥം. പലപ്പോഴും പിഴയ്ക്കുന്നത് ഇവിടെയാണ്. ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ മക്കളിലാര്‍ക്കെങ്കിലുമോ വല്ല നേട്ടവുമുണ്ടായാല്‍ അവരെ പുകഴ്ത്തി കൂടുതല്‍ പ്രചോദനം നല്‍കണം. പകരം മോശമില്ല, കുഴപ്പമില്ല, തരക്കേടില്ല തുടങ്ങിയ ആര്‍ക്കോ വേണ്ടിയുള്ള വാക്കുകളാണെങ്കില്‍ എല്ലാം കൈവിട്ടുപോവും. പകരം എന്റെ മോന്‍ അല്ലെങ്കില്‍ മോള്‍ നേടിയത് വന്‍ നേട്ടമാണെന്ന വിധത്തില്‍ പ്രതികരിച്ചുനോക്കൂ. നിങ്ങള്‍ വിലയേറിയ സമ്മാനങ്ങളൊന്നും കൊടുത്തില്ലേലും അടുത്ത തവണ ഈ നേട്ടത്തെ അവര്‍ മറികടക്കും. പകരം മറ്റുള്ളവരുമായി താരതമ്യം ചെയ്തത് കുടുംബാംഗങ്ങള്‍ കലഹിക്കാന്‍ തുടങ്ങിയാല്‍ പിന്നെ സ്‌നേഹത്തിന്റെ ബാലന്‍സ് ഷീറ്റ് സീറോയില്‍ നിന്ന് നെഗറ്റീവിലേക്കു മാത്രമേ പോവുകയുള്ളൂ. അതിനാല്‍ തന്നെ ഓരോരുത്തരും പരസ്പരം സ്‌നേഹിച്ചു സ്‌നേഹിച്ചു മുന്നേറുക.

Next Story

RELATED STORIES

Share it