Children

കുട്ടികള്‍ നന്മമരങ്ങളാവട്ടെ; വളര്‍ച്ചയ്ക്കു കൈത്താങ്ങാവാം

കുട്ടികളെ മികച്ച വ്യക്തിത്വമുള്ളവരാക്കാന്‍ ഏറ്റവും എളുപ്പവഴി ജീവിതമൂല്യങ്ങളും നല്ല ശീലങ്ങളും കുട്ടികളെ പഠിപ്പിക്കുകയെന്നതു തന്നെയാണ്. പല രക്ഷിതാക്കളും കരുതുന്നത് കുട്ടികളെ പുസ്തകപ്പുഴുക്കളാക്കിയാല്‍ ഭാവി ശോഭനമാണെന്നാണ്. എന്നാല്‍ തെറ്റാണത്.

കുട്ടികള്‍ നന്മമരങ്ങളാവട്ടെ; വളര്‍ച്ചയ്ക്കു കൈത്താങ്ങാവാം
X

എല്ലാവരുടെയും സന്തോഷമാണ് മക്കള്‍ നല്ല കുട്ടികളായി വളരുന്നുവെന്ന് അറിയല്‍. സ്‌കൂളിലായാലും സമൂഹത്തിലായാലും നന്‍മയോടെ കുട്ടികള്‍ പെരുമാറുന്നുവെന്ന് അറിഞ്ഞാല്‍ ഏതൊരു മാതാപിതാക്കളുടെയും ഉള്ളില്‍ അറിയാതം അഭിമാനബോധമുണരും. കുട്ടികളെ മികച്ച വ്യക്തിത്വമുള്ളവരാക്കാന്‍ ഏറ്റവും എളുപ്പവഴി ജീവിതമൂല്യങ്ങളും നല്ല ശീലങ്ങളും കുട്ടികളെ പഠിപ്പിക്കുകയെന്നതു തന്നെയാണ്. പല രക്ഷിതാക്കളും കരുതുന്നത് കുട്ടികളെ പുസ്തകപ്പുഴുക്കളാക്കിയാല്‍ ഭാവി ശോഭനമാണെന്നാണ്. എന്നാല്‍ തെറ്റാണത്.

അവര്‍ കളിച്ചുവളരാന്‍ അനുവദിക്കണം. ശല്യം ഒഴിവാക്കാന്‍ മൊബൈല്‍ ഗെയിം വെച്ചുനീട്ടുകയാണെങ്കില്‍ വിപരീത ഫലമാണുണ്ടാവുക. ടിവിക്കോ മൊബൈലിനോ മുന്നില്‍ ചടഞ്ഞു കൂടുന്നത് അമിതവണ്ണം, ഉറക്കമില്ലായ്മ, സ്വഭാവത്തിലുള്ള വൈകല്യങ്ങള്‍ തുടങ്ങിയവയുണ്ടാക്കും. ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ ടിവി കാണുന്ന കുട്ടികള്‍ പഠനത്തില്‍ പിന്നാക്കം പോവുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതുപോലെ തന്നെയാണ് ജങ്ക് ഫുഡുകള്‍ നല്‍കുന്നതും. ഇലക്കറികള്‍, പച്ചക്കറികള്‍, പലതരം പഴങ്ങള്‍, നട്‌സ്, തവിട് നീക്കാത്ത ധാന്യങ്ങള്‍ ഇവയ്ക്കു പകരം ജങ്ക് ഫുഡുകള്‍ നല്‍കിയാല്‍ ശരീരത്തിനു വേണ്ട പോഷകാഹാരമാണു നിഷേധിക്കപ്പെടുന്നത്. വീട്ടില്‍തന്നെ ആരോഗ്യകരമായ രീതിയില്‍ ഭക്ഷണമുണ്ടാക്കി നല്‍കാം. ചെറിയ പ്രായത്തിലേ ജങ്ക് ഫൂഡ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് അറിവ് പകരണം.

എപ്പോഴും വീട്ടില്‍ തന്നെയാവാതെ ആഴ്ചയിലോ രണ്ടാഴ്ച കൂടുമ്പോഴോ കുട്ടികളെയും കൂട്ടി പാര്‍ക്കിലോ ബീച്ചിലോ കടപ്പുറത്തോ പോവണം. രസകരമായതും ആയാസമില്ലാത്തതും പ്രായത്തിന് ഇണങ്ങുന്നതുമായ കളികളില്‍ അവരെ പങ്കാളികളാക്കണം. ചെറിയ പ്രായം മുതലേ കുട്ടികളെ ഉത്തരവാദിത്തത്തെ കുറിച്ചുള്ള പ്രായോഗിക രീതികള്‍ പരിശീലിപ്പിക്കണം. സ്വന്തം കളിപ്പാട്ടങ്ങള്‍ അടുക്കി വയ്ക്കുക , പഠനമേശ വൃത്തിയാക്കല്‍, സ്‌കൂള്‍ ബാഗില്‍ പുസ്തകങ്ങള്‍ അടുക്കി വയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ അവര്‍ തന്നെ ചെയ്യട്ടെ. മുതിരുന്നതനുസരിച്ചു കുട്ടികള്‍ക്കു കൂടുതല്‍ ചുമതലകള്‍ നല്‍കണം. ഭക്ഷണപാത്രം കഴുകാനും കിടക്കവിരി വിരിക്കാനും ശീലിപ്പിക്കണം. അതോടൊപ്പം തന്നെ പ്രധാനമാണ് ശുചിത്വം.

ഭക്ഷണം കഴിക്കുന്നതിനും മുമ്പും ശേഷവും കൈകള്‍ വൃത്തിയായി കഴുകാന്‍ ശീലിപ്പിക്കണം. ഭക്ഷണം കഴിക്കുമ്പോള്‍ ചവയ്ക്കുന്ന ശബ്ദം പുറത്ത് കേള്‍പ്പിക്കരുത്. ഭക്ഷണം വായില്‍ വച്ച് സംസാരിക്കരുത് എന്നിങ്ങനെയുള്ള ടേബിള്‍ മാനേഴ്‌സും പഠിപ്പിക്കണം. ഉറക്കം ഒരു പ്രധാനഘടകമാണ്. ചെറിയ കുഞ്ഞുങ്ങളെ രാത്രി നേരത്തേ ഉറങ്ങാന്‍ ശീലിപ്പിക്കണം. സ്‌കൂളില്‍ പോകുന്ന പ്രായമാകുമ്പോള്‍ കുട്ടികള്‍ നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യേണ്ടി വരുമെന്നതിനാല്‍ ചെറുപ്പത്തിലേ ആ രീതിയിലേക്കെത്തിക്കണം. സമ്പാദ്യ ശീലവും വളര്‍ത്തണം. പോക്കറ്റ് മണിയായി നല്‍കുന്ന പണം ചെറിയ ഭണ്ഡാരത്തിലോ മറ്റോ നിക്ഷേപിക്കാന്‍ താല്‍പര്യം വളര്‍ത്തുന്നത് ഭാവിയില്‍ ഏറെ ഉപകാരപ്രദമാവും.

കരുതല്‍, സ്‌നേഹം, സൗഹൃദം ഇവയെല്ലാം പ്രകടിപ്പിക്കാന്‍ പങ്ക് വയ്ക്കലിലൂടെ കഴിയുമെന്ന് കുട്ടികള്‍ക്ക് അറിവ് പകരണം. ചുറ്റുമുള്ളവരോടു കരുതല്‍ കാണിക്കണമെന്നും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഏറ്റവും അടുപ്പമുള്ളവരോടു പങ്ക് വയ്ക്കണമെന്നും പറഞ്ഞു ബോധ്യപ്പെടുത്തണം. ദിവസം ഒരു നേരമെങ്കിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് മാനസിക അടുപ്പം വര്‍ധിപ്പിക്കും. വായന വര്‍ധിപ്പിക്കാന്‍ എളുപ്പവഴിയുണ്ട്. ചെറിയ കുഞ്ഞുങ്ങള്‍ക്കു കഥകള്‍ വായിച്ചു കൊടുക്കല്‍ തന്നെ. അവര്‍ക്ക് താല്‍പര്യമുള്ളവ കണ്ടെത്തിയാല്‍ നമ്മുടെ പണി കുറയും. ഭാഷ, ആശയവിനിമയം, പദസമ്പത്ത് തുടങ്ങിയവ ഇത് വര്‍ധിപ്പിക്കും. സത്യസന്ധതയാണ് ഏറ്റവും വലിയ മൂല്യമെന്നു കുട്ടിയെ പഠിപ്പിക്കണം. മുതിര്‍ന്നവര്‍ ഒരിക്കലും കുട്ടികളുടെ മുന്നില്‍ വച്ചു നുണ പറയാതിരിക്കാനും വാഗ്ദാനം ലംഘിക്കാതിരിക്കാനും ശ്രദ്ധിക്കണം. വീടാണ് കുഞ്ഞുങ്ങളുടെ ആദ്യ പാഠശാല. വീട്ടുകാര്‍ എങ്ങനെ പെരുമാറുന്നോ അതുപോലെയാവും നാളെ നമ്മുടെ കുട്ടികളും വളരുകയെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാവണം.

Next Story

RELATED STORIES

Share it