Children

വരയുടെ വഴികളില്‍ വ്യത്യസ്തനായി അനുജാത്

എല്‍കെജി വിദ്യാഭ്യാസ കാലം മുതല്‍ ചിത്രകലയുടെ ലോകത്തിലേക്ക് കാലെടുത്തുവെച്ച അനുജാത് ഇക്കാലയളവില്‍ വരച്ച് കൂട്ടിയ ചിത്രങ്ങള്‍ എണ്ണിയാല്‍ തീരില്ല .തന്റെ ചുറ്റുമുള്ള കാഴ്ചകളാണ് അനുജാത് സമൂഹത്തിന് മുന്നിലേക്ക് വരയിലൂടെ പകര്‍ന്നു നല്‍കുന്നത്

വരയുടെ വഴികളില്‍ വ്യത്യസ്തനായി അനുജാത്
X

കൊച്ചി: വരയുടെ വഴികളില്‍ തികച്ചും വ്യത്യസ്തനാകുന്നതിനൊപ്പം കലയുടെ ആനന്ദം ആവോളം നുകരാന്‍ കുട്ടികളെ ആഹ്വാനം ചെയ്യുക കൂടിയാണ് തൃശൂര്‍ ദേവമാത സി എം ഐ പബ്ലിക്ക് സ്‌കൂളിലെ 11ാംക്ലാസ് വിദ്യാര്‍ഥിയായ അനുജാത് സിന്ധു വിനയ്‌ലാല്‍ എന്ന ഈ 16 വയസുകാരന്‍.എല്‍കെജി വിദ്യാഭ്യാസ കാലം മുതല്‍ ചിത്രകലയുടെ ലോകത്തിലേക്ക് കാലെടുത്തുവെച്ച അനുജാത് ഇക്കാലയളവില്‍ വരച്ച് കൂട്ടിയ ചിത്രങ്ങള്‍ എണ്ണിയാല്‍ തീരില്ല .തന്റെ ചുറ്റുമുള്ള കാഴ്ചകളാണ് അനുജാത് സമൂഹത്തിന് മുന്നിലേക്ക് വരയിലൂടെ പകര്‍ന്നു നല്‍കുന്നത്.

സ്ത്രീകളുടെ വിശേഷിച്ച് അമ്മമാരുടെ കുടുംബം പുലര്‍ത്താനും കുട്ടികളെ വളര്‍ത്താനുമുള്ള വിയര്‍പ്പും വ്യഗ്രതയും എടുത്തുകാട്ടുന്ന 'എന്റെ അമ്മയും അയല്‍വക്കത്തെ അമ്മമാരും' എന്ന ചിത്രം രാജ്യാന്തര തലത്തില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിക്കുകയും പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു.അമ്മമാരുടെ കൂലിയില്ലാപ്പണികളുടെ നേര്‍ക്കാഴ്ചയാണ് ഈ ചിത്രം.സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലെ കലാകാരന്മാര്‍ക്കിടയില്‍ പോലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.ചിത്രകലയിലെ അന്യാദൃശ പ്രതിഭാ തിളക്കത്തിനുള്ള ആദരവമായി 2016 ല്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും അനുജാത് പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.

ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശങ്കേഴ്‌സ് അക്കാദമി സാര്‍വ്വദേശിയ തലത്തില്‍ കുട്ടികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച കലാസൃഷ്ടികള്‍ക്ക് നല്‍കിവരുന്ന 2018-19 ലെ ശങ്കേഴ്‌സ് രാജ്യാന്തര പുരസ്‌കാരം 'എന്റെ അമ്മയും അയല്‍വക്കത്തെ അമ്മമാരും' എന്ന ചിത്രത്തിലൂടെ അനുജാതിനെ തേടിയെത്തിയിരുന്നു.കൂടാതെ കാനഡ,കാലിഫോര്‍ണിയ വാഷിങ്ടണ്‍ ഡിസി,ലണ്ടന്‍,അമേരിക്ക,ഫ്രാന്‍സ്,ഓസ്ട്രിയ,ഓസ്‌ട്രേലിയ,ന്യൂസിലാന്റ്,സ്വിറ്റ്‌സര്‍ലാന്റ്,അയര്‍ലാന്റ് അടക്കം വിവിധ ലോകരാജ്യങ്ങളിലേക്കും അനുജാതിന്റെ ഈ ചിത്രത്തിന്റെ പകര്‍പ്പുകള്‍ ശേഖരിപ്പക്കപ്പെട്ടതായി അനുജാതിന്റെ പിതാവ് വിനയ് ലാല്‍ പറഞ്ഞു.

2019 ലെ സംസ്ഥാന ബജറ്റിന്റെ പുറംചട്ടയും ഈ ചിത്രമായിരുന്നു.രാജ്യത്തെ കുട്ടികളില്‍ പുതിയൊരു അമ്മക്കാഴ്ച സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ മുഴുവന്‍ ഭാഷകളിലും ചിത്രപുസ്തകമായി ഇത് പ്രസിദ്ധീകരിക്കാന്‍ പോകുകയാണെന്നും അനുജാത് പറഞ്ഞു.എന്‍ബിടി ഇന്ത്യയാണ് പ്രസാധകര്‍.മലയാളം-ഇംഗ്ലീഷ് പതിപ്പുകളാണ് ആദ്യം പുറത്തിറങ്ങുന്നത്.ഐക്യരാഷ്ട്ര സഭയുടെ 'നമുക്കുണ്ട് ഊര്‍ജ്ജം' എന്ന ആഗോള കാംപയിന് ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടതും അനുജാത് വരച്ച ചിത്രമായിരുന്നു.പ്രഥമ ക്ലിന്റ് മെമ്മോറിയല്‍ രാജ്യാന്തര ചിത്രരചനാ മല്‍സരത്തിലും അനുജാതായിരുന്നു ജേതാവ്.ഇത്തരത്തില്‍ നിരവധി ദേശീയവും അന്തര്‍ദേശിയവുമായ പുരസ്‌ക്കാരങ്ങളാണ് ഇക്കാലയളവിനുള്ളില്‍ അനുജാതിനെ തേടിയെത്തിയത്.വരയില്‍ മാത്രമല്ല അഭിനയത്തിലും അനുജാത് തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.മരമച്ചന്‍ എന്ന ഹൃസ്വ ചിത്രത്തിലെ അഭിനയ മികവിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റേതടക്കം മുന്നു പുരസ്‌ക്കാരങ്ങള്‍ അനുജാതിനെ തേടിയെത്തിയിരുന്നു.

ഒരു കുഞ്ഞു വൃക്ഷത്തൈ നടാന്‍ പോലും ഒരു തുണ്ടു ഭൂമിയില്ലാത്ത അനേകായിരം കുഞ്ഞുങ്ങളുടെ പ്രതിനിധിയായ അനാഥ ബാലന്റെ വേഷപ്പകര്‍ച്ചയ്ക്കായിരുന്നു അനുജാതിനെ തേടി പുരസ്‌കാരങ്ങള്‍ എത്തിയത്.കലയുടെ അളവറ്റ ആനന്ദവും അതിരറ്റ സ്വാതന്ത്ര്യവും അനുഭവിക്കാനും കലയുടെ ജൈവികത തിരിച്ചുപിടിക്കാനുള്ള ബദല്‍ വഴി തേടാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അനുജാത് പറയുന്നു. ഇതിനായുള്ള കാപയിന്‍ ആരംഭിച്ചുകഴിഞ്ഞു.പിതാവ് വിനയ്‌ലാല്‍ സദാസമയവും അനുജാതിന് സര്‍വ്വ പിന്തുണയുമായി ഒപ്പമുണ്ട്.

'എനിക്ക് ചുറ്റും എന്തെന്ത് കാഴ്ചകള്‍ എന്ന പേരില്‍ അനുജാതിന്റെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനം എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. ഈ മാസം 20 വരെ ഇവിടെ പ്രദര്‍ശനമുണ്ടാകും. കോഴിക്കോട്,തിരുവനന്തപുരം എന്നിവടങ്ങളിലും അനുജാതിന്റെ ചിത്രപ്രദര്‍ശനം ഉണ്ടാകും.തങ്ങള്‍ക്ക് ചുറ്റുമുള്ള കാഴ്ചകളിലേക്ക് കുട്ടികളെ ഉന്മുഖരാക്കുന്ന ചിത്രപ്രദര്‍ശനമാണിതെന്ന് അനുജാതിന്റെ പിതാവ് വിനയ് ലാല്‍ പറഞ്ഞു.തൃശൂര്‍ ചെമ്പൂക്കാവ് എം ജി നഗര്‍(കുണ്ടുവാറ) ഹരിത വനത്തില്‍ പരേതയായ സിന്ധുവിന്റെയും ഡിസൈനര്‍ വിനയ് ലാലിന്റെയും മകനാണ് അനുജാത്.ഹൈദരാബാദ് എന്‍ ഐ എഫ് ടി വിദ്യാര്‍ഥി അഭ്യൂദയ് സിന്ധു വിനയ് ലാല്‍ സഹോദരനാണ്.

Next Story

RELATED STORIES

Share it