Cricket

അഞ്ചാം ടെസ്റ്റില്‍ മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ട് തകരുന്നു

അഞ്ചാം ടെസ്റ്റില്‍ മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ട് തകരുന്നു
X

ലണ്ടന്‍: അഞ്ചാം ടെസ്റ്റില്‍ മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ട്് തകരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയിലാണുള്ളത്. അവസാന ടെസ്റ്റ് മല്‍സരത്തിലിറങ്ങിയ അലിസ്റ്റര്‍ കുക്കാണ് ഒന്നാം ദിനം ഇംഗ്ലണ്ടിനെ കരകയറ്റിയത്. തന്റെ ഭാഗ്യ പിച്ചായ കെന്നിങ്ടണ്‍ ഓവലില്‍ ഇത്തവണയും കുക്കിന് ഫോം കണ്ടെത്താനായി. കഴിഞ്ഞ നാലു ടെസ്റ്റുകളിലും റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച കുക്ക് ഇന്നലെ നിര്‍ണായകമായ 71 റണ്‍സ് ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്താണ് മടങ്ങിയത്. ബട്ട്‌ലറും (11*) ആദില്‍ റഷീദുമാണ് (4*) ക്രീസില്‍.
കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ അഞ്ചാം ടെസ്റ്റിനിറങ്ങിയത്. യുവതാരം ഹനുമ വിഹാരിയുടെ അരങ്ങേറ്റ മല്‍സരമായിരുന്നു ഇന്നലെ. ഓഫ് സ്പിന്നര്‍ അശ്വിനെയും ഹാര്‍ദിക് പാണ്ഡ്യയെയും അവസാന മല്‍സരത്തില്‍ ടീമില്‍ നിന്ന് തഴഞ്ഞപ്പോള്‍ അശ്വിന് പകരക്കാരനായി രവീന്ദ്ര ജഡേജയെയും പാണ്ഡ്യക്ക് പകരം വിഹാരിയെയും ടീമിലെടുത്തു.
താരങ്ങളെല്ലാം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അവസാന മല്‍സരം കളിക്കുന്ന കുക്കിനെ വരവേറ്റത്.
ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. മല്‍സര പരിചയമുള്ള പിച്ചില്‍ കുക്കാണ് ഇന്ത്യന്‍ ബൗളര്‍മാരെ വട്ടം കറക്കിയത്. സ്‌കോര്‍ 60ല്‍ നില്‍ക്കേ 23 റണ്‍സെടുത്ത കീറ്റന്‍ ജെന്നിങ്‌സിനെ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ച് ജഡേജ കൂട്ടുപൊളിച്ചു. പിന്നീട് മൊയീന്‍ അലിയോടൊപ്പം (48*) ബാറ്റേന്തിയ കുക്ക് വീണ്ടും നിലയുറപ്പിച്ച് കളിക്കാന്‍ തുടങ്ങി. ഇംഗ്ലണ്ട് 100 തികച്ച പിന്നാലെ തന്നെ അര്‍ധ സെഞ്ച്വറി കുറിച്ച് കുക്ക് അവസാന മല്‍സരം തന്റേതാക്കി. ചായയ്ക്കു പിരിയുമ്പോള്‍ 123 ലായിരുന്നു ഇംഗ്ലണ്ട്. ബാറ്റിങ് പുനരാരംഭിച്ച് 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന കുക്കിനെ ബൂംറ വിക്കറ്റിന് മുന്നില്‍ കുരുക്കി. തുടര്‍ന്ന് വന്ന ജോ റൂട്ടും ജോണി ബെയര്‍‌സ്റ്റോയും സംപൂജ്യരായി മടങ്ങി. പിന്നീടെത്തിയ ബെന്‍ സ്റ്റോക്‌സിന് (11) കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അപ്പോള്‍ സ്‌കോര്‍ അഞ്ചിന് 171. പിന്നാലെ സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് കൂടി ചേര്‍ന്നപ്പോള്‍ കൃത്യം അര്‍ധ സെഞ്ച്വറിയെടുത്ത് മൊയീന്‍ അലിയും മടങ്ങി. പിന്നാലെ സാം കുറാനും (0) പവലിയനിലേക്ക്.
ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബൂംറയും രവീന്ദ്ര ജഡേജയും രണ്ട് വീതവും ഇശാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.
Next Story

RELATED STORIES

Share it