ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില എന്തുകൊണ്ട് വര്‍ധിക്കുന്നു?

ഡോ. ടി എം തോമസ് ഐസക്
കോഴിക്കോട്: പാചകവാതകത്തിന്റെ വില വര്‍ധിച്ച് ആയിരം കടന്നു. ചരിത്രത്തിലാദ്യമാണ് ഇത്രയും വിലവര്‍ധന. പലരും പാചകവാതകത്തില്‍നിന്ന് മാറിക്കഴിഞ്ഞു. കാരണം പിടിച്ചുനില്‍ക്കാനാവുന്നില്ല. പാചകവാതകവില എന്തുകൊണ്ടാണ് വര്‍ധിക്കുന്നതെന്നാണ് മുന്‍ കേരള ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഫേസ്ബുക്കില്‍ വിശദീകരിക്കുന്നത്.
അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ആദ്യമായി സിലിണ്ടര്‍ ഒന്നിന് ആയിരംരൂപയെന്ന ചരിത്ര റെക്കോര്‍ഡ് കടന്നിരിക്കുകയാണ്. ഉയര്‍ന്ന വില താങ്ങാനാവാതെ പല കുടുംബങ്ങളും പാചകവാതക ഉപയോഗത്തില്‍ നിന്നു പിന്മാറുകയാണ്. ഇന്ത്യയിലെ 99 ശതമാനം കുടുംബങ്ങളും എല്‍പിജി കണക്ഷന്‍ ഉണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. പക്ഷെ 2019-21ലെ ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം 59 ശതമാനം കുടുംബങ്ങളേ പാചകവാതകം ഉപയോഗിക്കുന്നുള്ളൂ. ഗുണഭോക്തൃ വില സൂചികയിലെ കുതിപ്പിനു പിന്നിലെ ഒരു ഘടകം പാചകവാതകവില വര്‍ദ്ധനവാണ്.
എന്തുകൊണ്ട് ഈ വിലക്കയറ്റം? 2020 ഒക്ടോബര്‍ മുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അന്തര്‍ദേശീയ വില വര്‍ദ്ധനവ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. ഒരു മെട്രിക് ടണ്ണിന് 400 ഡോളറില്‍ താഴെയായിരുന്ന ഗ്യാസിന്റെ വില ഇപ്പോള്‍ 910 ഡോളറായി ഉയര്‍ന്നിരിക്കുകയാണ്.
ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് പാചകവാതകത്തിനു സബ്‌സിഡി നല്‍കുന്നത്. സര്‍ക്കാര്‍ നിയന്ത്രിത വിലയ്ക്ക് പാചകവാതക സിലിണ്ടര്‍ ഏജന്‍സികളില്‍ നിന്ന് ഉപഭോക്താക്കള്‍ വാങ്ങുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. എന്നാല്‍ ഇതുമാറ്റി ഉപഭോക്താക്കള്‍ കമ്പോളവിലയ്ക്ക് ഗ്യാസ് സിലണ്ടര്‍ വാങ്ങുക. നിയന്ത്രിതവിലയും കമ്പോളവിലയും തമ്മിലുള്ള വ്യത്യാസം സബ്‌സിഡിയായി നേരിട്ടു ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് എത്തിക്കുക. ഇതാണ് ഇപ്പോള്‍ നിലവിലുള്ള സമ്പ്രദായം.
പതിവുപോലെ രണ്ടാം യുപിഎ സര്‍ക്കാരാണ് ഇതിനും തുടക്കംകുറിച്ചത്. 2013 ജൂണ്‍ മാസത്തില്‍ വീരപ്പമൊയ്‌ലി പാചകവാതകത്തിന്റെ വില നേരിട്ട് ഗുണഭോക്താവിനു നല്‍കുന്ന സ്‌കീം (DBTL) 20 ജില്ലകളില്‍ ഉദ്ഘാടനം ചെയ്തു. 12 ഗ്യാസ് സിലിണ്ടറിനേ ഒരു വര്‍ഷം ഇങ്ങനെ സഹായം ലഭിക്കൂ. വാങ്ങുന്നമുറയ്ക്ക് സബ്‌സിഡി അക്കൗണ്ടില്‍ എത്തും. ഗ്യാസിനു മാത്രമല്ല, റേഷനും വളത്തിനുമെല്ലാം ഇതേ സമ്പ്രദായം കൊണ്ടുവരാനായിരുന്നു ലക്ഷ്യമിട്ടത്.
ഇടതുപക്ഷം ഇതിനെ ശക്തമായി എതിര്‍ത്തു. കാരണം പ്രത്യക്ഷത്തില്‍ വളരെ നല്ലതെന്നു തോന്നാമെങ്കിലും ക്രമേണ സബ്‌സിഡി ഇല്ലാതാക്കുന്നതിനുള്ള ഉപായമാണ് ഇത്. ലോകബാങ്ക് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നടപ്പാക്കിയ DBTL സ്‌കീമുകളെല്ലാം പര്യവസാനിച്ചത് സബ്‌സിഡികള്‍ ഇല്ലാതാക്കുന്നതിലാണ്. മെക്‌സിക്കോയില്‍ ആയിരുന്നു 1993ല്‍ ആദ്യമായി ഈ പരീക്ഷണം നടത്തിയത്. ഇതു തന്നെയാണ് ഇന്ത്യയിലും ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ആരംഭിച്ച സ്‌കീം മോദി സര്‍ക്കാര്‍ ദേശവ്യാപകമാക്കി. കമ്പോളവിലയ്ക്ക് സിലിണ്ടര്‍ വാങ്ങാന്‍ തുടങ്ങിയ ഉപഭോക്താക്കള്‍ക്ക് ആദ്യം കൃത്യമായി സബ്‌സിഡി നല്‍കി. പിന്നീട് നല്‍കുന്നതിനു കാലതാമസം വരുത്തിത്തുടങ്ങി. അതിനിടയില്‍ സബ്‌സിഡി വേണ്ടുവന്നു സ്വമേധയാ തീരുമാനിക്കാനുള്ള കാമ്പയിനും ആരംഭിച്ചു. ഇങ്ങനെ മിച്ചംവരുന്ന തുക ഗ്രാമങ്ങളില്‍ പാവപ്പെട്ടവര്‍ക്കു സൗജന്യ കണക്ഷന്‍ നല്‍കാന്‍ ഉപയോഗിക്കും എന്നായിരുന്നു പ്രചാരണം. ഇത്തരം പ്രചാരണ കോലാഹലങ്ങള്‍ക്കിടയില്‍ സബ്‌സിഡി നല്‍കുന്നത് അവസാനിപ്പിച്ചു. 2020 നവംബറിനു ശേഷം സബ്‌സിഡിയേ നല്‍കിയിട്ടില്ല. സബ്‌സിഡൈസ് പാചകവാതകത്തിന്റെ വിലയും പ്രഖ്യാപിക്കുന്നതു നിര്‍ത്തി.
അങ്ങനെ ഇപ്പോള്‍ അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഉണ്ടാവുന്ന വില വര്‍ദ്ധനവു മുഴുവന്‍ ഇന്ത്യയിലെ ഉപഭോക്താവിന്റെ ചുമലില്‍ വന്നു പതിക്കുകയാണ്. മോദി സര്‍ക്കാരിന് ഇതിലും വലിയ ഉപഭോക്തൃവഞ്ചന നടത്താനാവില്ല.
RELATED STORIES
അട്ടപ്പാടിയില് വീണ്ടും നവജാത ശിശു മരണം
28 Jun 2022 5:32 AM GMTതാരസംഘടനയായ അമ്മയില് നിന്നുള്ള തന്റെ രാജി കൃത്യമായ തീരുമാനമാണെന്ന്...
28 Jun 2022 5:01 AM GMTസ്വര്ണ കടത്ത് പ്രതി അര്ജുന് ആയങ്കിയുമായി ബന്ധം;വടകരയില് സിപിഎം...
28 Jun 2022 4:46 AM GMTസംസ്ഥാനത്ത് ജൂലായ് ഒന്ന് വരെ വ്യാപക മഴക്ക് സാധ്യത;ഇന്ന് 11 ജില്ലകളില്‍ ...
28 Jun 2022 4:18 AM GMTനടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്...
28 Jun 2022 3:57 AM GMTപൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം: സംസ്ഥാനത്ത് ആകെ കേസുകള് 835,...
28 Jun 2022 3:55 AM GMT