Emedia

ഫാഷിസ്റ്റ് ഭരണകര്‍ത്താക്കള്‍ക്ക് മാതൃകയായി കലിക്കറ്റ് സര്‍വ്വകലാശാലയുടെ രണ്ട് ഉത്തരവുകള്‍

ഫാഷിസ്റ്റ് ഭരണകര്‍ത്താക്കള്‍ക്ക് മാതൃകയായി കലിക്കറ്റ് സര്‍വ്വകലാശാലയുടെ രണ്ട് ഉത്തരവുകള്‍
X

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ സെപ്തംബര്‍ 5ന് അദ്ധ്യാപക ദിനത്തില്‍ പുറത്തിറക്കിയ രണ്ട് ഉത്തരവുകള്‍ ഫാഷിസ്റ്റ് നിയന്ത്രണങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന വിമര്‍ശവുമായാണ് അധ്യാപകനും എഴുത്തുകാരനുമായ ആസാദ് ഫേസ് ബുക്കില്‍ കുറിക്കുന്നത്.

ഡോ. ആസാദ്

അദ്ദേഹത്തിന്റെ പോസ്റ്റില്‍നിന്ന്

കലിക്കറ്റ് സര്‍വ്വകലാശാല ഈയിടെ പുറത്തിറക്കിയ രണ്ട് ഉത്തരവുകള്‍ ശ്രദ്ധയില്‍ പെട്ടു. സര്‍വ്വകലാശാലയുടെ അധികാരികള്‍ സ്വയംഭരണാവകാശവും ജനാധിപത്യവും എങ്ങനെ പരിപാലിക്കുന്നുവെന്ന് ഈ ഉത്തരവുകള്‍ പറയും.

സെപ്തംബര്‍ 5ന് അദ്ധ്യാപക ദിനത്തില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ നോക്കൂ. സര്‍വ്വകലാശാലയിലെ പഠന ചെയറുകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശമാണത്. ചെയറുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും അതില്‍ വിഷയം അവതരിപ്പിക്കുന്നവരുടെ പ്രഭാഷണങ്ങളിലും സര്‍വ്വകലാശാലയുടെ അക്കാദമിക താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചാല്‍ പോരാ. ഒപ്പം സര്‍വ്വകലാശാലയുടെയും യു ജി സിയുടെയും സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളുടെയും നയങ്ങള്‍ക്കെതിരല്ല എന്ന് ഉറപ്പുവരുത്തുകയും വേണം.

ഒറ്റനോട്ടത്തില്‍ അതുശരിയല്ലേ എന്നു തോന്നുന്നവരുണ്ടാകും. എന്നാല്‍, പുതിയ വിദ്യാഭ്യാസ നയത്തെപ്പറ്റിയോ പൗരത്വ ഭേദഗതി ബില്ലിനെപ്പറ്റിയോ പാഠ്യപദ്ധതിയുടെ വര്‍ഗീയവത്കരണത്തെ പറ്റിയോ ഭരണകൂടവും ജനങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തെ പറ്റിയോ വികസനത്തിന്റെ രാഷ്ട്രീയത്തെ പറ്റിയോ ഇനി ഒരു ചെയറിനും സ്വതന്ത്രമായ ചര്‍ച്ചകള്‍ നടത്താന്‍ കഴിയുകയില്ല. ഏതു വിഷയത്തിലെയും ഭിന്നാഭിപ്രായം മേല്‍ പറഞ്ഞ സ്ഥാപനങ്ങളുടെ നയങ്ങള്‍ക്ക് എതിരാണെന്ന് വ്യാഖ്യാനിക്കാന്‍ സാദ്ധ്യതകളേറെ. അധികാരമുള്ളവരുടെ താല്‍പ്പര്യമേ നടക്കാവൂ എന്ന ശാഠ്യം അക്കാദമിക താല്‍പ്പര്യമല്ലെന്ന് സര്‍വ്വകലാശാലാ അധികാരികളെ ഓര്‍മ്മിപ്പിക്കുന്നു.





രണ്ടാമത്തെ വിചിത്രമായ ഉത്തരവ് യോഗങ്ങളില്‍ വിയോജനക്കുറിപ്പു രേഖപ്പെടുത്തുന്നതു സംബന്ധിച്ചാണ്. സിന്‍ഡിക്കേറ്റ് യോഗത്തിലെ വിയോജനക്കുറിപ്പുകള്‍ ഭരണമുന്നണിക്ക് തലവേദന സൃഷ്ടിക്കുമത്രെ. അതിനാല്‍ ഭൂരിപക്ഷവിഭാഗം അംഗീകരിക്കുന്ന വിയോജനക്കുറിപ്പുകള്‍ മാത്രമേ മിനുട്‌സില്‍ രേഖപ്പെടുത്താവൂ എന്നാണ് കലിക്കറ്റ് സര്‍വ്വകലാശാലാ ഉത്തരവില്‍ പറയുന്നത്. അതിനര്‍ത്ഥം യോജിപ്പും വിയോജിപ്പും ഇനി തീരുമാനിക്കുക ഭരണപക്ഷമാകും എന്നാണ്. എന്തൊരു ജനാധിപത്യ ബോധം!

അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി വാ തോരാതെ സംസാരിക്കുന്നവരാണ്. ഫാഷിസത്തെ തോല്‍പ്പിക്കാന്‍ കച്ചകെട്ടി അങ്കത്തട്ടില്‍ ചാടിയ പടനായകരാണ്! കലിക്കറ്റ് സര്‍വ്വകലാശാലയിലെ ഇടതുപക്ഷ സിന്‍ഡിക്കേറ്റ് രാജ്യത്തെ സകലഫാഷിസ്റ്റ് ഭരണകര്‍ത്താക്കള്‍ക്കും മാതൃകയും കീഴ് വഴക്കവും സൃഷ്ടിച്ചു നല്‍കുന്നു!

ജനാധിപത്യ ബോധമുള്ളവര്‍ പ്രതിഷേധിക്കണം. അക്കാദമിക സ്വാതന്ത്ര്യം ഇതൊന്നുമല്ലെന്ന് ഉറക്കെ പറയണം. രണ്ട് ഉത്തരവുകളും റദ്ദുചെയ്യാന്‍ സര്‍വ്വകലാശാലയോട് ആവശ്യപ്പെടണം.

Next Story

RELATED STORIES

Share it