രണ്ട് പെരുന്നാളുകള്‍; ഹൃദയം തൊട്ടുണര്‍ത്തി റാസിഖ് റഹീം എഴുതുന്നു

പ്രകൃതിയൊരുക്കിയ 'പ്രതികാര'ത്തില്‍ പല കൂടപ്പിറപ്പുകള്‍ക്കും പെരുന്നാള്‍ ആഘോഷിക്കാനാവാതെ കിടക്കുമ്പോള്‍, സേവനസന്നദ്ധരായവര്‍ നിരവധിയാണ്. അതേസമയം തന്നെ നിയമവ്യവസ്ഥയുടെ ക്രൂരതയില്‍ അങ്ങകലെ ഭോപാലിലെ ഏകാന്തതടവില്‍ പെരുന്നാളറിയാതെ പോയ കൂടപ്പിറപ്പുകള്‍ കൂടിയുണ്ടായിരുന്നു.

രണ്ട് പെരുന്നാളുകള്‍; ഹൃദയം തൊട്ടുണര്‍ത്തി റാസിഖ് റഹീം എഴുതുന്നു

കോഴിക്കോട്: കേരളത്തിന്റെ ഹൃദയം കീറിമുറിച്ച പ്രളയം പെരുന്നാള്‍ ആഘോഷത്തിന് മങ്ങലേല്‍പ്പിച്ചെങ്കിലും ദുരിതാശ്വാസവും ശുചീകരണവും കൊണ്ട് നാടെങ്ങും കൂടെച്ചേരുകയായിരുന്നു. പ്രകൃതിയൊരുക്കിയ 'പ്രതികാര'ത്തില്‍ പല കൂടപ്പിറപ്പുകള്‍ക്കും പെരുന്നാള്‍ ആഘോഷിക്കാനാവാതെ കിടക്കുമ്പോള്‍, സേവനസന്നദ്ധരായവര്‍ നിരവധിയാണ്. അതേസമയം തന്നെ നിയമവ്യവസ്ഥയുടെ ക്രൂരതയില്‍ അങ്ങകലെ ഭോപാലിലെ ഏകാന്തതടവില്‍ പെരുന്നാളറിയാതെ പോയ കൂടപ്പിറപ്പുകള്‍ കൂടിയുണ്ടായിരുന്നു. വൈകല്യം മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ കോഴിക്കോട്ടെ റഈസ് ഹിദായയെ കുറിച്ചും സിമി ബന്ധം ആരോപിച്ച് തടവില്‍ കഴിയുന്ന ഷിബിലിയെ കുറിച്ചും സിമി ബന്ധം ആരോപിച്ച് തന്നെ വര്‍ഷങ്ങളോളം ജയിലിലടയ്ക്കപ്പെട്ട് ഈയിടെ കുറ്റവിമുക്തനാക്കപ്പെട്ട് വീടണഞ്ഞ റാസിഖ് റഹീം ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ഏതൊരു മനുഷ്യസ്‌നേഹിയുടെയും ഹൃദയം തൊട്ടുണര്‍ത്തുന്നതാണ്.

റാസിഖ് റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രണ്ട് പെരുന്നാളുകള്‍!

ഒന്ന്

പെരുന്നാള്‍ സന്ദേശമയയച്ചിട്ട് മറുപടിയൊന്നും കിട്ടാതിരുന്നപ്പോള്‍ തന്നെ മനസ്സിലായി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായിരിക്കും റഈസ് Raees hidaya എന്ന്. ആഴ്ച ഒന്നു കഴിഞ്ഞപ്പോഴേക്കും വന്നു പെരുന്നാള്‍ ദിവസങ്ങളിലെ പ്രളയ വിശേഷങ്ങളുമായി റഈസിന്റെ മറുപടി. '32 വര്‍ഷത്തെ ജീവിതത്തിനിടയില്‍ അപകടത്തിന്റെ കാഠിന്യമുണ്ടായിരുന്ന നാളുകളൊഴിച്ചാല്‍ ആദ്യമായാണ് കുളിക്കാതെ ഒരു പെരുന്നാള്‍ ദിവസം കടന്നുപോവുന്നത്. ആ ദിവസങ്ങളില്‍ വീട്ടിലാകെ തിരക്കായിരുന്നു. കോഴിക്കോട്ടേയും മലപ്പുറത്തേയും സുഹൃത്തുക്കളോടൊപ്പം കണ്ണൂരു നിന്നും ആലപ്പുഴയില്‍ നിന്നും വന്ന വോളന്റിയര്‍മാര്‍ കൂടെ വീട്ടിലായപ്പോള്‍ ആകെ തിരക്കുപിടിച്ച സമയങ്ങള്‍. 'റിലീഫ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും സന്നദ്ധ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചും 'കുളിക്കാന്‍' കഴിയാതെ പോയ റഈസിന്റെ പെരുന്നാളിന് അത്തര്‍ മണമില്ലെങ്കിലും സഹജീവി സ്‌നേഹത്തിന്റെ സ്പര്‍ശമുണ്ട്. 'കര്‍മങ്ങള്‍ കഴിഞ്ഞു. ഇനി റബ്ബിന്റടുക്കലുള്ള സ്വീകാര്യത(ഖബൂലിയത്ത്)ക്കായി പ്രാര്‍ഥിക്കണ'മെന്ന വസിയത്തോടെ റഈസ് സംഭാഷണം നിര്‍ത്തി.

രണ്ട്

രണ്ടാമത്തേത് ഷിബിലിയുടെ(ശാദുലിയുടെയും അന്‍സാറിന്റെയും) പെരുന്നാളായിരുന്നു. പതിവുപോലെ അറഫയുടെ പിറ്റേന്നായിരുന്നു അവര്‍ക്കും പെരുന്നാള്‍. പക്ഷേ, അങ്ങനെയൊരു പെരുന്നാള്‍ കടന്നുപോയത് അവര്‍ അറിഞ്ഞിരുന്നില്ലെന്ന് മാത്രം! കഴിഞ്ഞ ദിവസം മക്കളെ കാണാനായി ഭോപാലിലെ അതീവ സുരക്ഷാ ജയിലില്‍ ഷിബിലിയുടെ മാതാപിതാക്കള്‍ ചെന്നപ്പോഴാണ് പെരുന്നാള്‍ കടന്നുപോയ വിവരം അവരറിയുന്നത്. ബാക്കി വിശേഷങ്ങള്‍ സങ്കടം ഘനീഭവിച്ച വാക്കുകളില്‍ കരീം സാര്‍ തന്നെ പറയട്ടെ: 'മാസങ്ങള്‍ കൂടിയാണ് പോകുന്നതെങ്കിലും ഒരാഴ്ചയില്‍ 15 മിനിറ്റാണ് കാണാന്‍ അനുവദിക്കുന്നത്. കാണുക എന്നാല്‍ അകലെ ചില്ലിട്ട കൂട്ടിലാണ് അവര്‍ നില്‍ക്കുന്നത്. ഫോണിലൂടെയാണ് സംസാരം. ഞങ്ങള്‍ 3 പേരുണ്ടായിരുന്നു. 3 പേര്‍ക്ക് കൂടി കിട്ടിയത് 15 മിനിറ്റ്. അത് വീതംവച്ചാല്‍ എന്താണ് കിട്ടുന്നത്? എന്നാലും ഉള്ള സമയത്ത് വിശേഷങ്ങള്‍ പറഞ്ഞു. 'ദിവസത്തില്‍ ഒരു മണിക്കൂറാണ് സെല്ലിന് പുറത്തേക്ക് വിടുന്നത്. അല്ലാത്തപ്പോഴൊക്കെ ഏകാന്ത തടവാണ്. ഇപ്പോള്‍ മഴക്കാലമാണ്. അതീവ സുരക്ഷാ ജയിലാണെങ്കിലും സെല്ലുകള്‍ ചോരുന്നുണ്ട്. മഴ വന്നാല്‍ സെല്ലില്‍ കിടക്കാന്‍ കഴിയില്ല. നനയാതെ ഏതെങ്കിലും മൂലയിലേക്ക് മാറിയിരിക്കും.' വാക്കുകള്‍ കൂട്ടിക്കെട്ടി സംസാരിച്ചു തുടങ്ങിയപ്പോഴേക്കും അപ്പുറത്ത് ഫോണ്‍ ഡിസ്‌കണക്റ്റായി. അനുവദിച്ച15 മിനിറ്റ് കഴിഞ്ഞിരിക്കുന്നു.

അറിയാതെപോയ പല പെരുന്നാളുകളോടൊപ്പം ഒരു പെരുന്നാള്‍ കൂടി അവര്‍ ചേര്‍ത്തുവച്ചു.

RELATED STORIES

Share it
Top