- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'കൈരളീവിലാസം ലോഡ്ജി'നെ ഓര്‍മിക്കുമ്പോള്‍
പഴയൊരു ദൂരദര്‍ശന്‍ പരമ്പരക്ക് കഥയും തിരക്കഥയും ഒരുക്കിയ അനുഭവം പങ്കുവയ്ക്കുകയാണ് എഴുത്തുകാരന്‍ സക്കറിയ

പോള്‍ സക്കറിയ
തിരുവനന്തപുരം: പഴയൊരു ദൂരദര്‍ശന്‍ പരമ്പരക്ക് കഥയും തിരക്കഥയും ഒരുക്കിയ അനുഭവം പങ്കുവയ്ക്കുകയാണ് എഴുത്തുകാരന്‍ സക്കറിയ. സമകാലികതയില്‍ നിന്ന് പഴയ കാലത്തേക്കുള്ള കൗതുകത്തോടെയും വേദനയോടെയുമുളള ഒരു നോട്ടമെന്നും പറയാം.
മലയാളികളുടെ പ്രിയങ്കര നടനും എന്റെ പ്രിയ സുഹൃത്തുമായ നെടുമുടി വേണു ചില നല്ല ഓർമ്മകൾ പുതുക്കിക്കൊണ്ട് ഈയിടെ അയച്ചു തന്നതാണ് ഇക്കൂടെയുള്ള ചിത്രങ്ങൾ. "കൈരളീവിലാസം ലോഡ്ജ്" എന്ന ദൂരദർശൻ പരമ്പരയുടെ ചിത്രാഞ്ജലിയിലെ സെറ്റിൽ വച്ചെടുത്തത്. 1987-88 ലായിരുന്നു ഷൂട്ട്. 88 ൽ (വർഷം ശരിയെന്നു കരുതുന്നു) തിരുവനന്തപുരം കേന്ദ്രം 13 എപ്പിസോഡുകളായി അത് സംപ്രേഷണം ചെയ്തു. സംവിധാനം ചെയ്തതും ഒരു പ്രധാന റോളിൽ അഭിനയിച്ചതും വേണുവായിരുന്നു. കഥയും തിരക്കഥയും എഴുതിയത് ഞാനും.
ശശികുമാർ (ഏഷ്യാനെറ്റ് സ്ഥാപകൻ) ഡൽഹിയിൽ പിടിഐ ടിവിയുടെ ചീഫ് പ്രൊഡ്യൂസർ ആയിരിക്കുമ്പോളാണ് അദ്ദേഹം ആളുകൾക്ക് ചിരിക്കാൻ വക നൽകുന്ന ഒരു പരമ്പരയുടെ സാധ്യത എന്നോട് അന്വേഷിച്ചത്. ചിരിപ്പിക്കൽ ഒട്ടും എളുപ്പമല്ലെങ്കിലും എനിക്ക് സ്വന്തമായി ചിരിക്കാനുള്ള കഴിവെങ്കിലും ഉണ്ട് എന്ന വിശാസത്തിൽ ഞാൻ അതേറ്റെടുത്തു.
എന്നിട്ട് എന്റെ കൂട്ടുകാരൻ മോൻകുട്ടൻ എന്ന കാവാലം പദ്മനാഭനെ (താളവാദ്യങ്ങളുടെയും വീണയുടെയും പുല്ലാംകുഴലിന്റെയും ഉസ്താദ്. ബഹുമുഖസഹൃദയൻ. കാവാലം നാരായണപ്പണിക്കരുടെ ജേഷ്ഠസഹോദരപുത്രൻ) തട്ടിയെടുത്തു കൊണ്ട് ഹരിദ്വാറിലേക്കു യാത്രയായി. മണി മുഴങ്ങുന്നത് കേൾക്കാനല്ല (അതും നല്ലതു തന്നെ) ഗംഗയിൽ കുളിച്ചു താമസിച്ചുകൊണ്ട് സ്ക്രിപ്റ്റ് എഴുതാൻ. കാലത്തൊരു കുളി വൈകിട്ടൊരു കുളി. പറ്റിയാൽ ഇടക്കൊരു കുളി. മോൻകുട്ടന്റെഹൃദയം നിറഞ്ഞ നർമ്മബോധവും കൃത്യമായ നാടകവേദീജ്ഞാനവും എന്നെ തുണച്ചു. അതുപോലെ തന്നെ ഞങ്ങളുടെ ഒത്തൊരുമിപ്പിന്റെ സൗഖ്യവും.
അങ്ങനെ ആദ്യം ഹരിദ്വാറിലും പിന്നെ ഋഷികേശിലും ഓരോ കുളിച്ചുതാമസങ്ങൾ കഴിഞ്ഞപ്പോൾ 13 ൽ പാതിയോളം എപ്പിസോഡുകൾക്കു ഏകദേശരൂപമായി. ഞങ്ങൾ ഇരുവരുടെയും കെട്ടുകണക്കിനു പാപങ്ങൾ ഗംഗയിലൂടെ ഒഴുകിയും പോയി. (ഗംഗയുടെ മലിനീകരണത്തിന്റെ ആരംഭം അതായിരുന്നോ എന്ന് സംശയിക്കണം) തീർത്ഥാടനകേന്ദ്രത്തിന്റെ ബാർ ആയി പ്രവർത്തിക്കുന്ന തൊട്ടടുത്തുള്ള ജ്വാലാപൂർ ടൗണിലെ നാടൻ മദ്യക്കടകളുടെ സമ്പദ്‌വ്യവസ്ഥക്കു ഞങ്ങളെ കൊണ്ട് ചെറുതല്ലാത്ത പ്രയോജനമുണ്ടായി എന്നതും സ്മരിക്കട്ടെ.
പരമ്പരയുടെ കഥ വേണുവിനെ പറഞ്ഞുകേൾപ്പിക്കുകയും അദ്ദേഹം അത് സംവിധാനം ചെ യ്യാമെന്നു സന്തോഷപൂർവം സമ്മതിക്കുകയും ചെയ്തിരുന്നു. നടീനടന്മാരെ കണ്ടെത്തുന്ന ഉത്തരവാദിത്വവും അദ്ദേഹം ഏറ്റെടുത്തു. (പെട്ടെന്ന് ഓർമ്മവരുന്ന പേരുകൾ: വേണു നാഗവള്ളി, ജഗന്നാഥൻ, കരമന ജനാർദനൻ നായർ, കൃഷ്ണൻ കുട്ടി നായർ, എം എസ് തൃപ്പൂണിത്തുറ - ഇവർ ഇന്ന് നമ്മോടൊപ്പം ഇല്ല - മണിയൻപിള്ള രാജു, ജഗദീഷ്, വിലാസിനി, സിത്താര. ഇന്നസെന്റും ശ്രീനിവാസനും ഗസ്റ്റ് ആർട്ടിസ്റ്റുകൾ. വിട്ടുപോയ പേരുകൾ പലതുണ്ട്, മാപ്പു ചോദിക്കുന്നു.)
ചിത്രാഞ്ജലിയിൽ ലോഡ്ജിന്റെ സെറ്റിട്ടു. എല്ലാം റെഡി. പക്ഷെ ഷൂട്ട് തുടങ്ങുമ്പോൾ എന്റെ കൈവശം, ഗംഗയിലെ എല്ലാ നീരാട്ടങ്ങൾക്കും ശേഷവും, പൂർണമായി റെഡി ആയ എപ്പിസോഡുകൾ രണ്ടോ മൂന്നോ മാത്രം. ഡൽഹിയിൽ നിന്ന് ഷൂട്ട് ദിവസം സ്ക്രിപ്റ്റുമായി വിമാനത്തിൽ പാഞ്ഞെത്തുന്ന ഗുരുതരമായ അവസ്ഥ ഒന്ന് രണ്ടു തവണ ഉണ്ടായി. അതോടെ വേണു പറഞ്ഞു, "ഇത് ശരിയാവില്ല. അപകടം പടിവാതിൽക്കലെത്തി. ഉറച്ചിരുന്ന് എഴുതണം. ഞാൻ എന്റെ വീട്ടിൽ തളച്ചിടാം. മര്യാദയ്ക്ക് എഴുതിക്കാം." അങ്ങനെ ഞാൻ വേണുവിന്റെ കുണ്ടമൺകടവിലെ ദേവൻ മാഷ് പണിത തനിപ്പുത്തൻ വീട്ടിൽ വേണു, സഹധർമിണി സുശീല, വേണുവിന്റെ അമ്മ, കൊച്ചു കുഞ്ഞായ മോൻ, എന്നിവരോടൊപ്പം കുടിപാർപ്പ് ആരംഭിച്ചു.
സുശീലയുടെ സ്നേഹമധുരമായ അധ്യക്ഷതയിലെ ആ ജീവിതം സുന്ദരമായ ഒരു നല്ല കാലമായിരുന്നു. വേണുവിനോട് കൂടിയാലോചിച്ചു എഴുതിയപ്പോൾ സ്ക്രിപ്റ്റിലെ പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരങ്ങൾ ഉണ്ടായി. ഞങ്ങളുടെ കൂട്ടുകൂട്ടലുകളുടെ പരമ്പരകൾ വേറെ. ഭാസ്കരൻ മാഷ് വന്നു. അരവിന്ദൻ വന്നു. വേണുവിന്റെയും എന്റെയും സുഹൃത്തുക്കൾ പലരും വന്നു. എന്റെ ചെറുതായിരുന്ന മകൾ കുറച്ചു ദിവസം വന്നു താമസിച്ചു. ഒരു വൈകുന്നേരം ഭാസ്കരൻ മാഷ് "നഗരം നഗരം" പാടുന്നത് ഓർമ്മയുണ്ട്. പലയിടത്തും സ്വന്തം ട്യൂണിൽ ആണ് മൂപ്പർ പാടുന്നത്! വേണു മൃദംഗത്തിൽ കസറി. ഞാൻ പാലായിൽ നിന്ന് ഒരു മഞ്ഞ ഇല്ലി തൈ കൊണ്ടുവന്നു. വേണു അത് ആറ്റിറമ്പത്തു നട്ടു. പാലായിൽ നിന്ന് വന്നതായതു കൊണ്ട് അത് കാട് ആയിത്തീരാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും വേണു അതിനെ വരുതിയിൽ കൊണ്ടുവന്നു.



അന്ന് ശബ്ദം ലൈവ് ആയി റെക്കോർഡ് ചെയ്യുകയായിരുന്നു എന്ന് വേണു സ്മരിക്കുന്നു. ഡബ്ബിങ് ഇല്ലാതെ യാണ് മുഴുവൻ പരമ്പരയും ചെയ്തു തീർത്തത് . ആ രീതി അക്കാലത്തു അപൂർവമായിരുന്നു.
അഭിനേതാക്കളിൽ കുറച്ചു പേരെ ഈ ചിത്രങ്ങളിൽ കാണാം. പലരും പിന്നീട് പ്രശസ്തരായി. ആദ്യം സൂചിപ്പിച്ചതു പോലെ പലരും കടന്നു പോയി. എന്റെ പ്രിയ കൂട്ടുകാരൻ സുരേഷ് പാട്ടാലിയെ ഞാൻ പ്രത്യേകം ഓർമ്മിക്കുന്നു. ഞങ്ങൾ പാട്ടാലിയെ ബലം പ്രയോഗിച്ചെ ന്ന പോലെ നടനാക്കുകയായിരുന്നു. ഒരു ദുഖിത കാമുകന്റെ റോളാണ് ചെയ്തത്. അഞ്ചു വർഷം കഴിഞ്ഞാണ് പാട്ടാലി ഏഷ്യാനെറ്റിൽ വന്നത്.
പ്രധാനപ്പെട്ട പല ക്രെഡിറ്റുകളും ഈ ചെറിയ കുറിപ്പിൽ കൊടുക്കാൻ കഴിഞ്ഞിട്ടില്ലാത്തതിൽ ദുഖമുണ്ട്. ഞാൻ ഈ പരമ്പരയുടെ രണ്ടോ മൂന്നോ എപ്പിസോഡുകളെ കണ്ടിട്ടുള്ളു. കാണാൻ പേടിയായിരുന്നു - എഴുത്തുകാരന്റെ ഭീരുത്വം. വേണുവും ഞാനും ഇത് ഒന്നുകൂടി കാണാൻ പല ശ്രമങ്ങളും നടത്തി. പരാജയപ്പെട്ടു. ദൂരദർശനിൽ നിന്നും അപ്രത്യക്ഷമായി എന്നാണ് മനസ്സിലാക്കുന്നത്. കാലം അതിനെ എവിടെയോ മറവു ചെയ്തു കഴിഞ്ഞു. കാലം ചരിത്രത്തിന്റെ തന്നെ എത്രയോ പരമ്പരകൾക്ക് സാക്ഷി നിന്നിരിക്കുന്നു ! പിന്നെയല്ലേ ഇത്. എന്നിരുന്നാലും ഇത് വായിക്കുന്ന ഏതെങ്കിലും സുഹൃത്തിനു ഈ പരമ്പരയുടെ കോപ്പി എവിടെയെങ്കിലും ഉള്ളതായി അറിയാമെങ്കിൽ വേണുവിനെയോ എന്നെയോ അറിയിച്ചാൽ വളരെ സന്തോഷമായി. ശുഭം!
RELATED STORIES
കോട്ടയം കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ആശമാർ; ...
28 March 2025 5:00 AM GMTആറാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; സംഭവം പാലക്കാട്
28 March 2025 5:00 AM GMTജമ്മു കശ്മീരില്‍ വിഷം ഉള്ളില്‍ ചെന്ന് മലയാളി സൈനികനും ഭാര്യയും മരിച്ചു
28 March 2025 4:42 AM GMTയുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍
28 March 2025 4:40 AM GMTയുഎസ് യുദ്ധ സെക്രട്ടറിയുടെ കൈയ്യിലെ 'കാഫിര്‍' ടാറ്റൂ ചര്‍ച്ചയാവുന്നു;...
28 March 2025 4:02 AM GMTലഹരി ഉപയോഗത്തിലൂടെ എയ്ഡ്സ് പിടിപെട്ട സംഭവം; ചികിൽസക്ക് സന്നദ്ധരാകാതെ...
28 March 2025 3:51 AM GMT