Top

പാലത്തായി: കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്തിനെ നീക്കണം

പ്രതിപക്ഷവും ഭരണകക്ഷിയും ആരായാലും ഈ ആവശ്യം ഉന്നയിക്കാന്‍ വൈകുന്നത് എന്തെന്ന് എനിക്ക് മനസിലാകുന്നില്ല

പാലത്തായി: കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച  ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്തിനെ നീക്കണം
X

കോഴിക്കോട്: ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി ബാലികാ പീഢനക്കേസില്‍ കുറ്റപത്രത്തില്‍നിന്നു പോക്‌സോ ഒഴിവാക്കുകയും പ്രതിക്ക് ജാമ്യം ലഭിക്കുക്കയും ചെയ്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. കേസിന്റെ ആദ്യഘട്ടം മുതല്‍ അട്ടിമറി നീക്കങ്ങള്‍ തെളിവുസഹിതം പുറത്തുവന്ന സംഭവത്തില്‍, ഏറ്റവുമൊടുവില്‍ ക്രൈബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വിവാദ ശബ്ദസന്ദേശവും സംശയം ബലപ്പെടുത്തുന്നതാണ്. വിഷയത്തില്‍ ഐജി എസ് ശ്രീജിത്തിനെ തദ്സ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ ആവശ്യപ്പെടുന്നത്.

അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പാലത്തായി കേസിലെ സത്യം അന്വേഷിക്കാന്‍ ഇനിയും വസ്തുതകള്‍ ലഭിക്കേണ്ടതുണ്ട്. പ്രാഥമികമായി നോക്കുമ്പോള്‍, പോലിസ് തന്നെ രണ്ടാമത് ഇരയുടെ മൊഴിയെടുത്തത് അടക്കം പ്രതിക്ക് സഹായകമായി വന്നു എന്നാണ്. അതിലേക്ക് പിന്നീട് വരാം, തെളിവുകളുമായി. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാവാത്ത ഒരു കേസിലെ, അന്വേഷണ ഉദ്യോഗസ്ഥന് മാത്രം ലഭ്യമായ വിവരങ്ങള്‍ കോര്‍ത്ത് ഇണക്കി, കേസ് അട്ടിമറിക്കാന്‍ പ്രതിക്ക് അനുകൂലമായി മാറാവുന്ന എല്ലാ പോയിന്റ്‌സും തിരഞ്ഞുപെറുക്കി ഒരു പരിചയവുമില്ലാത്ത ഒരാളോട് ഫോണില്‍ വിശദീകരിച്ചു നല്‍കിയത്, കേസിനു മേല്‍നോട്ടം നടത്തിയ ഐജി ശ്രീജിത്താണ്. അന്വേഷണ ഡയറിയില്‍ പ്രതിഭാഗത്തിനു ഒരുകാലത്തും ആക്‌സസ് ഇല്ലാത്ത വിവരങ്ങളാണ് പോലിസ് തന്നെ ഫോണില്‍ പറഞ്ഞു കൊടുക്കുന്നത് !!

ഐജി ശ്രീജിത്ത് നടത്തിയത് നഗ്‌നമായ നിയമലംഘനമാണ്. അയാളാണോ ഈ കേസ് തുടര്‍ന്നു മേല്‍നോട്ടം വഹിക്കുക? എങ്കില്‍ പിന്നെന്തിനാണ് തുടരന്വേഷണം? പ്രതിയെ വെറുതെവിട്ടാല്‍ പോരെ??. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അറിഞ്ഞുകൊണ്ടാണോ ഇമ്മാതിരി പരിപാടി തുടങ്ങിയത്??. ഈ കേസ് അട്ടിമറിക്കാന്‍ ഇപ്പോള്‍ ഇടപെട്ടത് ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്ത് ആണ്. ശ്രീജിത്തിനെ ആ സ്ഥാനത്ത് നിന്ന് അടിയന്തിരമായി നീക്കണം. ശ്രീജിത്തിന്റെ നടപടിയെപ്പറ്റി അന്വേഷണം വേണം. കേസിന്റെ ചുമതല മറ്റൊരാളെ ഏല്‍പ്പിക്കണം. പ്രതിപക്ഷവും ഭരണകക്ഷിയും ആരായാലും ഈ ആവശ്യം ഉന്നയിക്കാന്‍ വൈകുന്നത് എന്തെന്ന് എനിക്ക് മനസിലാകുന്നില്ല.

പിണറായി വിജയാ, അവനവനു വേണ്ടപ്പെട്ട ഒരാളുടെ പരാതിയിലാണ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ ഐജി കേസ് നടക്കുന്ന സമയത്ത് ഇമ്മാതിരി തോന്ന്യവാസം കാണിച്ചാല്‍ നിങ്ങള്‍ നോക്കി നില്‍ക്കുമോ?. ഇല്ലെങ്കില്‍ പിന്നെ ഇതിലെന്താണ് അമാന്തം?. ഇത് ആ കേസിന്റെ മാത്രം പ്രശ്‌നമല്ല, ക്രൈംബ്രാഞ്ചിന്റെ വിശ്വാസ്യതയുടെ പ്രശ്‌നമാണ്. അവനവനു നേരെ അനീതി വരുമ്പോഴേ മനസ്സിലാവൂ എന്നാണോ??. ഈ കേസില്‍ ഇനി സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ ഐജി ശ്രീജിത്തിനെ ആ സ്ഥാനത്ത് നിന്ന് ഇന്നുതന്നെ മാറ്റണം. അല്ലാതെയുള്ള തുടര്‍അന്വേഷണം പ്രഹസനമാവും. ഈ ആവശ്യം ഞാന്‍ മുഖ്യമന്ത്രിക്ക് പരാതി ആയി അയക്കുന്നു. എന്നോട് യോജിക്കുന്നവര്‍ മുഖ്യമന്ത്രിക്ക് ഇ-മെയില്‍ ആയി പരാതി അയക്കണം. നടപടി ഇല്ലെങ്കില്‍ ബാക്കി കോടതിയില്‍ കാണാം. പോസ്റ്റിനു കീഴില്‍ പിന്തുണ പ്രഖ്യാപിക്കുന്നവര്‍ ഒരു വരി ആവശ്യമെങ്കിലും പരാതി കൊടുക്കാതെ അതില്‍ ആത്മാര്‍ത്ഥത ഉണ്ടെന്നു ഞാന്‍ കരുതില്ല.

Palathayi case: Should be removed from IG Sreejith, the crime branch: Adv. Harish Vasudev


Next Story

RELATED STORIES

Share it