Top

എ എ വഹാബ് സാഹിബ് വിട പറയുമ്പോള്‍ ഓര്‍മയില്‍ തെളിയുന്നത്; കാസിം ഇരിക്കൂറിന്റെ കുറിപ്പ്

'തെറ്റ് കണ്ടാല്‍ മുഖത്ത് നോക്കി ചൂണ്ടിക്കാന്‍ ധൈര്യം കാട്ടാറുള്ള വഹാബ് സാഹിബ്, പാര്‍ട്ടിയിലെ ഓരോ വ്യക്തിയെ കുറിച്ചും നന്നായി മനസ്സിലാക്കിവെച്ചിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടിയും കണക്കുകുട്ടലുകളും എത്രമാത്രം ശരിയാണെന്ന് കാലം തെളിയിച്ചു. കാസിം ഇരിക്കൂര്‍ കുറിച്ചു.

എ എ വഹാബ് സാഹിബ് വിട പറയുമ്പോള്‍  ഓര്‍മയില്‍ തെളിയുന്നത്; കാസിം ഇരിക്കൂറിന്റെ കുറിപ്പ്
X

കോഴിക്കോട്: പ്രമുഖ പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനും കോഴിക്കോട് ഇസ് ലാമിക് യൂത്ത് സെന്റര്‍ സെക്രട്ടറിയുമായിരുന്ന ഡോ.എ എ വഹാബിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ചുകൊണ്ട് ഐഎന്‍എല്‍ നേതാവ് കാസിം ഇരിക്കൂറിന്റെ ഫേസ്ബുക്ക് കുറിപ്പ്. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍നിന്ന് വന്ന യു.എ നസീര്‍, എം.കെ ബാവ തുടങ്ങിയവര്‍ അടങ്ങുന്ന ഞങ്ങളുടെ ടീമില്‍ യഥാര്‍ഥ ക്യാപ്റ്റന്‍ തന്നെയായിരുന്നു എ എ വഹാബെന്ന് കാസിം ഇരിക്കൂര്‍ അനുസ്മരിച്ചു.

'തെറ്റ് കണ്ടാല്‍ മുഖത്ത് നോക്കി ചൂണ്ടിക്കാന്‍ ധൈര്യം കാട്ടാറുള്ള വഹാബ് സാഹിബ്, പാര്‍ട്ടിയിലെ ഓരോ വ്യക്തിയെ കുറിച്ചും നന്നായി മനസ്സിലാക്കിവെച്ചിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടിയും കണക്കുകുട്ടലുകളും എത്രമാത്രം ശരിയാണെന്ന് കാലം തെളിയിച്ചു. ആരുടെ മുന്നിലും ചൂളാറില്ല. സങ്കീര്‍ണ ഘട്ടങ്ങളില്‍ വേദഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് കാര്യങ്ങള്‍ പെട്ടെന്ന് അവതരിപ്പിക്കാനുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. ഉപദേശ രൂപേണ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നത് കൊണ്ട് ആര്‍ക്കും നീരസമുണ്ടാകാറുമില്ല. സത്യസന്ധനും മാന്യനുമായിരുന്നു അദ്ദേഹമെന്ന് ജീവിതാനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു'. കാസിം ഇരിക്കൂര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

  • എ എ വഹാബ് സാഹിബ് വിട പറയുമ്പോള്‍ ഓര്‍മയില്‍ തെളിയുന്നത്

ആഴ്ചകള്‍ക്ക് മുമ്പ് അഭ്യൂഹമായി പരന്ന ആ ദുഃഖവാര്‍ത്ത ഒടുവില്‍ സഹോദരന്മാരില്‍നിന്ന് നേരിട്ട് അറിയാന്‍ കഴിഞ്ഞപ്പോള്‍ ജഗന്നിയന്താവിന്റെ വിധിക്കു മുന്നില്‍ തല കുനിച്ചു. ''കോഴിക്കോട് എം.എസ്.എസ് മസ്ജിദ് ഖത്വീബും പ്രഭാഷകനും ഗ്രന്ഥകാരനും യൂത്ത് സെന്റര്‍ സെക്രട്ടറിയുമായ എന്റെ പ്രിയ ജ്യേഷ്ഠന്‍ എ എ വഹാബ് സാഹിബ് അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു' എന്നാണ് അനുജന്‍ എ ജവാദിന്റെ സന്ദേശത്തില്‍ പറയുന്നത്. വലിയൊരു ചരിത്രവസ്തുത പറയാന്‍ വിട്ടുപോയി. ഇന്ത്യന്‍ നാഷനല്‍ ലീഗിന്റെ സ്ഥാപക നേതാക്കളിലൊരാളും നാഷണല്‍ യൂത്ത് ലീഗ് പ്രഥമ സംസ്ഥാന പ്രഡിഡന്റുമാണ് വഹാബ് സാഹിബ്. ഐ.എന്‍.എല്‍ എന്ന ചോരപ്പൈതലിനെ രാഷ്ട്രീയ തൊട്ടിലില്‍ താരാട്ടുപാടി താലോലിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ കുറിച്ചിടപ്പെട്ട ആ യാഥാര്‍ഥ്യം ആര്‍ക്കും വിസ്മരിക്കാനാവില്ല. എ.എ വഹാബ് സാഹിബിന്റെ വിയോഗവാര്‍ത്ത അറിഞ്ഞപ്പോള്‍ ഒന്നര പതിറ്റാണ്ട് ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകളാണ് മനസ്സില്‍ തികട്ടി വന്നത്. ജീവിത യാത്രയില്‍ കണ്ടുമുട്ടാന്‍ സൗഭാഗ്യം ലഭിച്ച ഉന്നത വ്യക്തിത്വങ്ങളില്‍ ഒരാളാണദ്ദേഹം. സേട്ട് സാഹിബിന്റെ ആദര്‍ശ പോരാട്ടത്തില്‍ അണി ചേര്‍ന്ന യുവചേതനയുടെ ധൈഷണിക നേതൃസ്ഥാനത്ത് തിളങ്ങിനില്‍ക്കാന്‍ ഒരുവേള അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം പ്രസിഡന്റും ഞാന്‍ ജന.സെക്രട്ടറിയുമായ പ്രഥമ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തത് ചരിത്രദൗത്യമായിരുന്നു. അധികാരവും സ്ഥാനമാനങ്ങളും കെട്ടിപ്പിടിച്ച് മുസ്‌ലിം ലീഗിന്റെ ജീര്‍ണ രാഷ്ട്രീയ വഴിയില്‍ ഭൂരിഭാഗവും ഉറച്ചുനിന്നപ്പോള്‍ യുവതയായിരുന്നു മെഹബൂബെ മില്ലത്തിന് കരുത്ത് പകരാന്‍ ആവേശപുര്‍വം മുന്നോട്ടുവന്നത്. അതുകൊണ്ട് തന്നെ, ഞങ്ങളുടെ കര്‍മമണ്ഡലം സ്വാഭാവികമായും വിപുലവും സക്രിയവുമാക്കേതുണ്ടായിരുന്നു. കാലമേല്‍പിച്ച ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റാന്‍ മുന്നോട്ട് വന്ന സി.കെ. പി ചെറിയ മമ്മുക്കേയിയും പി.എം അബൂബക്കര്‍ സാഹിബുമൊക്കെ പാര്‍ട്ടി രൂപീകരിച്ച് ആറ് മാസത്തിനിടയില്‍ വിട പറഞ്ഞപ്പോള്‍, യൂത്ത് ലീഗിന്റെ ചുമലിലായിരുന്നു കുറെ ബാധ്യതകള്‍ വന്നുപതിച്ചത്. സേട്ട് സാഹിബിെന്റ മാര്‍ഗദര്‍ശനത്തില്‍ അത് പരമാവധി ഭംഗിയായി നിറവേറ്റാന്‍ ശ്രമിച്ചപ്പോള്‍ യൂത്ത് ലീഗ് എല്ലാ രംഗങ്ങളിലും സജീവമായി പ്രവര്‍ത്തിക്കേണ്ടിവന്നു. പലപ്പോഴും ഞങ്ങളന്ന് പറയാറുണ്ടായിരുന്നു; അസം ഗണപരിഷത്തിന്റെ നിയോഗമാണ് യൂത്ത് ലീഗ് നിര്‍വഹിക്കുന്നതെന്ന്. വിദ്യാര്‍ഥി പ്രസ്ഥാനം മാതൃ സംഘടയെക്കാള്‍ ശ്രദ്ധേയമാവുന്ന അവസ്ഥ. അത്തരമൊരു സ്ഥിതി വിശേഷം കൈകാര്യം ചെയ്യാന്‍ വഹാബ് സാഹിബിന്റെ പണ്ഡിതോചിതമായ നേതൃത്വം വലിയ പങ്ക് വഹിച്ചു. ആറേഴുവര്‍ഷം ഞങ്ങള്‍ ഒരുമിച്ചു യുവതയെ നയിച്ചു. ഒരിക്കല്‍ പോലും പിണങ്ങുകയോ അഭിപ്രായ ഭിന്നത ഉടലെടുക്കുകയോ ചെയ്തില്ല. അന്ന് ഐഎന്‍എല്ലും എന്‍വൈഎല്ലും ഒന്നായിരുന്നു. വഹാബ് സാഹിബിന്റെ നിലവാരമുയര്‍ന്ന പെരുമാറ്റവും സംസാരത്തില്‍ പോലും തുളുമ്പി നിന്ന പാണ്ഡിത്യ ഗരിമയും പരസ്പരം സ്‌നേഹാദരവുകള്‍ കൈമാറാനല്ലാതെ, ഭിന്നതയുടെ അപസ്വരം ഉയര്‍ത്തിയില്ല. കേരളം ഇളക്കിമറിച്ച പ്രക്ഷോഭ യാത്രയും 'പുതിയ നൂറ്റാണ്ട്, പുതിയ രാഷ്ട്രീയം' എന്ന ശീര്‍ഷകത്തില്‍ 1995ല്‍ നടത്തിയ ആദ്യ സംസ്ഥാന സമ്മേളനവും ഐ.എന്‍.എല്ലിന് കേരളമണ്ണില്‍ ആഴത്തില്‍ വേരിറക്കാന്‍ അവസരമൊരുക്കി. പാര്‍ട്ടിയെ ഇടതു മതേതര പക്ഷത്ത് ഉറച്ചുനിര്‍ത്തുക എന്ന സേട്ട് സാഹിബിന്റെ സ്വപ്നം പൂവണിയിക്കുന്നതിന് യൂത്ത് ലീഗ് അന്ന് പല പരിപാടികളും സംഘടിപ്പിച്ചു. പ്രക്ഷോഭ യാത്രയില്‍ ഞങ്ങളുടെ മുഖ്യ പ്രസംഗ വിഷയം 'ഗാട്ട്' കരാറാായിരുന്നു. മതേതര പാതയില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ വ്യതിചലനവും മുസ്‌ലിം ലീഗിെന്റ അധപതനവും കേരളക്കരയിലുടനീളം അന്ന് മുഴങ്ങിക്കേട്ടപ്പോള്‍, ഇടതുചേരിയിലേക്കുള്ള പാര്‍ട്ടിയുടെ കടന്നുവരവിനെ കുറിച്ച് സഖാക്കള്‍ സ്വയം ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ബീരാന്‍ സാഹിബിന്റെ കാലവും കഴിഞ്ഞ്, സക്കരിയ സേട്ട് പ്രസിഡന്റായി വന്നതിനു ശേഷമാണ് യൂത്ത് ലീഗിന്റെ നേതൃസ്ഥാനത്തുനിന്ന് ഞങ്ങളിരുവരും പിന്‍വാങ്ങുന്നത്. ആ സമയത്താണ് പി.എം.എ സലാം കടന്നുവരുന്നതും പാര്‍ട്ടിയെ മറ്റൊരു ദിശയിലേക്ക് നയിക്കുന്നതും. ഐ.എന്‍.എല്‍ ദേശീയ സെക്രട്ടരിമാരിലൊരാളായും വഹാബ് സാഹിബ് കുറച്ചുനാള്‍ പ്രവര്‍ത്തിച്ചിരുന്നു.

പ്രഭാഷണകലയിലെ നൈപുണ്യം എ.എ വഹാബ് എന്ന പണ്ഡിതന് രാഷ്ട്രീയത്തിനപ്പുറത്ത് വിപുലമായ സുഹൃദ് വലയം തീര്‍ക്കാന്‍ അവസരമൊരുക്കിക്കൊടുത്തു. അങ്ങനെയാണ് എം.എസ്.എസ് മസ്ജിദിലെ അദ്ദേഹത്തിെന്റ ഖുതുബ കേള്‍ക്കാന്‍ യുവാക്കളും വിദ്യാസമ്പന്നരും ഒഴുകിയെത്തിയത്്. പരലോകത്തെ കുറിച്ചുള്ള അദ്ദേഹത്തിെന്റ ക്ലാസ് യുക്തിഭദ്രവും ദൈവഭയം സന്നിവേശിപ്പിക്കുന്നതുമായിരുന്നു. തെറ്റ് കണ്ടാല്‍ മുഖത്ത് നോക്കി ചൂണ്ടിക്കാന്‍ ധൈര്യം കാട്ടാറുള്ള വഹാബ് സാഹിബ്, പാര്‍ട്ടിയിലെ ഓരോ വ്യക്തിയെ കുറിച്ചും നന്നായി മനസ്സിലാക്കിവെച്ചിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടിയും കണക്കുകുട്ടലുകളും എത്രമാത്രം ശരിയാണെന്ന് കാലം തെളിയിച്ചു. ആരുടെ മുന്നിലും ചൂളാറില്ല. സങ്കീര്‍ണ ഘട്ടങ്ങളില്‍ വേദഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് കാര്യങ്ങള്‍ പെട്ടെന്ന് അവതരിപ്പിക്കാനുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. ഉപദേശ രൂപേണ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നത് കൊണ്ട് ആര്‍ക്കും നീരസമുണ്ടാകാറുമില്ല. സത്യസന്ധനും മാന്യനുമായിരുന്നു അദ്ദേഹമെന്ന് ജീവിതാനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍നിന്ന് വന്ന യു.എ നസീര്‍, എം.കെ ബാവ തുടങ്ങിയവര്‍ അടങ്ങുന്ന ഞങ്ങളുടെ ടീമില്‍ യഥാര്‍ഥ ക്യാപ്റ്റന്‍ തന്നെയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ വലിയ അവഗാഹം ഇല്ലാതിരുന്നിട്ടും പാണ്ഡിതോചിതമായ ഇടപെടലിലൂടെ അത് നികത്തുമായിരുന്നു. സേട്ട് സാഹിബിെന്റ കാലശേഷമാണ് അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് മെല്ലെ മെല്ലെ അകലുന്നത്. എന്‍ഡിഎഫ് നേതൃത്വവുമായുള്ള അദ്ദേഹത്തിെന്റ അടുപ്പം ഞങ്ങളെ രാഷ്ട്രീയമായി അകറ്റി. രിസാലയിലെ എന്റെ കോളത്തില്‍ ഒരുതവണ അത് പരാമര്‍ശിക്കപ്പെട്ടപ്പോള്‍ അതിനോട് പ്രതികരിച്ചത് ഊഷ്മളത ഒട്ടും കൈവെടിയാതെയാണ്. പാര്‍ട്ടിയില്‍നിന്നകന്നിട്ടും പല നേതാക്കളുമായും സുഹൃദ്ബന്ധം കാത്തുസൂക്ഷിച്ചു. അകാലത്തില്‍ പിടിപെട്ട മാരക രോഗം ആരോഗ്യം കാര്‍ന്നുതിന്നുകൊണ്ടിരിക്കെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ , ഒരുവേള വാക്‌ധോരണി ഉതിര്‍ത്ത ആ നാവില്‍നിന്ന് നേരിയ ധ്വനി മാത്രമാണ് പുറത്തുവന്നത്. എന്റെ പരിചയക്കാരോടെല്ലാം അഹമ്മദ് ദേവര്‍കോവില്‍ സാഹിബിന് വോട്ട് ചെയ്യാന്‍ ഉണര്‍ത്തിയിട്ടുണ്ടെന്ന് രോഗശയ്യയില്‍ കിടക്കുമ്പോഴും വിളിച്ചുപറയുകയുണ്ടായി. സഹൃദയനും മാന്യനുമായിരുന്നു അദ്ദേഹം. സേട്ട് സാഹിബിന്റെ പാര്‍ട്ടിയെ കുറിച്ചുള്ള ചരിത്രത്തില്‍ എ.എ വഹാബിന് തിളക്കമാര്‍ന്ന ഒരിടമുണ്ട്. ഓര്‍മകള്‍ പിറകോട്ട് ചലിക്കുമ്പോള്‍ കണ്ണ് നിറയുന്നു. വിതുമ്പുന്ന മനസ്സോടെ പ്രാര്‍ഥിക്കുകയാണ്: പടച്ചതമ്പുരാന്‍ അദ്ദേഹത്തിന് പരലോകമോക്ഷം പ്രദാനം ചെയ്യട്ടെ.

Next Story

RELATED STORIES

Share it