Emedia

റഫര്‍ ചെയ്തിരുന്നെങ്കില്‍ കഥ മാറിയേനെ...; കൊവിഡ് ബാധിതയായ ഗര്‍ഭിണിയെ ഇങ്ങനെ പരിചരിക്കുന്ന നഴ്‌സുമാരുമുണ്ട്

റഫര്‍ ചെയ്തിരുന്നെങ്കില്‍ കഥ മാറിയേനെ...;   കൊവിഡ് ബാധിതയായ ഗര്‍ഭിണിയെ ഇങ്ങനെ പരിചരിക്കുന്ന നഴ്‌സുമാരുമുണ്ട്
X


കോഴിക്കോട്: കൊവിഡ് പോസിറ്റീവാണെന്ന കാരണത്താല്‍ ആശുപത്രികളില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ രണ്ട് ഇരട്ടക്കുഞ്ഞുങ്ങള്‍ മരണപ്പെട്ടത് നാമെല്ലാം ഞെട്ടലോടെയാണ് കേട്ടത്. കരഞ്ഞുതീരാത്ത മാതാപിതാക്കള്‍ക്കൊപ്പമാണ് മലയാളിയുടെ മനസ്സും. ജീവനേക്കാള്‍ വലുതല്ലല്ലോ മറ്റെന്തുമെന്ന് പറഞ്ഞ് ആശുപത്രി അധികൃതരെ വിമര്‍ശിക്കാത്തവരുണ്ടാവില്ല. എന്നാല്‍, മലയാളിക്കൊരു കുഴപ്പമുണ്ട്. എത്ര ത്യാഗം സഹിച്ചാലും ഒരൊറ്റ തെറ്റുമതി. അവരുടെ മുന്‍കാല ചെയ്തികളെ മാത്രമല്ല, ആ വിഭാഗത്തെ തന്നെ കുറ്റപ്പെടുത്തി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കും. ഇവിടെയാണ് രാപ്പകല്‍ ഭേദമില്ലാതെ, ജീവന്‍ പണയപ്പെടുത്തിയും സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ കുറിച്ചു നാം ചിന്തിക്കേണ്ടത്. ഇത്തരത്തിലൊരു സംഭവമാണ് നഴ്‌സായി ജോലി ചെയ്യുന്ന ശ്രുതി കണ്ണന്‍ പങ്കുവയ്ക്കുന്നത്.

ശ്രുതി കണ്ണന്റെ ഫേസ് ബുക്ക് പോസ്റ്റ്:

ഇന്നലെ വൈകീട്ട് അനക്കക്കുറവുണ്ടെന്ന് പറഞ്ഞ് വന്ന രോഗിയുടെ ആന്റിജന്‍ ടെസ്റ്റ് ചെയ്തപ്പോ പോസിറ്റീവ്. ഞങ്ങടെ ആശുപ്രത്രിയില്‍ ഇതുവരെ കൊവിഡ് പോസിറ്റീവ് ഗര്‍ഭിണികളുടെ കേസുകള്‍ എടുക്കാന്‍ തുടങ്ങിയിട്ടില്ല. ഒക്കെ പരിയാരത്തേക്ക് വിടുകയാണ് ചെയ്യാറ്.. ഇതിപ്പോ വേദന തുടങ്ങി, അനക്കക്കുറവും ??. റഫര്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ. കൊവിഡ് കേസ് ചെയ്യാന്‍ ഓപറേഷന്‍ തിയേറ്ററില്ല.

ആകെ പ്രതിസന്ധി. ഡ്യൂട്ടി ഡോക്ടര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എന്നോടു വന്നു പറയാ.. സിസ്റ്റര്‍ജി എന്താ ചെയ്യാ... റഫര്‍ ചെയ്ത് കുഞ്ഞിന് എന്തേലും പറ്റിയ നാളെ സസ്‌പെന്‍ഷന്‍ ഉറപ്പ്. സിസ്റ്റര്‍ തയ്യാറാണോ. എന്തും വരട്ടെ സിസ്സേറിയന്‍ ചെയ്യാം. വേറെ ഓപ്ഷനില്ല.

ഡോക്ടര്‍ അങ്ങനെ പറഞ്ഞാ പിന്നെ ഞാനെന്തു പറയാനാണ്. ചെയ്യാം.. ഹെഡ് സിസ്റ്ററെ വിളിച്ചപ്പോള്‍ ഇപ്പോള്‍ കൊവിഡ് ഡ്യൂട്ടി എടുക്കുന്നവരില്‍ ഒ.ടി അറിയാവുന്ന സ്റ്റാഫ് ആരെങ്കിലും ഉണ്ടെങ്കില്‍ വിളിച്ചോളൂ, ഇയാള്‍ ഫീഡിങ് മദര്‍ അല്ലേ, പോസിറ്റീവ് കേസിനു കയറേണ്ടന്ന്. കുറച്ചാശ്വാസായി, പിന്നെ വേഗം ഇപ്പോഴത്തെ കൊവി ഡ്യൂട്ടി ലിസ്റ്റ് നോക്കി ഒ.ടി സ്റ്റാഫ് ഉണ്ടോന്നു നോക്കിക്കൊണ്ടിരുന്നപ്പോ ഡ്യൂട്ടി ഡോക്ടര്‍ വീണ്ടും. സിസ്റ്റര്‍ ഡോപ്ലര്‍ മെഷീനിലും ഫെറ്റല്‍ ഹാര്‍ട്ട് സൗണ്ട് ഡൗണ്‍ ആവുന്നുണ്ട്. ഈ 15 മിനുട്ട് ക്രിറ്റിക്കല്‍ ആണ്. പിന്നീട് നമ്മളൊന്നും ചെയ്തിട്ട് കാര്യമില്ല.(ഡോക്ടറും നിസ്സഹായനാണ്. ഒന്ന് കേസ് ചെയ്താല്‍ അത് ജനറല്‍ പേഷ്യന്റ് സ്റ്റാഫിനെയൊക്കെ ഒരുപാട് ബാധിക്കും, തീര്‍ച്ച. എന്തിന് ഇങ്ങനെ ചെയ്തു എന്ന് ചോദിച്ചാല്‍ കൈമലര്‍ത്തേണ്ടി വരും. എന്തേ ചെയ്തില്ല, ചെയ്തിരുന്നേല്‍ ഒരു കുഞ്ഞ് ജീവന്‍ രക്ഷിക്കാമായിരുന്നില്ലേന്ന് ആരും ചോദിക്കാതെ തന്നെ നീറി പുകയും).

പിന്നൊന്നും നോക്കാതെ തന്നെ ഞാന്‍ 8 മിനുട്ടിനുള്ളില്‍ ഒ.ടി റെഡിയാക്കി. എച്ച്.ഒ.ഡിയെ വിവരമറിയിച്ചു. സിസേറിയന്‍ ചെയ്തു. ശരിക്കും ഒരു 10 മിനുട്ട് കഴിഞ്ഞിരുന്നേല്‍ മറ്റൊന്ന് സംഭവിച്ചേനെ. വാവയെ പുറത്തെടുത്തപ്പോ തന്നെ ആകെ ഒരു നീലിച്ച കളര്‍, ഓക്‌സിജന്‍ സാറ്റുറേഷന്‍ 65%. ഇപ്പോന്തായാലും വാവ സ്‌റ്റേബിള്‍ ??. ഇവിടെ കൊവിഡ് ഗൈനക് കേസ് എടുക്കുന്നില്ലെന്ന് പറഞ്ഞ് റഫര്‍ ചെയ്യാമായിരുന്നു. ഞാന്‍ ഫീഡിങ് മദര്‍ ആയതുകൊണ്ട് ഒ.ടി സ്റ്റാഫില്ലെന്നു പറഞ്ഞ് റഫര്‍ ചെയ്യാമായിരുന്നു. ചെയ്തിരുന്നെങ്കില്‍ കഥ മാറിയേനെ. എന്തായാലും പിപിഇ ഒക്കെ ഇട്ട് പോസിറ്റീവ് രോഗിയുടെ സിസേറിയന്ഞാന്‍ വാഷ് ചെയ്തു. മോനെ ഓര്‍ത്തപ്പോ മാത്രം ചെറിയ പേടി തോന്നി, കാരണം 45 മിനുട്ടോളം രോഗി ക്ലോസ് കോണ്‍ടാക്റ്റ് ആണ്. എന്തായാലും വരുന്നിടത്തു വച്ച് കാണാം. പടച്ചവന്‍ എല്ലാം കാണുന്നുണ്ടല്ലോ.

ഫോട്ടോയ്ക്കു പോസ് ചെയ്തതല്ലാട്ടോ. ഒക്കെ കഴിഞ്ഞപ്പോ തളര്‍ന്ന് ഇരുന്നുപോയതാണ്.. അപ്പോള്‍ പുറത്ത് കൂടി പോയ ഹൗസ് സര്‍ജന്‍ ക്ലിക്കിയത്. പ്രൈമറി കോണ്‍ടാക്റ്റ് ആയാലും സ്റ്റാഫിന് ക്വാറന്റൈന്‍ ഇല്ലാത്തോണ്ട് ഇന്നും ഡ്യൂട്ടിയുണ്ട്.


© Shruthi Kannan❤️ ഇന്നലെ വൈകിട്ട് അനക്കക്കുറവുണ്ടെന്ന് പറഞ്ഞ് വന്ന patient ന്റെ ആന്റിജൻ test ചെയ്തപ്പോ പോസിറ്റീവ്.....

Posted by ആരോഗ്യം on Saturday, 10 October 2020




Next Story

RELATED STORIES

Share it