Emedia

'മരിച്ച' ഹിന്ദുത്വമാതൃഭൂമിയില്‍ ഇനിയില്ല; കവി അന്‍വര്‍ അലി എഴുതുന്നു

മരിച്ച ഹിന്ദുത്വമാതൃഭൂമിയില്‍ ഇനിയില്ല; കവി അന്‍വര്‍ അലി എഴുതുന്നു
X

കോഴിക്കോട്: മഹാത്മാഗാന്ധിയുടെ 150ാം ജന്‍മദിനത്തോടനുബന്ധിച്ച് മാതൃഭൂമി ദിനപ്പത്രത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ' മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിനെതിരേ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, കലാരംഗത്തെ നിരവധി പേരാണ് സോഷ്യല്‍ മീഡിയകളില്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇപ്പോള്‍ മാതൃഭൂമിയിലെ എഴുത്ത് അവസാനിപ്പിക്കുകയാണെന്ന് കവിയും വിവര്‍ത്തകനും ഗാനരചയിതാവുമായ അന്‍വര്‍ അലിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗാന്ധിവധത്തില്‍ നേരിട്ടും പ്രത്യയശാസ്ത്രപരമായും ഉത്തരവാദികളായ ആര്‍എസ്എസ്സിന്റെ നേതാവായ മോഹന്‍ ഭാഗവതിനെക്കൊണ്ട് ഗാന്ധി 'വാഴ്ത്ത്' നടത്തിച്ച ഹിന്ദുത്വമാതൃഭൂമിയുടെ പത്രത്തിലോ വാരികയിലോ ഞാനിനി എഴുതില്ലെന്ന് അന്‍വര്‍ അലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അന്‍വര്‍ അലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ എഴുത്തുകാരജീവിതം നീതിബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയുംകൂടി ജീവിതമാണ്. ദക്ഷിണേഷ്യയെ അപ്പാടെ കൊടുംനരകമാക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന സംഘപരിവാരങ്ങളെ വെള്ളപൂശല്‍ ഇന്ത്യന്‍ മാധ്യമരംഗത്തെ ഏറ്റവും വേദനാകരമായ അര്‍ബുദമായി മാറിയിരിക്കുന്ന കാലത്ത്, ഹിന്ദുത്വവര്‍ഗീയതയ്ക്ക് അരുനില്‍ക്കുന്ന മാതൃഭൂമി ഗ്രൂപ്പിന്റെ സാംസ്‌കാരിക മുഖമായ ആഴ്ചപ്പതിപ്പിലെ എഴുത്തുകാരില്‍ ഒരാളായി ഇനി തുടരാനാവില്ലെന്നു ഞാന്‍ തിരിച്ചറിയുന്നു. എസ് ഹരീഷിന്റെ 'മീശ' പിന്‍വലിച്ച വേളയില്‍തന്നെ എടുക്കേണ്ടിയിരുന്ന, വര്‍ഗീയതക്കെതിരെയും സര്‍ഗാത്മക സ്വാതന്ത്ര്യത്തിനുവേണ്ടിയും വാദിച്ച എഡിറ്ററെ പുറത്താക്കിയപ്പോഴെങ്കിലും എടുക്കേണ്ടിയിരുന്ന, വൈകിപ്പോയ ഒരു തീരുമാനമാണിത്.

വൈകിയതിലുള്ള ആത്മനിന്ദയോടെ പറയട്ടെ, ഗാന്ധിജിയുടെ 150ാം ജന്‍മദിനത്തില്‍, ഗാന്ധിവധത്തില്‍ നേരിട്ടും പ്രത്യയശാസ്ത്രപരമായും ഉത്തരവാദികളായ ആര്‍എസ്എസ്സിന്റെ നേതാവായ മോഹന്‍ ഭാഗവതിനെക്കൊണ്ട് ഗാന്ധി 'വാഴ്ത്ത്' നടത്തിച്ച ഹിന്ദുത്വമാതൃഭൂമിയുടെ പത്രത്തിലോ വാരികയിലോ ഞാനിനി എഴുതില്ല. ബാപ്പുജിയുടെ ആദ്യ ഇന്ത്യന്‍ ജയില്‍വാസത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ 1923 മാര്‍ച്ച് 18ന് പ്രസിദ്ധീകരണമാരംഭിക്കുകയും കണ്ണാടിപ്പെട്ടിയില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ചോരക്കുതിര്‍മണ്ണ് സൂക്ഷിക്കുകയും ചെയ്യുന്ന മാതൃഭൂമിയെന്ന ദേശീയ വര്‍ത്തമാനപ്പത്രം ഇന്ന് നിലവിലില്ല. വള്ളത്തോളും ബഷീറും എഴുതിയിരുന്ന, അവരില്‍നിന്ന് പല തലമുറ കൈമറിഞ്ഞ് ഞങ്ങളിലെത്തിയ ആ തെളിമലയാളത്താള്‍ ചത്തുകെട്ടുപോയി. കാവിയില്‍ പുതഞ്ഞ അതിന്റെ വേവാശവത്തിന് സംഘപരിവാരികള്‍ നിരന്നുനിന്ന് പിണ്ഡം വയ്ക്കുന്നത് എനിക്കു കാണാം.

1930-40 കളില്‍ ഹിറ്റ്‌ലര്‍ക്കും ഗീബല്‍സിനും ഗോറിങ്ങിനും നിര്‍ലജ്ജം വിടുപണിചെയ്ത മാധ്യമങ്ങളുടെയും ധൈഷണികരുടെയും പൊതുപ്രവര്‍ത്തകരുടെയും സൈനികനേതാക്കളുടെയും പുരോഹിതരുടെയും നീണ്ടനിര ജര്‍മനിയിലുണ്ടായിരുന്നു. അവരില്‍ പലരും നാസികളാല്‍ ചതിച്ചുകൊല്ലപ്പെട്ടു. ചിലര്‍ പിന്നീട് നാസി പക്ഷപാതത്തിന്റെ പേരില്‍ ന്യൂറംബര്‍ഗിലെ വിചാരണയ്ക്കു വിധേയരായി കൊല്ലപ്പെട്ടു. ചിലര്‍ക്ക് പില്‍ക്കാല ജീവിതം മുഴുവന്‍ ആത്മനിന്ദയുടെയും ആത്മവിനാശത്തിന്റേതുമായി. ആ ചരിത്രത്തിന്റെ പിന്തുടര്‍ച്ചയാണ് ഇന്നത്തെ ഇന്ത്യയിലെ 'സമാനഹൃദയ'രെയും കാത്തിരിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. അക്കൂട്ടത്തില്‍, ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ കൂടി സന്തതിയായ മാതൃഭൂമിയുമുണ്ട് എന്നത് സമകാലീന കേരളചരിത്രത്തിലെ വേദനാകരമായ വൈപരീത്യമാണ്.

മാതൃഭൂമിയില്‍ എഴുതി വളര്‍ന്നതിന്റെ മമതയും ഗൃഹാതുരതയുമൊക്കെ എന്റെ എഴുത്തുകൂട്ടുകാര്‍ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ചില പ്രദേശത്തിനും രീതിക്കും സാമുദായികപദവിക്കും മാതൃഭൂമി നല്‍കുന്ന ഭൂതകാലക്കുളിര്‍ അവരുടെ വാക്കുകളില്‍ വ്യഞ്ജിക്കുമ്പോള്‍ അത് സ്വാഭാവികമെന്നേ തോന്നിയിട്ടുള്ളൂ. മറ്റൊന്ന്, എക്കാലത്തുമെന്ന പോലെ മാതൃഭൂമിയിലെഴുത്തിന് ഇന്നുമുള്ളതായി എഴുത്തുകാര്‍ കരുതുന്ന അധികമാന്യതയാണ്. അതിന് റീച്ച് റീച്ച് എന്നൊക്കെ ഞങ്ങള്‍ പറയുമെങ്കിലും സംഗതി എഴുത്തധികാരം ഊട്ടിയുറപ്പിക്കുന്ന ഗ്ലാമര്‍തന്നെ. അതും സ്വാഭാവികം. മേല്‍പ്പറഞ്ഞ രണ്ടുസ്വാഭാവികതകളും പക്ഷേ എനിക്കില്ല, ആദ്യത്തേത് അനുഭവിച്ചിട്ടില്ല. രണ്ടാമത്തേത് ആവശ്യമില്ല.

1980 കളുടെ ഒടുവില്‍ ലിറ്റില്‍ മാഗസിനുകളിലും 1989 മുതല്‍ തുടര്‍ച്ചയായി കലാകൗമുദിയിലും തുടര്‍ന്ന് ഭാഷാപോഷിണി, ദേശാഭിമാനി, സമകാലീനമലയാളം, ഇന്ത്യാ ടുഡേ, മാധ്യമം, കുങ്കുമം തുടങ്ങിയ മുഖ്യധാരാ ആനുകാലികങ്ങളിലും കവിതകള്‍ പ്രസിദ്ധീകരിച്ചുപോന്ന ഞാന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിത്തുടങ്ങിയത് 1998 മുതലാണ്. 80-90 കാലത്ത് എന്റെ കൗമാരരചനകള്‍ എന്‍ വി കൃഷ്ണവാര്യരും കെ വി രാമകൃഷ്ണനും അപ്പാടെ നിരസിച്ചിരുന്നതിനാല്‍ ഇനി മാതൃഭൂമി ഇങ്ങോട്ട് ആവശ്യപ്പെട്ടാലേ എഴുതൂ എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ തുടരവേ 90കളുടെ ഒടുവില്‍ എം ടി വീണ്ടും പത്രാധിപരായി വന്ന കാലത്ത് സബ് എഡിറ്ററായ ഡോ. കെ ശ്രീകുമാര്‍ കവിത വേണമെന്ന് കത്തയച്ചും ഫോണിലൂടെയും ആവശ്യപ്പെട്ടതുപ്രകാരമാണ് മാതൃഭൂമിയുമായി സഹകരിച്ചുതുടങ്ങിയത്.

ആദ്യം വെള്ളപ്പാട്ട് എന്നൊരു ചെറുകവിതയും പിന്നീട് 'മുസ്തഫ', 'ആര്യാവര്‍ത്തത്തില്‍ ഒരു യക്ഷന്‍' തുടങ്ങിയ ചില നീണ്ട ആഖ്യാനങ്ങളും ശ്രീകുമാറിന്റെ ഉല്‍സാഹത്തില്‍ മാതൃഭൂമിയില്‍ വന്നു. രണ്ടാം എംടിക്കാലം പോയതോടെ ശ്രീകുമാറിന്റെ വിളി വരാതെയായി. ഞാന്‍ അയയ്ക്കാതെയുമായി. കമല്‍റാം സജീവ് എഡിറ്ററായപ്പോഴാണ് വീണ്ടും മാതൃഭൂമിയില്‍നിന്ന് എഴുതാന്‍ ക്ഷണം കിട്ടിയത്. അപ്പോഴേക്ക് കൊല്ലത്തില്‍ കഷ്ടിച്ച് രണ്ടോ മൂന്നോ കവിത പ്രസിദ്ധീകരിക്കുന്ന ലുബ്ധിലേക്ക് ഞാന്‍ ചുരുങ്ങിക്കഴിഞ്ഞിരുന്നു.

2000-01 നുശേഷം ആറേഴു കൊല്ലം വ്യക്തിപരമായ ചിലകാരണങ്ങളാല്‍ മാതൃഭൂമിക്ക് ഒന്നുമയച്ചില്ല. 2008ലാണെന്നു തോന്നുന്നു, ഒരു കവിതപ്പതിപ്പിന് കമല്‍റാം സജീവ് കവിത ചോദിച്ചു. കൊടുത്തു. പിന്നീട് തുടര്‍ച്ചയായി കവിതയും വിവര്‍ത്തനങ്ങളും ലേഖനങ്ങളും മാതൃഭൂമിയില്‍ എഴുതി. ഇപ്പോഴത്തെ ചീഫ് സബ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്‍ പറഞ്ഞപ്പോഴും എഴുതി. ഹിന്ദുത്വവര്‍ഗീയത വിരിച്ച കോര്‍പറേറ്റ് വലയില്‍നിന്ന് മാതൃഭൂമി എന്നെങ്കിലും പുനരുജ്ജീവിച്ചുപുറത്തുവരുന്നതായി ബോധ്യപ്പെട്ടാല്‍ വീണ്ടും എഴുതുകയുമാവാം.

ഈ ബഹിഷ്‌ക്കരണ തീരുമാനം കേവലം പ്രതിഷേധമല്ല. ഒരു സമരത്തിന്റെ തുടക്കമാണ്; ജനിച്ചുവളര്‍ന്ന നാട്ടില്‍ അഭയാര്‍ഥികളോ അന്യരോ ആയി ജീവിക്കാന്‍ തയ്യാറല്ലാത്ത, സര്‍ഗാത്മക സ്വാതന്ത്ര്യം സ്വേഛാധിപത്യഭരണകൂടത്തിനോ അതിന്റെ മാധ്യമപ്പിണിയാളുകള്‍ക്കോ അടിയറവുവയ്ക്കാന്‍ കൂട്ടാക്കാത്ത, എഴുത്താളുകളുടെ അതിജീവനസമരത്തിന്റെ തുടക്കം. മുഖ്യധാരാ ആനുകാലികങ്ങളില്‍ എഴുതിവരുന്ന, കഴമ്പുള്ള എല്ലാ കൂട്ടെഴുത്താളരും ഹിന്ദുത്വമാതൃഭൂമി ബഹിഷ്‌കരിച്ച് ഈ സമരം മുന്നോട്ടുകൊണ്ടുപോവുമെന്ന പ്രത്യാശയോടെ...

അന്‍വര്‍ അലി

Next Story

RELATED STORIES

Share it