Emedia

മലയാളികള്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കും; രുചിയുണ്ടെങ്കില്‍ ജാതിയും മതവും രാഷ്ട്രീയവുമൊന്നും പ്രശ്‌നമല്ല: ജോണ്‍ ബ്രിട്ടാസ്

ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായി 1988ല്‍ എത്തുമ്പോള്‍ ബിജെപി കേന്ദ്ര ഓഫിസിലെ ഭക്ഷണത്തില്‍ മാംസാഹാരം ഉള്‍പ്പെട്ടിരുന്നു. പത്രസമ്മേളനത്തിന്റെ ഭാഗമായി ഉച്ചഭക്ഷണമുണ്ടെങ്കില്‍ മാംസാഹാരവും ഉറപ്പായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

മലയാളികള്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കും; രുചിയുണ്ടെങ്കില്‍ ജാതിയും മതവും രാഷ്ട്രീയവുമൊന്നും പ്രശ്‌നമല്ല: ജോണ്‍ ബ്രിട്ടാസ്
X
മലയാളികള്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമെന്നും ഭക്ഷണത്തിന് രുചിയുണ്ടെങ്കില്‍ ജാതിയും മതവും രാഷ്ട്രീയവുമൊന്നും നമുക്ക് പ്രശ്‌നമല്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി. ഭക്ഷണകാര്യത്തില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര ശ്രമത്തിനെതിരേ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ജോണ്‍ ബ്രിട്ടാസ് ആഞ്ഞടിച്ചത്.


ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായി 1988ല്‍ എത്തുമ്പോള്‍ ബിജെപി കേന്ദ്ര ഓഫിസിലെ ഭക്ഷണത്തില്‍ മാംസാഹാരം ഉള്‍പ്പെട്ടിരുന്നു. പത്രസമ്മേളനത്തിന്റെ ഭാഗമായി ഉച്ചഭക്ഷണമുണ്ടെങ്കില്‍ മാംസാഹാരവും ഉറപ്പായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ജനാധിപത്യത്തിന്റെ മാറ്റ് നിര്‍ണയിക്കുന്ന അളവുകോലുകളില്‍ ഒന്നാണ് ബഹുസ്വരത. ഇഷ്ടമുള്ള ഭക്ഷണവും വേഷവും ഭാഷയുമൊക്കെ സ്വതന്ത്രമായി തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കുമ്പോഴാണ് ഒരു സമൂഹം പക്വതയാര്‍ജിക്കുന്നത്. ഏതുവിധേനയും കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണവും ഭിന്നിപ്പുകളും സൃഷ്ടിക്കാന്‍ കൊടുമ്പിരികൊണ്ട് പ്രവര്‍ത്തിക്കുന്നവരുണ്ട്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ഭക്ഷണം രുചിക്കുന്നവരല്ല നമ്മള്‍. അയല്‍വക്കത്തെ അടുപ്പിന്റെ പുകയെ ആശ്ലേഷിച്ച പാരമ്പര്യമാണ് നമുക്കുള്ളത്. ലോകത്തിന്റെ ഏത് ഭാഗത്തുള്ള ഭക്ഷണപദാര്‍ത്ഥത്തെയും നമ്മള്‍ വരവേറ്റിയിട്ടുണ്ട്. മനുഷ്യനെ മതത്തിന്റെ പേരില്‍ എങ്ങിനെയെങ്കിലും വേര്‍തിരിച്ച് അധികാരം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ വീണ്ടും തലപൊക്കിയിട്ടുണ്ട്.

ഡല്‍ഹി കലാപത്തിന് ശേഷം മുസ്ലിം കച്ചവടക്കാരില്‍ നിന്നും പഴവും പച്ചക്കറിയും വാങ്ങരുതെന്ന് പരസ്യമായി ആഹ്വാനം ചെയ്തവരുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗുജറാത്തിലെ നഗരങ്ങള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാന്‍ കാരണം 'ഭക്ഷണം' തന്നെയായിരുന്നു. മാംസഭക്ഷണങ്ങള്‍ തെരുവില്‍ വില്‍ക്കാന്‍ പാടില്ലെന്നും അവയൊന്നും കടകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും നഗരസഭകള്‍ ഉത്തരവിട്ടു. വിവാദം മുറുകിയപ്പോള്‍ തീരുമാനം മരവിപ്പിച്ചെങ്കിലും 'ഭക്ഷണം' ധ്രുവീകരണ മെനുവിലെ മുഖ്യഇനമാണ്.

ഭക്ഷണവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം മനസ്സിലാകണമെങ്കില്‍ ബിജെപി ഓഫീസിലെ മെനു പരിശോധിച്ചാല്‍ മതി. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായി 1988ല്‍ എത്തുമ്പോള്‍ ബിജെപി കേന്ദ്ര ഓഫിസിലെ ഭക്ഷണത്തില്‍ മാംസാഹാരം ഉള്‍പ്പെട്ടിരുന്നു. പത്രസമ്മേളനത്തിന്റെ ഭാഗമായി ഉച്ചഭക്ഷണമുണ്ടെങ്കില്‍ മാംസാഹാരവും ഉറപ്പ്. ഇന്ന് നോണ്‍വെജ് പടിക്ക് പുറത്താണ് എന്നാണ് അറിയുന്നത്. എന്തിനേറെ ബിരിയാണി എന്നൊക്കെ പറയുമ്പോള്‍ അതില്‍ ഒരു മതത്തെ കാണാന്‍ ശ്രമിക്കുന്നവര്‍ പോലുമുണ്ട്. മുംബൈ ഭീകരാക്രമണ കേസിലെ പ്രതി കസബ് ജയിലില്‍ ബിരിയാണി ചോദിച്ചു എന്ന് പറഞ്ഞ് അഭിഭാഷകന്‍ കോടതിയില്‍ രംഗം കൊഴിപ്പിച്ചിരുന്നു. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. അതിഹീനമായ പ്രവര്‍ത്തി ചെയ്ത കസബിന്റെ തോള് ഉപയോഗിച്ച് ഒരു പ്രത്യേക ഭക്ഷണത്തിനും മതത്തിനും അടിവരയിടാനുള്ള ഗൂഢോദ്ദേശ്യമായിരുന്നു ഇതിന് പിന്നില്‍.

നമ്മള്‍ മലയാളികള്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കും. ഭക്ഷണത്തിന് രുചിയുണ്ടെങ്കില്‍ ജാതിയും മതവും രാഷ്ട്രീയവുമൊന്നും നമുക്ക് പ്രശ്‌നമല്ല. അതാണ് വേണ്ടത്, അത് തന്നെയാണ് വേണ്ടത്.

Next Story

RELATED STORIES

Share it