Emedia

യുദ്ധം: ദേശീയതയുടെ മുഖംമൂടിയിട്ട വംശവെറി

കേരളത്തിലെ മിക്കവരും ജനിച്ചുവീഴുന്നത് തന്നെ അധിനിവേശം, യുദ്ധം, മുതലാളിത്ത ചൂഷണം മുതലായ വാക്കുകള്‍ക്കിടയിലേക്കാണ്. എങ്കിലും ഇത്തരം പദങ്ങളുടെ വ്യാപ്തിയെ എത്ര പേര്‍ തിരിച്ചറിയുന്നുണ്ട് എന്നത് പ്രശ്‌നമാണെന്ന് തോന്നുന്നു.

യുദ്ധം: ദേശീയതയുടെ മുഖംമൂടിയിട്ട വംശവെറി
X

കെ കെ ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിലെ മിക്കവരും ജനിച്ചുവീഴുന്നത് തന്നെ അധിനിവേശം, യുദ്ധം, മുതലാളിത്ത ചൂഷണം മുതലായ വാക്കുകള്‍ക്കിടയിലേക്കാണ്. എങ്കിലും ഇത്തരം പദങ്ങളുടെ വ്യാപ്തിയെ എത്ര പേര്‍ തിരിച്ചറിയുന്നുണ്ട് എന്നത് പ്രശ്‌നമാണെന്ന് തോന്നുന്നു.

എണ്‍പതുകളുടെ മധ്യത്തില്‍ മഹാരാജാസില്‍ ഒരു ബിരുദവിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍, കോളജ് ലൈബ്രറിയില്‍ നിന്നും ഒരു പഴയ പുസ്തകം കിട്ടി. 1966 ല്‍ ഹേഗില്‍ സ്ഥാപിച്ച 'ഇന്റര്‍നാഷണല്‍ വാര്‍ ക്രൈം ട്രിബ്യുണലിന്റെ' ഒരു റിപ്പോര്‍ട്ടായിരുന്നത്. ബെര്‍ട്രാന്‍ഡ് റസ്സല്‍ ചെയര്‍മാനും സാര്‍ത്രും സിമോണ്‍ ദി ബുവയും ജെയിംസ് ബാള്‍ഡ് വിനും അടക്കം ലോകത്തിലെ അതിപ്രശസ്തരായ നിരവധിപേര്‍ അംഗങ്ങളുമായ ഈ ട്രിബൂണല്‍ നിയോഗിച്ച റാല്‍ഫ് ഷോമാന്‍ എന്ന പത്രപ്രവര്‍ത്തകന്റെ നേതൃത്വത്തിലുള്ള സംഘം, വിയറ്റ്‌നാമില്‍ അമേരിക്ക നടത്തിയ യുദ്ധക്കുറ്റങ്ങളെ പറ്റിയുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും ,റസ്സലിന്റെ യുദ്ധവിരുദ്ധ പ്രസംഗങ്ങളുമായിരുന്നു അതിന്റെ ഉള്ളടക്കം. യുദ്ധത്തെപ്പറ്റി കേവലകൗതുകം എന്നതിനപ്പുറം ധാരണകള്‍ ഒന്നുമില്ലാതിരുന്ന എന്നെ സംബന്ധിച്ച് ഈ പുസ്തകം നല്‍കിയത് വല്ലാത്ത തിരിച്ചറിവുകളാണ് .

എങ്ങനെയെങ്കിലും അതു മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്നു ആഗ്രഹിച്ചുകൊണ്ട് കെ സച്ചിദാനന്ദന്‍ മാഷിനെ വിവര്‍ത്തനം ചെയ്യാനായി സമീപിച്ചു. അദ്ദേഹം സമ്മതിച്ചെങ്കിലും കുറച്ചുനാള്‍കഴിഞ്ഞു എന്തോകാരണം പറഞ്ഞു പുസ്തകം മടക്കി നല്‍കി. അവസാനം ഞാന്‍ തന്നെ അതു പരിഭാഷപ്പെടുത്തി

'യുദ്ധത്തിന്റെ മുഖം' എന്നപേരില്‍ പ്രസിദ്ധീകരിച്ചു. (അന്ന് അതിനുവേണ്ടി സഹകരിച്ചവരാണ് V M Unni, Pulluvazhi Hariharan, Subrahmanian മഹാരാജാസിലെ ഒട്ടേറെ' അലമ്പ്' കൂട്ടുകാരും)

വിയറ്റ്‌നാമിലെ അതീവ ദരിദ്രരായ ഗ്രാമീണ ജനതക്കുമേല്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പ്രയോഗിച്ചതിലും കൂടുതല്‍ ബോംബുകളാണ് അമേരിക്ക ഇട്ടത്. ഒപ്പം വിളകള്‍ക്ക് മേലുള്ള രാസായുധപ്രയോഗങ്ങള്‍ നടത്തുക, ആശുപത്രികള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ബോംബിടുക, കൃത്രിമ ക്ഷാമം ഉണ്ടാക്കി ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുക, റെഡ്‌ക്രോസിന്റെ പ്രവര്‍ത്തനത്തെ പോലും തടയുക മുതലായ യുദ്ധക്കുറ്റങ്ങളും നടത്തി.

വന്‍ശക്തിയായ അമേരിക്ക ആദ്യമായി പരാജയപ്പെട്ടത് വിയറ്റ്‌നാമിലാണ്. അവിടുത്തെ ജനങ്ങളുടെ ചെറുത്തുനില്‍പ്പ് മാത്രമല്ല ,അമേരിക്കയിലും യൂറോപ്പിലും ലോകമെമ്പാടും ഉണ്ടായ യുദ്ധവിരുദ്ധ മുന്നേറ്റങ്ങളും അമേരിക്കയുടെ പിന്മാറ്റത്തിന് കാരണമായി. ഇന്ന് സ്വത്വവാദ പ്രസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്ന കറുത്തവരുടെയും സ്ത്രീകളുടെയും കുടിയേറ്റക്കാരുടെയും ലൈംഗിക ന്യൂന പക്ഷങ്ങളുടെയും പ്രസ്ഥാനങ്ങള്‍ ഈ യുദ്ധവിരുദ്ധ പ്രക്ഷോഭണത്തില്‍ അണിനിരന്നു. യുദ്ധത്തില്‍ ജീവഹാനി സംഭവിച്ചവരുടെയും പരുക്കേറ്റവരുടേയും കുടുംബങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഇതിനു നേതൃത്വം കൊടുത്ത റസ്സലിനെ 'മുഴുഭ്രാന്തനായും' ചെകുത്താനായും ' മുതലാളിത്ത മാധ്യമങ്ങള്‍ വര്‍ണിച്ചു .മുഹമ്മദലി ,ആഞ്ചല ഡേവിസ് തുടങ്ങിയ മഹാപ്രതിഭകള്‍ക്കൊപ്പം നൂറുകണക്കിന് വിദ്യാര്‍ത്ഥി യുവജന പ്രക്ഷോഭകരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അമേരിക്ക ജയിലില്‍ അടച്ചു.

യുദ്ധമെന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരാണെന്ന വസ്തുതക്ക് അടിവരയിടുന്നതാണ് വിയറ്റ്‌നാമിലെ കുട്ടികളും സ്ത്രീകളും അനുഭവിച്ച പീഡനങ്ങള്‍. യുദ്ധമെന്നാല്‍ വംശീയതയുമാണ്. വിയറ്റ്‌നാം അധിനിവേശത്തിന് തുടക്കം കുറിച്ച ഐസനോവര്‍ പറഞ്ഞത് ഏഷ്യയിലെ 'മഞ്ഞ കുള്ളന്മാരുടെ' പിച്ചാത്തികളില്‍ നിന്നും അമേരിക്കയിലെ ജനങ്ങളെ രക്ഷിക്കാനാണ് യുദ്ധം നടത്തുന്നതെന്നാണ് .

ഇന്നു യുദ്ധത്തിനെതിരെ, ദേശസ്‌നേഹത്തിന്റെ മുഖംമൂടിയിട്ട ആണ്‍ അഹന്തക്കും വംശവെറിക്കും എതിരെ ചെറുവിരല്‍ എങ്കിലും ഉയര്‍ത്താന്‍ ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ജനങ്ങളില്‍ കുറച്ചുപേരെങ്കിലും ഉണ്ടാവുന്നത് നല്ല സൂചനയാണ്.


Next Story

RELATED STORIES

Share it