Flash News

ഊര്‍ജ്ജ സംരക്ഷണം, പൊതുഗതാഗതം; സംസ്ഥാന ഇലക്ട്രിക് വെഹിക്കിള്‍ പോളിസിയ്ക്ക് അംഗീകാരമായി

ഊര്‍ജ്ജ സംരക്ഷണം, പൊതുഗതാഗതം; സംസ്ഥാന ഇലക്ട്രിക് വെഹിക്കിള്‍ പോളിസിയ്ക്ക് അംഗീകാരമായി
X

തിരുവനന്തപുരം: പൊതുഗതാഗത സംവിധാനം പ്രോല്‍സാഹിപ്പിക്കുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, സുസ്ഥിര പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക, ഫലപ്രദമായ ഊര്‍ജ്ജ സംരക്ഷണവും ഉപയോഗവും, കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വിവിധ ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ വിവിധ ഉദ്ദേശ്യങ്ങള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടുള്ള സംസ്ഥാന ഇലക്ട്രിക് വെഹിക്കിള്‍ പോളിസി ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചു. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഫോസില്‍ ഇന്ധനങ്ങള്‍(പെട്രോള്‍, ഡീസല്‍) ഒഴിവാക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഈ നയം സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കിയാല്‍ ഇന്ധന ഉപയോഗത്തിലും പരിസ്ഥിതി സംരക്ഷണത്തിലും മാത്രമല്ല സംസ്ഥാനത്തെ സാങ്കേതികരംഗത്തും തൊഴില്‍ രംഗത്തും സാമ്പത്തിക രംഗത്തും വളരെ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ഗതാഗതവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
2022ഓടെ ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുക, 2020ഓടെ രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങള്‍, 50,000 ഓട്ടോ റിക്ഷകള്‍, 1000 ചരക്ക് വാഹനങ്ങള്‍, 3000 ബസ്സുകള്‍, 100 ഫെറി ബോട്ടുകള്‍ എന്നിങ്ങനെ നടപ്പില്‍ വരുത്തുക എന്നതാണ് ലക്ഷ്യം വെക്കുന്നത്.
സംസ്ഥാനത്ത് നിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉപകരിക്കുന്ന പവര്‍ ഇലക്‌ട്രോണിക്‌സ്, ബാറ്ററി ഉണ്ടാക്കല്‍, ബാറ്ററി മാനേജ്‌മെന്റ് സംവിധാനം, ഇലക്ട്രിക് മോട്ടോറുകള്‍ ഇവയ്ക്കുള്ള ഘടകങ്ങള്‍ ഉണ്ടാക്കല്‍ തുടങ്ങിയവ ഇലക്ട്രിക് വെഹിക്കിള്‍ പോളിസി നടപ്പിലാക്കുന്നതിലൂടെ സാധ്യമാകുന്നതാണ്. കൂടാതെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് എന്നിവയിലും സാധ്യതകള്‍ കൂടുതലാണ്.
പ്രധാന സമയങ്ങളില്‍ (പീക്ക് ഹവേഴ്‌സ്) അല്ലാത്ത സമയങ്ങളിലും കൂടുതല്‍ വൈദ്യുതി കുറഞ്ഞ നിരക്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കാന്‍ കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന് കഴിയുന്നതാണ്.
കെ.എസ്.ആര്‍.ടി.സിയ്ക്ക് 2025 ഓടെ കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ കൂടുതല്‍ ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിനും അത് കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകുന്നതിനുമുള്ള ഒരു സംസ്ഥാന സാങ്കേതിക ഉപദേശക സമിതി ഉണ്ടായിരിക്കുന്നതും അത് ഈ മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിനും വളര്‍ച്ച കൈവരിക്കുന്നതിനുമായി സംസ്ഥാനത്ത് ഏടുക്കേണ്ട നയപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതുമാണ്.

120 വോള്‍ട്ടില്‍ താഴെ ശക്തിയോടു കൂടിയ ബാറ്ററിയുള്ള ഇലക്ട്രിക് വാഹന വാഹനങ്ങളെ ലൈറ്റ് ഇലക്ട്രിക് വാഹനങ്ങളായും 500 വോള്‍ട്ടില്‍ കൂടുതല്‍ ഉള്ളത് ഹെവി ഇലക്ട്രിക് വാഹനങ്ങളായും കണക്കാക്കുന്നതാണ്.
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുന്നതിനും പരിസ്ഥിതി സൗഹൃദ ടാക്‌സി കാറുകള്‍ ലഭ്യമാക്കുന്നതിനും പോളിസി ലക്ഷ്യമിടുന്നു. ആദ്യ പരിഗണന ബസ്സുകള്‍ ഇലക്ട്രിക് വാഹനങ്ങളായി മാറ്റുക എന്നതിനാണ്. 9 മീറ്ററും 12 മീറ്ററും നീളമുള്ള 50 കി.മീ 100 കി.മീ ശരാശരി ദൈര്‍ഘ്യം ലഭിക്കുന്ന ബസ്സുകള്‍ പൊതുഗതാഗതത്തിനായി ഉപയോഗപ്പെടുത്താവുന്നതാണ്.
സംസ്ഥാനത്ത് ഇപ്പോള്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് ഓടുന്ന ബോട്ടുകള്‍ ഉണ്ട്. എന്നാല്‍ ഈ മേഖലയില്‍ ഇലക്ട്രിക് ബോട്ടുകള്‍ ആരംഭിക്കുന്ന കാര്യ ഇലക്ട്രിക് വെഹിക്കില്‍ പോളിസി പ്രകാരം പരിഗണിക്കാവുന്നതാണ്.
Next Story

RELATED STORIES

Share it