Editors Pick

വധശിക്ഷയെ എതിര്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെവിടെയാണ്?

വധശിക്ഷയ്‌ക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്ന നടപടിയായിരുന്നു യാക്കൂബ് മേമന്റെ വിഷയത്തില്‍ സംഭവിച്ചത്. എന്നാല്‍ അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ 38 പേര്‍ക്ക് ഇന്ന് വധശിക്ഷ വിധിച്ചപ്പോള്‍ വധശിക്ഷയ്ക്ക് എതിരേ നിലപാടുള്ളവരും മൗനത്തിലാണ്.

വധശിക്ഷയെ എതിര്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെവിടെയാണ്?
X

പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം യാക്കൂബ് അബ്ദുള്‍ റസാഖ് മേമനെ തൂക്കിക്കൊന്ന ഭരണകൂടം നിലകൊള്ളുന്ന രാജ്യമാണ് ഇന്ത്യ. 1993 മാര്‍ച്ച് 12നാണ് 257 പേര്‍ മരിക്കാനിടയായ മുംബൈ സ്‌ഫോടനം നടന്നത്. ഏകദേശം 22 വര്‍ഷങ്ങള്‍ക്കിപ്പുറം 2015ലായിരുന്നു തന്റെ ജന്മദിനത്തില്‍ യാക്കൂബ് മേമനെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഗൂഢാലോചനയില്‍ പങ്കാളിയായി എന്നതായിരുന്നു യാക്കൂബിനെതിരെയുള്ള കുറ്റം. ഈ വധശിക്ഷ നടപ്പിലാക്കിയതിനെതിരേ സിപിഎം, സിപിഐ ഉള്‍പ്പടെയുള്ള ഇടതുപക്ഷ പാര്‍ട്ടികളും തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രാദേശിക പാര്‍ട്ടികളും രം?ഗത്തുവന്നിരുന്നു. വധശിക്ഷയ്‌ക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്ന നടപടിയായിരുന്നു യാക്കൂബ് മേമന്റെ വിഷയത്തില്‍ സംഭവിച്ചത്. എന്നാല്‍ അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ 38 പേര്‍ക്ക് ഇന്ന് വധശിക്ഷ വിധിച്ചപ്പോള്‍ വധശിക്ഷയ്ക്ക് എതിരേ നിലപാടുള്ളവരും മൗനത്തിലാണ്.

2008 ജൂലൈ 26നാണ് ഗുജറാത്തിലെ അഹമ്മദാബാദിലെ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നത്. 56 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനമായിരുന്നു അഹമ്മദാബാദില്‍ നടന്നത്. ഏഴു മലയാളികളടക്കം 77പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ശിബിലി, ശാദുലി, അന്‍സ്വാര്‍ നദ്‌വി, അബ്ദുല്‍ സത്താര്‍, സൈനുദ്ദീന്‍, ഷറഫുദ്ദീന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്ന മലയാളികള്‍. അഹമ്മദാബാദ് സ്‌ഫോടനം നടക്കുമ്പോള്‍ മറ്റു കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് രാജ്യത്തെ വിവിധ ജയിലുകളിലില്‍ കഴിഞ്ഞവരായിരുന്നു അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ അധികവും എന്നത് ശ്രദ്ധേയമാണ്.

ഐപിസി, യുഎപിഎ, സ്‌ഫോടക വസ്തു നിയമം, പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമം എന്നിവയുടെ ഓരോ വകുപ്പിന് കീഴിലും 49 കുറ്റവാളികളുടേയും ശിക്ഷകള്‍ ഒരേസമയം നടപ്പാക്കും. കൂടാതെ 48 പ്രതികളില്‍ നിന്നും 2.85 ലക്ഷം രൂപ വീതം പിഴയും ഈടാക്കുമെന്നും കോടതി വിധിയില്‍ പറയുന്നു. അഗര്‍ബത്തിവാലയ്ക്ക് 2.88 ലക്ഷം രൂപയാണ് പിഴ. കൊലപാതകം, രാജ്യദ്രോഹം, രാജ്യത്തിനെതിരായ പ്രവര്‍ത്തനം, യുഎപിഎ, സ്‌ഫോടകവസ്തു നിയമം എന്നിവ ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ കുറ്റങ്ങള്‍ പ്രകാരം 78 പ്രതികളില്‍ 49 പേരും കുറ്റക്കാരാണെന്ന് ഫെബ്രുവരി എട്ടിനായിരുന്നു പ്രത്യേക കോടതി കണ്ടെത്തിയത്. 49 കുറ്റവാളികളില്‍ 38 പേര്‍ക്ക് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 11 പേര്‍ക്ക് മരണം വരെ ജീവപര്യന്തം തടവും വിധിച്ചു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളികളായ ശിബിലിയും ശാദുലിയും കോട്ടയം ഈരാറ്റുപേട്ട സ്വദേശികളാണ്, ഷറഫുദ്ദീന്‍ കൊണ്ടോട്ടി സ്വദേശിയുമാണ്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അന്‍സാര്‍ നദ് വിയുടെ സഹോദരന്‍ അബ്ദുല്‍ സത്താറിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതേവിട്ടിരുന്നു. 2008 മാര്‍ച്ച് 27 നായിരുന്നു മധ്യപ്രദേശിലെ ഇന്‍ഡോറില്‍വെച്ച് സഹോദരങ്ങളായ ഷിബിലിയും ശാദുലിയും സുഹൃത്തായ അന്‍സാറും അറസ്റ്റിലാവുന്നത്. ഇന്ത്യയിലെ പ്രമുഖ ഐ ടി സ്ഥാപനമായ റ്റാറ്റ എലെക്‌സിയില്‍ എന്‍ജിനീയറായിരുന്നു ശിബിലി. മുംബെയില്‍ ജോലി ചെയ്യുന്ന കാലത്ത് മുംബൈ സബര്‍ബന്‍ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ സിമി ബന്ധം ആരോപിച്ച് അന്വേഷണ ഏജന്‍സികള്‍ വേട്ടയാടാന്‍ തുടങ്ങിയ കാലത്ത് ജോലി രാജിവെക്കേണ്ടി വരികയും സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കാന്‍ ശ്രമിക്കുന്നതിനുമിടയിലാണ് ശിബിലി അറസ്റ്റിലാവുന്നത്. ശിബിലിയുടെ വിവരങ്ങള്‍ അന്വേഷിക്കുന്നതിന് ഇന്‍ഡോറിലെ താമസസ്ഥലത്ത് എത്തിയ ശാദുലിയും അന്‍സാറും അന്നേദിവസം നടന്ന അറസ്റ്റില്‍ പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു.

ഇന്‍ഡോറില്‍ അറസ്റ്റിലായതോടെ സബര്‍ബന്‍ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് ഷിബിലിയെ മുംബൈയിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലുകള്‍ക്കും നുണപരിശോധനക്കും ശേഷം പ്രതിയല്ലെന്നുകണ്ട് അന്നത്തെ എടിഎസ് തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെ ശിബിലിയെ കേസില്‍ നിന്നൊഴിവാക്കുകയായിരുന്നു. ഇക്കാലയളവില്‍, ജയിലിലെത്തി നാല് മാസങ്ങള്‍ക്കു ശേഷമാണ് അഹമ്മദാബാദ് സ്‌ഫോടനം നടക്കുന്നത്. ഈ കേസില്‍ ?ഗൂഡാലോചനക്കുറ്റം ചുമത്തിയാണ് മുസ് ലിം യുവാക്കളായ സഹോദരങ്ങള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നതെന്ന കാര്യം രാജ്യത്ത് നടക്കുന്ന കേസുകളുടെ വിചാരണകള്‍ എത്രമാത്രം നീതിയുക്തമാണെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.

മതിയായ വിചാരണയോ, നിയമസേവനമോ ലഭ്യമാക്കാതെ അനന്തകാലം ജയിലുകളില്‍ കഴിയേണ്ടി വരുന്ന സ്ഥിതിവിശേഷമുണ്ട്. ശിബിലിയും ശാദുലിയും അന്‍സാര്‍ നദ് വിയും ഇതിനിരകളാണ്. അഹമ്മ?ദാബാദ് സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ 10 പേരുടെ വിചാരണ വീഡിയോ കോണ്‍ഫറന്‍സ് വഴി 2016 ല്‍ ആരംഭിക്കുകയും 2017 ല്‍ ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. നടന്നു വരുന്ന വിചാരണ പരിഹാസ്യമാണെന്നും വിചാരണവേളയില്‍ തങ്ങളെ കോടതിയില്‍ ഹാജരാക്കണമെന്നുമുള്ള ഇവരുടെ ആവശ്യം കോടതി നിരസിക്കുകയും മതിയായ വിചാരണ കിട്ടാതെ ശിക്ഷിക്കപ്പെടുകയുമായിരുന്നു. അഹമ്മദാബാദിലെ വിചാരണയുടെ അവസാന നാളുകളിലും വിചാരണക്കായി ഹാജരാവാനുള്ള ഇവരുടെ ആവശ്യം നിരസിക്കപ്പെടുകയും മൂന്നര വര്‍ഷമായി മധ്യപ്രദേശിലെ ഭോപ്പാല്‍ ജയിലില്‍ തടവില്‍ കഴിയുകയുമാണ് ഇവര്‍.

മുസ് ലിംകള്‍ പ്രതി സ്ഥാനത്ത് വരുന്ന കേസുകളില്‍ തെളിവുകള്‍ അപര്യാപ്തമാണെങ്കിലും ശിക്ഷിക്കാനും ജാമ്യം നിഷേധിക്കാനും അവരില്‍ കളങ്കത കാണുവാനും ഇവിടത്തെ പൊതുബോധവും മാധ്യമങ്ങളും കോടതികളും തയ്യാറാവാറുണ്ടെങ്കിലും മലേ?ഗാവ് സ്‌ഫോടനക്കേസ് പ്രതിക്ക് ബിജെപി ടിക്കറ്റില്‍ പാര്‍ലിമെന്റ് അം?ഗത്വം ലഭിക്കുകയും ചെയ്യുന്ന നാടാണ് ഇന്ത്യയെന്ന് ചരിത്രത്തില്‍ നിന്ന് വ്യക്തമാണ്. ഇതേ ചരിത്രത്തില്‍ നിന്ന് ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. 2002 ലെ ?ഗോധ്ര വംശഹത്യക്ക് മറുപടിയായാണ് അഹമ്മദാബാദ് സ്‌ഫോടന പരമ്പര നടക്കുന്നതെന്നായിരുന്ന അന്വേഷണ ഏജന്‍സികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ 2002ല്‍ നരോദാ പാട്യയില്‍ ഇഹ്‌സാന്‍ ജഫ്രിയെ പെട്രോളൊഴിച്ച് കത്തിച്ചതുള്‍പ്പെടെ 97പേരെ കൊലപ്പെടുത്തിയ മായാ കൊട്‌നാനിക്കും ബാബു ബജ്രംഗിക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്തുകൊണ്ട് വധശിക്ഷ ലഭിച്ചില്ല? ഗുജറാത്തില്‍ വംശഹത്യ നടത്തിയവര്‍ക്ക്, വ്യാജ ഏറ്റുമുട്ടലിലൂടെ ഇസ്രത്ത് ജഹാന്‍, പ്രാണേഷ്‌കുമാര്‍, സുഹ്‌റാബുദ്ദീന്‍, കൗസര്‍ഭി എന്നീ നിരപരാധികളെ കൊന്നൊടുക്കിയവര്‍ക്ക് തൂക്കുകയര്‍ അന്യമായതെങ്ങനെ?. സാമൂഹിക നീതിയെക്കുറിച്ചുള്ള ഈ ചോദ്യം അധികമൊന്നും ഉയര്‍ന്നില്ലെങ്കിലും ഒരു ജനാധിപത്യ സമൂഹത്തിനകത്ത് വധശിക്ഷ എതിര്‍ക്കപ്പെടേണ്ടതാണ്.

എന്തുകൊണ്ട് വധശിക്ഷ റദ്ദാക്കണമെന്ന് പറയുന്നു?- സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കരാട്ടിന്റെ നിരീക്ഷണം

ഒരാളുടെ ജീവനെടുക്കാനുള്ള രാഷ്ട്രത്തിന്റെ തീരുമാനം പിന്നീട് തിരുത്താന്‍ കഴിയില്ല. അതില്‍ മാറ്റംവരുത്താനും കഴിയില്ല. ജുഡീഷ്യല്‍ സംവിധാനത്തില്‍ ചില പിശകുകള്‍ വന്നേക്കാം. എന്നാല്‍, വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞാല്‍ അത് തിരുത്താനാകില്ല. അമേരിക്കയില്‍ 1989നുശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 20 പേരെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കുറ്റക്കാരല്ലെന്നു കണ്ട് മോചിപ്പിച്ചു. എന്നാല്‍, പല കേസിലും പുതിയ ശാസ്ത്രീയപരീക്ഷണമായ ഡിഎന്‍എ പരിശോധന വളരെ വൈകിയാണ് നടത്തുന്നത്. വധശിക്ഷയ്ക്ക് വിധേയമായശേഷമാണ് പലരും കുറ്റവിമുക്തരാക്കപ്പെടുന്നത്.

രണ്ടാമതായി, കൊലപാതകംപോലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് വധശിക്ഷ നടപ്പാക്കുന്നത്. എന്നാല്‍, വധശിക്ഷകൊണ്ട് കൊലപാതകംപോലുള്ള കുറ്റകൃത്യങ്ങള്‍ തടയാനായിട്ടില്ല. അമേരിക്കയിലും മറ്റുമുള്ള വസ്തുതകള്‍ പരിശോധിച്ചാല്‍, ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയ കാലത്തുതന്നെയാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും ഗുരുതര കുറ്റകൃത്യങ്ങളും നടന്നതെന്നു കാണാം. ഇന്ത്യയിലും ഇതുതന്നെ സ്ഥിതി.

മൂന്നാമതായി, ഇന്ത്യയില്‍ നീതിന്യായസംവിധാനത്തിലും അനീതി നിലനില്‍ക്കുന്നുണ്ട്. സമൂഹത്തില്‍ ദുര്‍ബലരായ പാവപ്പെട്ടവരാണ് വധശിക്ഷയടക്കം അനുഭവിക്കേണ്ടിവരുന്നത്. ജുഡീഷ്യല്‍ സംവിധാനം എപ്പോഴും പാവങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും എതിരായാണ് നില്‍ക്കുന്നത്. ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി നടത്തിയ പഠനമനുസരിച്ച് ജയില്‍ ശിക്ഷയും വധശിക്ഷയും ലഭിച്ച 75 ശതമാനം പേരും പാവങ്ങളാണ്. മാത്രമല്ല, ഇതില്‍ 75 ശതമാനവും പിന്നോക്കക്കാരും ദളിതരും ന്യൂനപക്ഷങ്ങളുമാണ്.

നാലാമതായി, ജുഡീഷ്യറി വധശിക്ഷ നടപ്പാക്കുന്നത് ഏകപക്ഷീയമായ രീതിയിലാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രമേ വധശിക്ഷ വിധിക്കാവൂ എന്ന് സുപ്രിംകോടതി പറഞ്ഞത് 1980ലാണ്. എന്നാല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വം എന്താണെന്ന് വ്യക്തമായി നിര്‍വചിച്ചില്ല. അതുകൊണ്ടുതന്നെ ജഡ്ജിയുടെ വ്യക്തിഗത വീക്ഷണം പലപ്പോഴും കോടതി ബെഞ്ചിന്റെ തീരുമാനങ്ങളായി. ഇതുകൊണ്ടാണ് പല വധശിക്ഷകളും അപ്പീല്‍ ഹരജിയെത്തുടര്‍ന്ന് ഉയര്‍ന്ന കോടതികള്‍ ജീവപര്യന്തമാക്കി കുറച്ചത്. വധശിക്ഷയെന്നത് ക്രൂരവും മനുഷ്യത്വരഹിതവുമായ ശിക്ഷയാണ്. പലപ്പോഴും ഒരു രാഷ്ട്രീയ ഉപകരണമായാണ് ഇതുപയോഗിക്കുന്നത്. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍നിന്ന് വധശിക്ഷ ഒഴിവാക്കേണ്ട കാലമായി. നിരവധി ജഡ്ജിമാരും നിയമവിദഗ്ധരും പൗരാവകാശ സംഘടനകളും പ്രവര്‍ത്തകരും വധശിക്ഷയെ ചോദ്യംചെയ്ത് രംഗത്തെത്തിയത് ആവേശകരമായ അനുഭവമാണ്.

( 2015 ആഗസ്ത് 5 ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്)

Next Story

RELATED STORIES

Share it