Editors Pick

സ്വപ്‌നയുടെ ആത്മഹത്യ ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകം

വമ്പിച്ചതും യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്തുമായ ടാര്‍ജറ്റ് അടിച്ചേല്‍പ്പിക്കപ്പെടുന്ന മാനേജര്‍മാര്‍, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ പെടാപ്പാട് പെടുകയാണ്.

സ്വപ്‌നയുടെ ആത്മഹത്യ ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകം
X

എന്‍ എം സിദ്ദീഖ്

അത്യന്തം വേദനയാണ് തൊഴിലിടത്തെ സ്വപ്‌നയുടെ ആത്മഹത്യ. മരവിപ്പാണ്, നോവാണ്, നീറ്റലാണ് ആത്മഹത്യ ചെയ്ത, പുഞ്ചിരിക്കുന്ന കെ എസ് സ്വപ്‌നയുടെ സൗമ്യമുഖം. വിധവയായിരുന്ന, ചെറുപ്പമായിരുന്ന സ്വപ്‌ന. ഓമനമക്കളുടെ അനാഥത്വം പോലുമവരെ സ്വയംഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചില്ലെങ്കില്‍ എത്രമേല്‍ തീക്ഷ്ണ സമ്മര്‍ദ്ദമായിരിക്കുമവരനുഭവിച്ചിരിക്കുക.

സ്വകാര്യ/പൊതുമേഖലാ, ബാങ്കിങ് ഇന്‍ഷുറന്‍സ്, നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ മേഖലകളില്‍, കനത്ത ടാര്‍ജറ്റ് അടിച്ചേല്‍പ്പിച്ച് മാനസികസമ്മര്‍ദ്ദത്തിലാക്കി മാനേജര്‍മാരെ നിത്യരോഗങ്ങള്‍ക്കോ അകാലമരണത്തിനോ ആത്മഹത്യക്കോ വിട്ടുനല്‍കുന്ന തരം ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകമാണിത്.

ഉന്നതതല മീറ്റിങ്ങുകളില്‍ ക്രൂരമായ ഹരാസിങ്ങിന്, റാഗിങ്ങിന് വിധേയരാകുന്ന മാനേജര്‍മാര്‍ 99 ശതമാനവും ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിപ്പെടുന്നു. അത് ഭക്ഷണജീവിതശീലങ്ങളില്‍ നിന്നല്ല, വര്‍ക്‌പ്ലെയ്‌സിലെ ടെന്‍ഷനില്‍ നിന്നാണ് അവരെ ബാധിക്കുന്നത്. വമ്പിച്ചതും യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്തുമായ ടാര്‍ജറ്റ് അടിച്ചേല്‍പ്പിക്കപ്പെടുന്ന മാനേജര്‍മാര്‍, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ പെടാപ്പാട് പെടുകയാണ്.

കരിയറില്‍ കൗമാരത്തെ ഏറെ മോഹിപ്പിക്കുന്ന, ഐടി രംഗത്ത് ജോലിചെയ്യുന്ന ടെന്‍ഡര്‍ ഏജിലുള്ള ആണ്‍പെണ്‍കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ. അവരുടെ തലമുടി പല വര്‍ണ്ണങ്ങളില്‍ കളറിങ് ചെയ്തിരിക്കുന്നത് വര്‍ക് സ്‌ട്രെസ്സ് മൂലമുണ്ടായ അകാലനരയെ മറക്കാനാണ്. ഹയര്‍ ആന്റ് ഫയര്‍' പോളിസിയാണവിടങ്ങളില്‍.

'അമ്മ അറിയാന്‍' എന്ന ജോണ്‍ ഏബ്രഹാം സിനിമയില്‍ വൃദ്ധയായ ഒരുമ്മ ചോദിക്കുന്നുണ്ട്, എന്തിനാണീ ബാല്യക്കാരൊക്കെ ഇങ്ങനെ ചെയ്യുന്നതെന്ന്. സിനിമയില്‍ ഹരിയുള്‍പ്പെടെ ആത്മഹത്യ ചെയ്തത് 70-80കളിലെ രാഷ്ട്രീയശൈത്യത്തിന്റെ മരവിപ്പിലായിരുന്നു. അതിനും മുമ്പ് പ്രണയനൈരാശ്യം ബാധിച്ച് ജീവനൊടുക്കുന്നവരുണ്ടായിരുന്നു, ഒട്ടേറെ.

ജോലിസ്ഥലത്തെ മാനസികപീഡനം ജീവിതമവസാനിപ്പിക്കാന്‍ കാരണമാകുന്നതരം തൊഴില്‍മേഖല, 1886 മെയ് ഒന്നിന് ഷിക്കാഗോയിലുണ്ടായതു മുതലുള്ള എല്ലാ തൊഴിലാളി മുന്നേറ്റങ്ങളുടെയും സത്തയെ റദ്ദാക്കുന്നു. സകല ആധുനിക തൊഴില്‍ നിയമങ്ങളെയും തൊഴിലാളി ക്ഷേമ നയങ്ങളെയും അസംബന്ധമാക്കുന്നു. ബാങ്കിങ് മേഖലയിലെ ഇപ്പോഴത്തെ അവസ്ഥ ആരംഭിക്കുന്നത് രണ്ട് ദശകം മുമ്പാണ്. അപ്പോഴേക്കും നവസാമ്പത്തിക നയങ്ങള്‍ ബാങ്കിങ് മേഖലയില്‍ നിയാമകമായിക്കഴിഞ്ഞിരുന്നു. കനറാ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി മാനേജര്‍ സ്വപ്‌നയുടെ ആത്മഹത്യ, ഞാനാവര്‍ത്തിക്കട്ടെ, ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകമാണ്.

Next Story

RELATED STORIES

Share it