Editors Pick

മോദിക്ക് ആലോക് വര്‍മയെ എന്താണിത്ര പേടി?

ചട്ടങ്ങളും ധാര്‍മിക മര്യാദകളും ലംഘിച്ച് ധൃതിപിടിച്ചൊരു തീരുമാനത്തിന് പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്താണ് എന്ന ചോദ്യമാണ് ഉയരുന്നത്. ചില പ്രധാന കേസുകളിലെ അന്വേഷണം അട്ടിമറിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ്(പിഎംഒ) ഇടപെടുന്നതായി ആലോക് വര്‍മയ്ക്കു പുറമേ, സിബിഐയിലെ മുതിര്‍ന്ന ഓഫിസര്‍മാരായ എം കെ സിന്‍ഹ, എ കെ ശര്‍മ എന്നിവരും ആരോപണമുന്നയിച്ചിരുന്നു.

മോദിക്ക് ആലോക് വര്‍മയെ എന്താണിത്ര പേടി?
X

ന്യൂഡല്‍ഹി: നടപടിക്രമങ്ങള്‍ പാലിക്കാതെയും ധാര്‍മികതയ്ക്ക് വിരുദ്ധമായുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റി സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ആലോക് വര്‍മയെ മാറ്റിയതെന്ന് വിലയിരുത്തല്‍. ട്രാന്‍സ്ഫര്‍ ചെയ്യും മുമ്പ് തന്റെ ഭാഗം വിശദീകരിക്കാന്‍ വര്‍മയക്ക് അവസരം നല്‍കിയില്ലെന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതിചേര്‍ക്കപ്പെട്ട ഒരു വിഷയത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുത്തതിന്റെ ധാര്‍മികതയും ചോദ്യം ചെയ്യപ്പെടുകയാണ്.

ചട്ടങ്ങളും ധാര്‍മിക മര്യാദകളും ലംഘിച്ച് ധൃതിപിടിച്ചൊരു തീരുമാനത്തിന് പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്താണ് എന്ന ചോദ്യമാണ് ഉയരുന്നത്. ചില പ്രധാന കേസുകളിലെ അന്വേഷണം അട്ടിമറിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ്(പിഎംഒ) ഇടപെടുന്നതായി ആലോക് വര്‍മയ്ക്കു പുറമേ, സിബിഐയിലെ മുതിര്‍ന്ന ഓഫിസര്‍മാരായ എം കെ സിന്‍ഹ, എ കെ ശര്‍മ എന്നിവരും ആരോപണമുന്നയിച്ചിരുന്നു. സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ തലവനാണ് സിന്‍ഹ. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ അഴിമതി അന്വേഷണത്തില്‍ പിഎംഒ ഇടപെടുന്നുവെന്ന ആരോപണത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പേരും സിന്‍ഹ പരാമര്‍ശിച്ചിരുന്നു. ആലോക് വര്‍മയെ നീക്കം ചെയ്ത അതേ രാത്രിയില്‍ ഇദ്ദേഹത്തെയും സ്ഥലം മാറ്റിയിരുന്നു.

ചില മാധ്യമങ്ങള്‍ പറയുന്നതുപോലെ സിബിഐയും സിബിഐയും തമ്മിലുള്ള തര്‍ക്കമല്ല നടക്കുന്നത്. മറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് സിബിഐയുടെയും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെയും അന്വേഷണങ്ങളില്‍ കൈകടത്തുന്നതാണ് കാര്യങ്ങള്‍ വഷളാക്കിയത്. കഴിഞ്ഞ വര്‍ഷം വിരമിച്ച ഇഡി ഡയറക്ടര്‍ കര്‍നല്‍ സിങ്, ഇഡി ഓഫിസര്‍ രാജേശ്വര്‍ സിങിനെതിരെ പിഎംഒ നടത്തിയ നീക്കങ്ങളെ പരസ്യമായി പ്രതിരോധിച്ചിരുന്നു.

അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് രാജേശ്വറിനെതിരേ പിഎംഒ വിശദ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, മോദി തന്നെ നിയമിച്ച ഇഡി മേധാവി ഇതിനെ എതിര്‍ക്കുകയായിരുന്നു. സിബിഐയുടെ സ്ഥിതിയും സമാനമാണ്. ആലോക് വര്‍മയെ തിരഞ്ഞെടുത്തതും പിഎംഒ ആയിരുന്നു. കൃത്യമായി പറഞ്ഞാല്‍ അജിത് ഡോവല്‍. എന്നാല്‍, പിഎംഒയുടെ അമിതാധികാരപ്രയോഗത്തിന് വഴങ്ങാതായതോടെയാണ് വര്‍മ അനഭിമതനായി മാറിയത്. മറ്റൊരു ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫിസറായ എ കെ ശര്‍മയെയും സിബിഐയിലേക്ക് കൊണ്ടു വന്നത് പിഎംഒ ആയിരുന്നു. എന്നാല്‍, ആലോക് വര്‍മയെ പിന്തുണക്കുന്നു എന്നതിന്റെ പേരില്‍ ഇദ്ദേഹത്തെയും ഇപ്പോള്‍ അരികുവല്‍ക്കിരിച്ചിരിക്കുകയാണ്.

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് യശ്വന്ത് സിന്‍ഹ, പ്രശാന്ത്ഭൂഷണ്‍, അരുണ്‍ ഷൂരി തുടങ്ങിയവര്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക പരിശോധന നടത്താനുള്ള വര്‍മയുടെ നീക്കമാണ് അദ്ദേഹത്തെ മോദിയുടെ ശത്രുപക്ഷത്താക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫിസറായ ഭാസ്‌കര്‍, കല്‍ക്കരിപ്പാടം അനുമതി നല്‍കിയതിലുള്ള അഴിമതിയും വര്‍മ അന്വേഷിക്കുന്നുണ്ട്.

രാഷ്ട്രീയ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പല കേസുകളിലും പിഎംഒ നേരിട്ട് ഇടപെടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇപ്പോള്‍ സിബിഐയിലെയും ഇഡിയിലെയും പൊട്ടിത്തെറിയിലേക്ക് നയിച്ചത്. നേരത്തേ മോദി ഗുജറാത്ത് മുഖ്യമന്ത്രിയും അമിത് ഷാ ആഭ്യന്തരമന്ത്രിയുമായിരുന്ന കാലത്തുണ്ടായ സമാനമായ ഇടപെടലും ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരും നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിവച്ചിരുന്നു.

Next Story

RELATED STORIES

Share it