ദാരിദ്ര്യവും അനീതിയും അസമത്വവും ലോകത്ത് നിലനിൽക്കുന്നിടത്തോളം കാലം നമുക്കാർക്കും യഥാർത്ഥ വിശ്രമം ലഭിക്കില്ല; മണ്ടേല ഓർമ്മ ദിനം
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ദശകങ്ങളോളം തടവറയ്ക്കുള്ളിൽ കഴിയേണ്ടിവന്ന ലോക ചരിത്രത്തിലെ ധീരനായ നേതാവാണ് മണ്ടേല.

കോഴിക്കോട്: ഇന്ന് മുൻ ആഫ്രിക്കൻ പ്രസിഡൻറ് നെൽസൺ മണ്ടേലയുടെ ജന്മദിനം. ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരേ പോരാടിയ പ്രമുഖ നേതാവാണ് നെൽസൺ മണ്ടേല . 1918 ജൂലൈ 18 ന് തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് നെൽസൺ റോളിലാല മണ്ടേല ജനിച്ചത്. മനുഷ്യാവകാശപ്പോരാട്ടങ്ങളുടെയും സ്വാതന്ത്ര്യ സമരങ്ങളുടെയും എക്കാലത്തെയും വലിയ പ്രതീകമായാണ് നെൽസൺ മണ്ടേലയെ ലോകം ഇന്നും നോക്കിക്കാണുന്നത്.

ഫോർട്ട് ഹെയർ സർവ്വകലാശാലയിലും, വിറ്റവാട്ടർസ്രാന്റ് സർവ്വകലാശാലയിലുമായി നിയമപഠനം പൂർത്തിയാക്കി.ജോഹന്നസ്ബർഗിൽ താമസിക്കുന്ന കാലഘട്ടത്തിൽത്തന്നെ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലൂടെ ആയിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല. 1948ലെ കടുത്ത വർണ്ണവിവേചനത്തിന്റെ കാലഘട്ടത്തിൽ മണ്ടേല, പാർട്ടിയിലെ പ്രമുഖ സ്ഥാനത്തേക്ക് എത്തിച്ചേർന്നു.
പിന്നീട് ദക്ഷിണാഫ്രിക്കൻ കമ്യൂണിസ്റ്റു പാർട്ടിയുമായി ചേർന്ൻ പ്രവർത്തിച്ച മണ്ടേലയെ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി നിരവധി തവണ ജയിലിലടച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ നടത്തിയ ബോംബാക്രമണങ്ങളുടെ പേരിൽ 1962-ൽ അറസ്റ്റ് ചെയ്തു. വിധ്വംസക പ്രവർത്തനം നടത്തി എന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിച്ചു. പിന്നീട് 1990-ലാണ് അദ്ദേഹം ജയിൽ മോചിതനായത്. ഇതിൽ 1982 വരെ ഇരുപതു വർഷം കഴിഞ്ഞത് റോബൻ ദ്വീപുകളിലെ തടവറയിലാണ്. ദക്ഷിണാഫ്രിക്കയിൽ വർണവെറിക്കെതിരേ പോരാടിയ കരുത്തയായ നേതാവ് വിന്നിയെ ജീവിതസഖിയായി ലഭിച്ചത് മണ്ടേലയുടെ വിപ്ലവവീര്യത്തിന് ഊർജം പകർന്നു.

തുടർന്ന് വർണ്ണ-വംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച മണ്ടേല 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു. 1993ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക് ഡിക്ലർക്കിനോടൊപ്പം പങ്കിട്ടു. ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നൽകി 1990 ൽ ഭാരത സർക്കാർ മണ്ടേലയെ ആദരിച്ചു. ഈ പുരസ്‌കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബൽ സമ്മാനം ലഭിക്കുന്നതിനു മുമ്പ് ഭാരതരത്‌നം ലഭിച്ച ഏക വിദേശീയനുമായിരുന്നു അദ്ദേഹം. ലോങ് വോക് റ്റു ഫ്രീഡം ആണ് ആത്മകഥ.
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ദശകങ്ങളോളം തടവറയ്ക്കുള്ളിൽ കഴിയേണ്ടിവന്ന ലോക ചരിത്രത്തിലെ ധീരനായ നേതാവാണ് മണ്ടേല. എല്ലാ ദക്ഷിണാഫ്രിക്കക്കാർക്കും പൗരത്വം എന്ന ആവശ്യം ഉന്നയിച്ച് മണ്ടേല നടത്തിയ പോരാട്ടങ്ങൾക്ക് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം 27 വർഷത്തെ തടവറവാസമായിരുന്നു. പൗരത്വത്തിന്റെ പേരിൽ സമാനമായ മറ്റൊരവസ്ഥയിലൂടെ നമ്മുടെ രാജ്യം മുന്നോട്ട് പോകുമ്പോൾ മണ്ടേലയുടെ ഓർമകൾ പൗരത്വ പ്രക്ഷോഭത്തിന് ഊർജ്ജം നൽകുമെന്നതിൽ തർക്കമില്ല.

ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെയും അവരുടെ സായുധവിഭാഗമായ ഉംഖോണ്ടോ വിസിസ്‌വേയുടെയും നേതാവായിരുന്ന മണ്ടേലയെ വർണ്ണവിവേചനത്തെ എതിർത്തവർ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റേയും പ്രതീകമായി കരുതുമ്പോൾ, വർണ്ണവിവേചനത്തെ അനുകൂലിച്ചവർ അദ്ദേഹത്തെയും എഎൻസിയെയും കമ്യൂണിസ്റ്റ് തീവ്രവാദികളായാണു കരുതിയിരുന്നത്. 2008 ജൂലൈ വരെ അമേരിക്കൻ ഗവൺമെന്റ്, മണ്ടേലയെ തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു!.
മണ്ടേലയുടെ വംശക്കാർ പ്രായത്തിൽ മുതിർന്നവരെ ബഹുമാന സൂചകമായി സംബോധന ചെയ്യുന്ന മാഡിബ എന്ന പേർ കൊണ്ടാണ് ദക്ഷിണാഫ്രിക്കക്കാർ മണ്ടേലയെ അഭിസംബോധന ചെയ്തിരുന്നത്. ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി മണ്ടേല നടത്തിയ പ്രയത്‌നങ്ങളെ ആദരിക്കാനായി അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18, നെൽസൺ മണ്ടേല ദിനമായി ആചരിക്കുമെന്ന് 2009 നവംബറിൽ യുഎൻ പൊതുസഭ പ്രഖ്യാപിച്ചു. 2013 ഡിസംബർ 5 നു ജോഹന്നാസ് ബർഗിലെ സ്വവസതിയിൽ വെച്ച് മണ്ടേല അന്തരിച്ചു.

ദാരിദ്ര്യവും അനീതിയും അസമത്വവും ലോകത്ത് നിലനിൽക്കുന്നിടത്തോളം കാലം നമുക്കാർക്കും യഥാർത്ഥ വിശ്രമം ലഭിക്കില്ല എന്ന മണ്ടേലയുടെ വാക്കുകൾ വിമോചനാഭിമുഖ്യമുള്ള ലോകജനതയുടെ ഉള്ളിൽ എക്കാലവും നിറഞ്ഞു നിൽക്കും. ലോകത്താകെയുള്ള മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് ആവേശവും പ്രചോദനവുമായ നെൽസൺ മണ്ടേലയുടെ 102-ാം പിറന്നാളാണിന്ന്. ഇന്ത്യയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് മണ്ടേലയുടെ ഓർമ്മകൾ കരുത്താകട്ടെ.....
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMT