Wheels

പുക തട്ടിപ്പ്: വോക്‌സ് വാഗന്‍ നാളെ 100 കോടി അടച്ചില്ലെങ്കില്‍ എംഡിയെ അകത്താക്കും

ഹനം പുറത്ത് വിടുന്ന പുകയുടെ കാര്യത്തില്‍ തട്ടിപ്പ് നടത്തി എന്ന കേസില്‍ ജര്‍മന്‍ കാര്‍ കമ്പനിയായ വോക്‌സ് വാഗന്‍ നാളെ വൈകീട്ട് അഞ്ച് മണിക്കകം 100 കോടി രൂപ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍(സിപിസിബി) കെട്ടിവയ്ക്കാന്‍ ഉത്തരവ്.

പുക തട്ടിപ്പ്: വോക്‌സ് വാഗന്‍ നാളെ 100 കോടി അടച്ചില്ലെങ്കില്‍ എംഡിയെ അകത്താക്കും
X

ന്യൂഡല്‍ഹി: വാഹനം പുറത്ത് വിടുന്ന പുകയുടെ കാര്യത്തില്‍ തട്ടിപ്പ് നടത്തി എന്ന കേസില്‍ ജര്‍മന്‍ കാര്‍ കമ്പനിയായ വോക്‌സ് വാഗന്‍ നാളെ വൈകീട്ട് അഞ്ച് മണിക്കകം 100 കോടി രൂപ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍(സിപിസിബി) കെട്ടിവയ്ക്കാന്‍ ഉത്തരവ്. ഇത് പാലിച്ചില്ലെങ്കില്‍ കമ്പനിയുടെ ഇന്ത്യയിലെ എംഡിയെ അറസ്റ്റ് ചെയ്യുകയും സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ(എന്‍ജിടി) ഉത്തരവില്‍ പറയുന്നു.

2015ലാണ് ഡീസല്‍ ഗേറ്റ് എന്ന പേരില്‍ അറിയപ്പെട്ട ഗ്ലോബല്‍ എമിഷന്‍ വിവാദമുണ്ടായത്. പുക പരിശോധന സംബന്ധിച്ച അമേരിക്കയിലെ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നതിന് പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പരിശോധനയില്‍ കാണിക്കുന്ന അളവിനേക്കാള്‍ 40 ഇരട്ടി കൂടുതലായിരുന്നു യഥാര്‍ത്ഥത്തില്‍ പുറത്തുവിടുന്ന നൈട്രസ് ഓക്‌സൈഡിന്റെ അളവ്. ഇതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം നവംബര്‍ 16ന് എന്‍ജിടി നാലംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയിരുന്നു.

2016ല്‍ വോക്‌സ് വാഗന്‍ 48.678 ടണ്‍ നൈട്രസ് ഓക്‌സൈഡ് പുറത്തുവിട്ടതായാണ് കണക്കാക്കുന്നത്. ഡല്‍ഹി അടിസ്ഥാനമാക്കി എന്‍ജിടി സമിതി നടത്തിയ പഠനത്തില്‍ വോക്‌സ് വാഗന്‍ വാഹനങ്ങള്‍ അധിക നൈട്രസ് ഓക്‌സൈഡ് പൂറത്തുവിട്ടതിലൂടെ ആരോഗ്യ രംഗത്ത് 171.34 കോടി രൂപയുടെ ആഘാതമുണ്ടാക്കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പരിഹാരമായി കാര്‍ കമ്പനി ഒരു മാസത്തിനകം 100 കോടി രൂപ അടയ്ക്കാന്‍ സമിതി ഉത്തരവിടുകയായിരുന്നു. പുക പരിശോധനയെ വെട്ടിക്കാനുള്ള സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ച 3.27 ലക്ഷം വോക്‌സ് വാഗന്‍ വാഹനങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ഉത്തരവ്. ആഗോള തലത്തില്‍ വിവാദമുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് 3,23,700 കാറുകള്‍ പിന്‍വലിക്കുമെന്ന് കമ്പനി 2015 ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. വോക്‌സ് വാഗന്‍ വിവിധ രാജ്യങ്ങളില്‍ സമാനമായ കേസുകള്‍ നേരിടുന്നുണ്ട്.

Next Story

RELATED STORIES

Share it