Business

ടൈകോണ്‍ കേരള സമ്മേളനം 25 മുതല്‍ 27 വരെ

കൊവിഡ് ഉയര്‍ത്തുന്ന സാമ്പത്തിക ആഘാതങ്ങള്‍ക്കിടയില്‍ ബിസിനസ്സ് വളര്‍ച്ച നേടുന്നത് ലക്ഷ്യമിട്ട് 'പാന്‍ഡെമിക്കിന് ഇടയിലും ' എന്ന പ്രമേയത്തിലാണ് ടൈക്കോണ്‍ കേരള 2021 സമ്മേളനം നടക്കുന്നത്

ടൈകോണ്‍ കേരള സമ്മേളനം 25 മുതല്‍ 27 വരെ
X

കൊച്ചി: സംരംഭക സമ്മേളനമായ 'ടൈകോണ്‍ കേരള 2021' നവംമ്പര്‍ 25, 26, 27 തീയതികളില്‍ നടക്കും.പത്താമത് സമ്മേളനത്തിന്റെ ഉല്‍ഘാടനം ഇടപ്പള്ളി ഹോട്ടല്‍ മാരിയറ്റില്‍ നവംബര്‍ 25 ന് വൈകിട്ട് ആറിന് മന്ത്രി പി രാജീവ് നിര്‍വ്വഹിക്കും. 27ന് വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ തമിഴ്‌നാട് ധനമാനവ വിഭവശേഷി വകുപ്പ് മന്ത്രി പി ടി ആര്‍ പളനിവേല്‍ ത്യാഗരാജന്‍ സംസാരിക്കും. കൊവിഡ് ഉയര്‍ത്തുന്ന സാമ്പത്തിക ആഘാതങ്ങള്‍ക്കിടയില്‍ ബിസിനസ്സ് വളര്‍ച്ച നേടുന്നത് ലക്ഷ്യമിട്ട് 'പാന്‍ഡെമിക്കിന് ഇടയിലും ' എന്ന പ്രമേയത്തിലാണ് ടൈക്കോണ്‍ കേരള 2021 സമ്മേളനം നടക്കുന്നത്.

ഇപ്പോള്‍ എടുക്കുന്ന തീരുമാനങ്ങളും സാമ്പത്തിക നയരൂപകരണ രംഗത്തും ബിസിനസ്സ് രംഗത്തും ദീര്‍ഘ ദൃഷ്ടിയോടെ ഈ സമയത്ത് നടത്തുന്ന കാല്‍വെപ്പുകള്‍ നിര്‍ണ്ണായകമാണെന്ന് ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പന്‍ പറഞ്ഞു.ഫിസിക്കല്‍, വെര്‍ച്വല്‍ എന്നിവ ഒത്തുചേരുന്ന ഹൈബ്രിഡ് പ്ലാറ്റ്‌ഫോമിലായിരിക്കും സമ്മേളനം നടക്കുക. ഇവന്റില്‍ യഥാക്രമം 200ഓളം പ്രതിനിധികള്‍ നേരിട്ടും 1000ലധികം പ്രതിനിധികള്‍ വെര്‍ച്ച്വലായും പങ്കെടുക്കും. ഇന്‍ഡസ് എന്റര്‍പ്രണേഴ്‌സ് (ടൈ) കേരള ചാപ്റ്ററാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

കൊവിഡാനന്തര കാലത്തെ ബിസിനസ്സ് അവസരങ്ങള്‍, സ്റ്റാര്‍ട്ടപ്പ് സാധ്യതകള്‍ എന്നിവ ഒന്നാം ദിവസം ചര്‍ച്ചാ വിഷയമാവും. രണ്ടാം ദിവസം ബിസിനസ്സ് പുനര്‍നിര്‍മ്മാണം, പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍, നിക്ഷേപ സാധ്യതകള്‍, അനുയോജ്യമായ സാങ്കേതികവിദ്യകള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. സംസ്ഥാനത്ത് സംരംഭക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നത് സംബന്ധിച്ച പാനല്‍ ചര്‍ച്ചകള്‍ റാന്നി മണ്ഡലം എംഎല്‍എ പ്രമോദ് നാരായണന്‍, മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ വി ടി ബല്‍റാം, ശ്രീ.രാജമാണിക്കം ഐഎഎസ്, ഏലിയാസ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കും.

തലമുറകളിലൂടെ കൈമാറുന്ന കമ്പനികളുടെ വിജയസാധ്യതകള്‍ എന്ന വിഷയത്തില്‍ എം ആര്‍ എഫ് മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍ മാമ്മന്‍ മാപ്പിള മുഖ്യപ്രഭാഷണം നടത്തും.ഇന്‍ഫോ എഡ്ജ് സ്ഥാപകനും എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ പത്മശ്രീ സഞ്ജീവ് ബിഖ്ചന്ദാനി ഭാവിയിലെ ബിസിനസ്സ് സാദ്ധ്യതകള്‍ എന്ന വിഷയത്തില്‍ സംസാരിക്കും

സംസ്ഥാനം പ്രഖ്യാപിച്ച പുതിയ കാരവന്‍ ടൂറിസത്തെക്കുറിച്ചുള്ള പ്രത്യേക സെഷനാണ് സമാപന ദിവസത്തെ പ്രധാന ആകര്‍ഷണം. കേരള ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജ ഇതിന് നേതൃത്വം നല്‍കും. സുസ്ഥിര നഗരങ്ങള്‍ കെട്ടിപ്പടുക്കുക, 100% ഡിജിറ്റല്‍ വ്യാപാരം എന്നിവ സംബന്ധിച്ച ചര്‍ച്ചകളും, ടൈ അഗോള സംരംഭങ്ങള്‍ സംബന്ധിച്ച പാനല്‍ സെഷനുകളും സമ്മേളനത്തിലുണ്ട്.

മെന്ററിംഗ് മാസ്റ്റര്‍ക്ലാസുകള്‍, സ്റ്റാര്‍ട്ടപ്പ് ഷോകേസുകള്‍, ക്യൂറേറ്റഡ് നെറ്റ്‌വര്‍ക്കിംഗ് എന്നിവ കോണ്‍ഫറന്‍സിന്റെ മറ്റു സവിശേഷതകളാണ്. അമ്പതിലധികം പ്രമുഖ നിക്ഷേപകരും ഫണ്ട് ഹൗസുകളും പങ്കെടുക്കുന്നുണ്ട്. കെപിഎംജി നോളജ് പാര്‍ട്ണര്‍ ആയി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു ഇന്ററാക്ടീവ് ഫിസിക്കല്‍ പ്ലാറ്റ്‌ഫോം സംഘടിപ്പിക്കുന്നുമുണ്ട്. കൂടാതെ ടൈകോണില്‍ കെപിഎംജി ഉദ്യോഗസ്ഥരുമായി സംവദിക്കാനും നെറ്റ്‌വര്‍ക്ക് ചെയ്യാനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും പരിപാടി അവസരമൊരുക്കും.

Next Story

RELATED STORIES

Share it