Economy

എടിഎം കാര്‍ഡില്‍ ഇലക്ട്രോണിക്ക് ചിപ്പ് ഘടിപ്പിച്ചില്ല; കേരള ബാങ്ക് എടിഎം തട്ടിപ്പിന്റെ കാരണം കണ്ടെത്തി അന്വേഷണസംഘം

എ.ടി.എം കാര്‍ഡുകളില്‍ ഇലക്ടോണിക് ചിപ്പുകള്‍ നിര്‍ബന്ധമാക്കണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം കേരള ബാങ്ക് പാലിച്ചില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. ബാങ്കിന് വേണ്ടി സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ കമ്പനിയിലെ ജീവനക്കാരനാണ് പാസ്‌വേര്‍ഡ് ചോര്‍ത്തി നല്‍കിയതെന്ന് പ്രതികള്‍ മൊഴി നല്‍കി

എടിഎം കാര്‍ഡില്‍ ഇലക്ട്രോണിക്ക് ചിപ്പ് ഘടിപ്പിച്ചില്ല; കേരള ബാങ്ക് എടിഎം തട്ടിപ്പിന്റെ കാരണം കണ്ടെത്തി അന്വേഷണസംഘം
X

തിരുവനന്തപുരം: കേരള ബാങ്ക് എടിഎം തട്ടിപ്പിന് കാരണമായത് ബാങ്ക് എടിഎം കാര്‍ഡില്‍ ഇലക്ട്രോനിക്ക് ചിപ്പ് ഘടിപ്പിക്കാതിരുന്നതിനാലെന്ന് അന്വേഷണസംഘം. എ.ടി.എമ്മുകളില്‍ ഇഎംവി ചിപ്പുകള്‍ നിര്‍ബന്ധമാക്കണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം കേരള ബാങ്ക് പാലിച്ചില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. ബാങ്കിന് വേണ്ടി സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ കമ്പനിയിലെ ജീവനക്കാരനാണ് പാസ്‌വേര്‍ഡ് ചോര്‍ത്തി നല്‍കിയതെന്ന് പ്രതികള്‍ മൊഴി നല്‍കി.

കേരള ബാങ്ക് എ.ടി.എമ്മുകളില്‍ നിന്ന് 2.64 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ബാങ്കിന് ഗുരുതര സുരക്ഷ വീഴ്ചയെന്ന കണ്ടെത്തല്‍. ബാങ്കിന്റെ എടിഎം കാര്‍ഡുകള്‍ക്ക് അതീവ സുരക്ഷയുള്ള ഇഎംവി ചിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും എടിഎമ്മുകളില്‍ ഇഎംവി ചിപ്പ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത് കാരണം മാഗ്‌നെറ്റിക് സ്ട്രിപ്പ് മാത്രമുള്ള സുരക്ഷ കുറഞ്ഞ എ.ടി.എം കാര്‍ഡുകളും മെഷീനില്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്നു.

2019 ലാണ് എടിഎമ്മുകളിലും കാര്‍ഡുകളിലും റിസര്‍വ് ബാങ്ക് ഇ.എം.വി ചിപ്പ് ഉപയോഗം നിര്‍ബന്ധമാക്കിയത്. എന്നാല്‍, കേരള ബാങ്ക് ഇത് പൂര്‍ണമായും നടപ്പാക്കാത്തതാണ് സുരക്ഷാവീഴ്ചയ്ക്ക് കാരണമായതും തട്ടിപ്പിന് വഴിയൊരുക്കിയതെന്നും കേസന്വേഷിക്കുന്ന സൈബര്‍ ക്രൈം വിഭാഗം കണ്ടെത്തി. ബാങ്കിന്റെ സെര്‍വര്‍ തകരാറായതിനെത്തുടര്‍ന്ന് ഒരു മാസമായിട്ടും പണം നഷ്ടമായത് ബാങ്ക് അറിഞ്ഞിരുന്നില്ല. കൂടുതല്‍ തുക ബാങ്കില്‍ നിന്ന് പ്രതികള്‍ തട്ടിയെന്ന സംശയവുമുണ്ട്. അതിനിടെ ബാങ്കിന്റെ രഹസ്യ പാസ് വേര്‍ഡ് ചോര്‍ത്തി നല്‍കിയത് ബാങ്കിന് വേണ്ടി സോഫ്റ്റ്‌വേര്‍ തയ്യാറാക്കിയ കമ്പനി ജീവനക്കാരാനാണെന്ന് പോലിസിന് സൂചന ലഭിച്ചു. പ്രതികളായ അബ്ദുല്‍ സമദാനി, മുഹമ്മദ് നജീബ്, മുഹമ്മദ് നുമന്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരം ലഭിച്ചത്. തട്ടിപ്പിനായി വ്യാജ എടിഎം കാര്‍ഡുകള്‍ നല്‍കിയ ഡല്‍ഹി സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it