Wayanad

കൊവിഡ്: കുരങ്ങു പനി ഭീതിക്കിടെ എലിപ്പനിയും; വയനാട്ടില്‍ അതീവ ജാഗ്രത

കൊവിഡ്: കുരങ്ങു പനി ഭീതിക്കിടെ എലിപ്പനിയും;   വയനാട്ടില്‍ അതീവ ജാഗ്രത
X

പി സി അബ്ദുല്ല

കല്‍പറ്റ: ഇതര ജില്ലകളെ അപേക്ഷിച്ച് കൊവിഡ് വ്യാപനം തടയുന്നതില്‍ മികച്ച മുന്നേറ്റം കൈവരിക്കുമ്പോഴും വയനാട് ജില്ല മാരകമായ മറ്റു പകര്‍ച്ച വ്യാധികളുടെ ആശങ്കയില്‍. കൊവിഡ് പ്രതിരോധ നടപടികള്‍ക്കിടയില്‍ കുരങ്ങു പനി ഭീഷണി കൂടി നേരിടേണ്ടി വന്ന വയനാട് ഇപ്പോള്‍ എലിപ്പനി ഭീതിയും കടുത്ത വെല്ലുവിളിയായി അഭിമുഖീകരിക്കുകയാണ്.

ജില്ലയില്‍ എലിപ്പനി കൂടി വരുന്നതായാണ് ആരോഗ്യ വകുപ്പ് തയാറാക്കിയ റിപോര്‍ട്ട് വ്യക്തമാകുന്നത്.രോഗം സ്ഥിരീകരിച്ച് ഈ മാസം ഒരാളും, രോഗ ലക്ഷണങ്ങളോടെ 11 പേരും ചികില്‍സ നേടി. മെയ് മാസത്തില്‍ 10 സ്ഥിരീകരിച്ച രോഗികളും, 14 പേര്‍ രോഗ ലക്ഷണങ്ങളോടെയും ചികില്‍സ തേടിയിട്ടുണ്ട്. കഴിഞ്ഞ മാസം എലിപ്പനി ലക്ഷണങ്ങളോടെ 2 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇത് വരെ ചികില്‍സ തേടിയതില്‍ 30 പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുകയും ഒരാള്‍ മരിക്കുകയും ചെയ്തു.

രോഗ ലക്ഷണങ്ങളോടെ ഈ വര്‍ഷം ചികില്‍സ തേടിയ 211 പേരില്‍ 4 പേരും മരിച്ചിരുന്നു. എലിപ്പനി പ്രതിരോധത്തിന് ഡോക്‌സി സൈക്ലിന്‍ ഫലപ്രദം തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍, ക്യഷിപ്പണിയിലേര്‍പ്പെടുന്നവര്‍, മലിന ജലവുമായി സമ്പര്‍ക്കമുണ്ടാകുന്ന തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, മ്യഗ പരിപാലനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ ആഴ്ചയിലൊരിക്കല്‍ ഡോക്‌സി സൈക്ലിന്‍ 200mg ഗുളിക 4 ആഴ്ച കഴിക്കേണ്ടതാണ്. ഇത് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. ഇത്തരം ജോലികളിലേര്‍പ്പെടുന്നവര്‍ ആവശ്യമായ മറ്റു മുന്‍കരുതലുകളും അനുവര്‍ത്തിക്കേണ്ടതാണ്.കൈകാലുകളിലെയും ശരീരത്തിലെയും മുറിവ്, വ്രണം എന്നിവയിലൂടെ എലിപ്പനി രോഗാണു (ലെപ്‌റ്റോ സ്‌പൈറ ബാക്ടീരിയ) ശരീരത്തില്‍ പ്രവേശിക്കുന്നത്. വളംകടി പോലുള്ള ചെറിയ വ്രണങ്ങളിലൂ ടെയോ മുറിവിലൂടെയോ രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കാം. പ്രധാനമായും എലി മൂത്രത്തില്‍ നിന്നാണ് രോഗാണു വെളളത്തിലും ഭക്ഷണത്തിലും കലരുന്നത്. തുടക്കത്തില്‍ ചികിത്സ ലഭിച്ചാല്‍ എലിപ്പനി പൂര്‍ണ്ണമായും ഭേദമാക്കാവുന്ന രോഗമാണ്. എലിപ്പനി ബാധിതരില്‍ മഞ്ഞപ്പിത്ത ലക്ഷണം കാണപ്പെടുന്നതിനാല്‍ ശരിയായ ചികിത്സ തക്കസമയത്ത് ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാനും, മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

വയനാട്ടില്‍ കുരങ്ങുപനി ഭീതി നിലവിലുണ്ട്. ലോക്ക്ഡൗണ്‍ മോഡല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കുരങ്ങു പനി നേരിടാന്‍ ജില്ലാ ഭരണകൂടം നടപ്പാക്കിയത്. ആദിവാസികള്‍ ഭൂരിഭാഗമുള്ള തിരുനെല്ലി പഞ്ചായത്തില്‍ മാത്രമാണ് ഇത്തവണ കുരങ്ങു പനി ബാധിച്ചത്. തിരുനെല്ലിയില്‍ പ്രത്യേക ജാഗ്രതയിലാണ് അധികൃതര്‍. തിരുനെല്ലി പഞ്ചായത്തിലെ 28 പേര്‍ക്കാണ് ഈ വര്‍ഷം കുരങ്ങു പനി ബാധിച്ചത്. എല്ലാവരും ആദിവാസികളാണ്. ഇതില്‍ 4 പേര്‍ മരിച്ചു. ഒരാള്‍ ചികില്‍സയില്‍ തുടരുകയാണ്. ഇതുകൂടാതെ 12 പേര്‍ക്കുകൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തി.



Next Story

RELATED STORIES

Share it