Thrissur

വയോധികയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടിയ യുവതി പിടിയില്‍

വയോധികയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടിയ യുവതി പിടിയില്‍
X

മാള: വയോധികയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടിയ യുവതി പിടിയില്‍. സൊക്കോര്‍സോ സ്‌കൂളിനും പോലിസ് ക്വാര്‍ട്ടേഴ്‌സിന് എതിര്‍വശത്തുമായുള്ള വീട്ടിലെ 70 വയസ്സുള്ള കൊച്ചു ഷൗക്കത്ത് എന്ന സ്ത്രീയുടെ അഞ്ചു പവന്റെ മാല വീട്ടില്‍ കയറിയാണ് കവര്‍ന്നത്. കോയാലിപ്പറമ്പില്‍ ഷൗക്കത്തിന്റെ ഭാര്യയുടെ മാലയാണ് യുവതി പൊട്ടിച്ചത്. പുത്തന്‍വേലിക്കര മാനാഞ്ചേരിക്കുന്ന് പണിക്കശ്ശേരി അജേഷിന്റെ ഭാര്യ ആശ(29)യാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ എട്ടോടെ മാള പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വീട്ടില്‍ ജോലിയന്വേഷിച്ചെത്തിയ യുവതി ബെല്ലടിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ വാതില്‍ തുറക്കുകയും വീട്ടില്‍ ജോലിക്കാരിയുണ്ടെന്നും വേറെ ജോലിക്കാരിയെ വേണ്ടെന്നും പറയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ചായ വേണമെന്ന് പറയുകയും യുവതി അകത്തേക്ക് കയറുകയും ചെയ്തു. വീട്ടമ്മ ജോലിക്കാരിയെ ആവശ്യം വരുമ്പോള്‍ വിളിക്കാമെന്നു പറഞ്ഞ് ഫോണ്‍ നമ്പറും പേരും എഴുതി കൊടുക്കാനാവശ്യപ്പെട്ടു. കുനിഞ്ഞ് നിന്ന് ടീപ്പോയിയിലെ പേപ്പറില്‍ എഴുതുന്നതിനിടെ വീട്ടമ്മയുടെ താടിക്ക് ബലമായി കുത്തിപ്പിടിച്ചു. ഈ സമയം വീട്ടമ്മ യുവതിയെ ശക്തമായി തള്ളിമാറ്റി. ബാഗില്‍ നിന്നു മുളക് പൊടിയെടുത്ത് വീട്ടമ്മയുടെ കണ്ണിലേക്ക് വിതറാന്‍ നോക്കിയപ്പോള്‍ കൈ വീണ്ടും തട്ടിമാറ്റിയെങ്കിലും മറുകൈയുപയോഗിച്ച് മാല പൊട്ടിച്ചോടി. ഉടനെ വീട്ടമ്മ വീടിന് പുറത്തുണ്ടായിരുന്ന ഭര്‍ത്താവിനെ വിവരം അറിയിച്ചു. വയോധികനായ ഭര്‍ത്താവ് മോഷ്ടാവിന്റെ പിന്നാലെ ഓടി. ബഹളം കേട്ട അയല്‍വാസികളും പിന്നാലെ ഓടി. സ്‌റ്റേഡിയത്തിനരികിലൂടെ വടക്കോട്ട് പോവുന്ന റോഡിലൂടെയാണ് യുവതി ഓടിയത്.

ഇതേസമയം മാല പൊട്ടിച്ചു കൊണ്ടുപോയെന്ന പരാതിയില്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ സ്ത്രീയെ പെട്ടെന്നുതന്നെ കണ്ടെത്തി പിടിക്കാന്‍ കഴിഞ്ഞിരുന്നു. മുന്‍ ദിവസങ്ങളില്‍ അന്വേഷണം നടത്തിയാണ് ഈ വീട്ടിലെത്തിയത്. വീട്ടിലെ ജോലിക്കാരി വരുന്ന സമയവും വീട്ടുകാരനുണ്ടായിരുന്ന അസുഖവും മറ്റും അറിഞ്ഞെത്തിയാണ് യുവതി വീട്ടുകാരിയുടെ കൂടെ വര്‍ത്തമാനം പറഞ്ഞ് വീട്ടിനകത്തേക്ക് കയറിയത്. കൊച്ചു ഷൗക്കത്ത് എന്ന സ്ത്രീ പിടിച്ചു വലിയില്‍ പല്ലിന് പരിക്കേറ്റ് മാള നീം കെയര്‍ ഹോസ്പിറ്റലില്‍ ചികില്‍സ തേടി. മാള പോലിസ് സ്‌റ്റേഷനില്‍ ഈ സമയം ഡിജി യായിരുന്ന ഗ്രേഡ് എ എസ് ഐ ഷിബു, എസ് സി പി ഒ അന്‍വര്‍, ഡ്രൈവര്‍ വിപിന്‍ എന്നിവരുടെ മികച്ച പ്രവര്‍ത്തനമാണ് പെട്ടെന്നുതന്നെ പ്രതിയെ യുവതി കഴിഞ്ഞത്. യുവതിയുടെ ഹാന്റ് ബാഗില്‍ മുളക് പൊടിയടങ്ങിയ കവര്‍, ആവശ്യം വന്നാല്‍ മാറ്റിയുടുക്കാനുള്ള ചുരിദാര്‍, ബാങ്ക് പാസ് ബുക്ക്, ആധാര്‍ അടക്കമുള്ള രേഖകള്‍ തുടങ്ങിയവയുണ്ടായിരുന്നു. മാള പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.




Next Story

RELATED STORIES

Share it