Thrissur

കുഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിനു സമാപനം

കുഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിനു സമാപനം
X

മാള(തൃശൂര്‍): കുഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള ഡയറക്ടര്‍മാരുടെ തിരഞ്ഞെടുപ്പിന് സമാപനമായി. മൂന്ന് മുന്നണികളും നടത്തിയ വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് ഇന്നലെ കുഴൂര്‍ ഗവ. ഹൈസ്‌കൂളില്‍ തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മുന്നണികളും ബാങ്കിന്റെ പരിധിയിലുള്ള പ്രദേശങ്ങളിലേക്ക് ഒട്ടനവധി വാഹനങ്ങളാണ് സജ്ജീകരിച്ചിരുന്നത്. ഇതുമൂലം കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് കൂടി. കഴിഞ്ഞ തവണ 6300 ഓളം പേരാണ് വോട്ട് ചെയ്തതെങ്കില്‍ ഇത്തവണ 7932 പേരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. നിലവില്‍ 15500 അംഗങ്ങളാണുള്ളത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 1500ഓളം പുതിയ അംഗങ്ങള്‍ ബാങ്കില്‍ ചേര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തങ്ങളുടെ പാനല്‍ വിജയിച്ച് ഭരണം നിലനിര്‍ത്തുമെന്നാണ് ഇടത് മുന്നണിയുടെ അവകാശവാദം. ഓരോ സ്ഥാനാര്‍ഥിയും 2000 മുതല്‍ 3000 വരെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് അവരുടെ അവകാശവാദം. ശക്തമായ മല്‍സരം കാഴ്ച വെക്കാനായതിനാല്‍ ഭരണം പിടിച്ചെടുക്കാന്‍ വരെയുള്ള സാദ്ധ്യതയുണ്ടെന്നാണ് യുഡിഎഫ് ക്യാംപിന്റെ കണക്കുകൂട്ടല്‍. നിലവിലുള്ള സഹകരണ സംരക്ഷണ മുന്നണി (എല്‍ഡിഎഫ്) 30 വര്‍ഷം മുന്‍പാണ് യുഡിഎഫില്‍ നിന്നും ഭരണം പിടിച്ചെടുത്തത്. 46 വര്‍ഷം ഭരണത്തിലിരുന്ന യുഡിഎഫിനെ പരാജയപ്പെടുത്തിയാണ് 1989ല്‍ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തത്. എടിഎം അടക്കമുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് നിലവിലുള്ള ഭരണസമിതിയുടെ ലക്ഷ്യമെന്ന വാഗ്ദാനങ്ങളും നല്‍കിയിരുന്നു.

അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷമായി അംഗങ്ങള്‍ക്ക് നല്‍കുന്ന ഡിവിഡന്റിന്റെ തോത് കുറഞ്ഞു വരുന്നതായാണ് യുഡിഎഫിന്റെ നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണിയുടെ ആരോപണം. സിപിഎം, സിപിഐ തര്‍ക്കം മൂലം ബാങ്ക് ഭരണം പ്രതിസന്ധിയിലാണെന്നും മറ്റുമാണവരുടെ ആരോപണം. സഹകരണ സംരക്ഷണ മുന്നണിയുടെ ടി കെ അമാനുല്ല, പികെ അലി, അര്‍ജുന്‍ രവി, പിഎഫ് ജോണ്‍സന്‍, കെവി വസന്തകുമാര്‍, കെസി വിജയന്‍, പിഎ ശിവന്‍, ടിഐ മോഹന്‍ദാസ്, ജാസ്മിന്‍ ജോണ്‍സന്‍, മഞ്ജുള ദേവി, സുധ ദേവദാസ്, എംവി കൃഷ്ണന്‍കുട്ടി എന്നിവരും സഹകരണ ജനാധിപത്യ മുന്നണിയുടെ എംഎ ജോജോ, സാജന്‍ കൊടിയന്‍, എന്‍ഡി പോള്‍സണ്‍, പിഎം ലത്തീഫ്, എന്‍എസ് വിജയന്‍, കെടി സോമശേഖരന്‍, ഇ കേശവന്‍കുട്ടി, ബിജി വില്‍സന്‍, സില്‍വി സേവ്യര്‍, സ്മിത ബിബിന്‍ദാസ്, വികെ കാര്‍വര്‍ണ്ണന്‍ എന്നിവരും എന്‍ഡിഎയുടെ അജിത്കുമാര്‍, അനില്‍, എംകെ ഗംഗാധരന്‍, പരമേശ്വരന്‍, കെപി ഫ്രാന്‍സിസ്, ടികെ മുരളീധരന്‍, ടിഡി സദാനന്ദന്‍, എംആര്‍ ഷണ്‍മുഖന്‍, പ്രഭ ടീച്ചര്‍, രജനി പ്രജീഷ്, ലളിതാംബിക, വികെ സുബ്രഹ്മണ്ണ്യന്‍ എന്നിവരുമാണ് ജനവിധി തേടിയത്. ഭരണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും വരെയുള്ളവരെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it