Thrissur

ഗര്‍ഭിണിക്ക് മരുന്നെത്തിച്ചും അതിഥികളെ അന്നമൂട്ടിയും ഫയര്‍ഫോഴ്‌സ്

ഗര്‍ഭിണിക്ക് മരുന്നെത്തിച്ചും അതിഥികളെ അന്നമൂട്ടിയും ഫയര്‍ഫോഴ്‌സ്
X

മാള(തൃശൂര്‍): ഗര്‍ഭിണിക്ക് ആവശ്യമായ മരുന്നെത്തിച്ച് ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍. കുഴൂര്‍ ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡ് കുണ്ടൂര്‍ തെക്കേത്തുരുത്ത് കാറാത്ത് അമ്മിണി ബേബിക്കാണ് പ്രമേഹത്തിനുള്ള മരുന്നെത്തിച്ചത്. ഏഴുമാസം ഗര്‍ഭിണിയായ അമ്മിണി ബേബി ഏറെനാളായി പ്രമേഹരോഗത്തിന് മൂന്നുതരം ഇന്‍സുലിനുകള്‍ ഉപയോഗിച്ചുവരികയായിരുന്നു. ഫയര്‍ ആന്റ് റെസ്‌ക്യൂ ഫോഴ്‌സ് മരുന്നെത്തിച്ചത് വളരെയേറെ സഹായകരമായി. ഭര്‍ത്താവിന് പണിയില്ലാത്തതു കാരണം വിലയേറിയ ഇന്‍സുലിനുകള്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഈ വിവരം വാര്‍ഡംഗം നന്ദിത വിനോദ് തിരുമുക്കുളം സഹകരണ സംഘത്തില്‍ അറിയിച്ചു. സംഘം ഉടനെ മാള ഫയര്‍ഫോഴ്‌സുമായി ബന്ധപ്പെട്ടു. തൃശൂരില്‍ ലഭിക്കാതിരുന്ന ഇന്‍സുലിനുകള്‍ അവര്‍ വടക്കന്‍ പറവൂരില്‍ നിന്ന് ഉടനടി എത്തിച്ചുനല്‍കുകയായിരുന്നു. മരുന്നുകള്‍ രോഗിയുടെ വീട്ടിലെത്തി കൈമാറി.

മാള ഫയര്‍ഫോഴ്‌സ് കൈക്കൊണ്ട ദ്രുത ഗതിയിലുള്ള നടപടിയില്‍ സംഘം പ്രസിഡന്റ് ഏറെ കൃതജ്ഞത രേഖപ്പെത്തി. കൂടാതെ കാന്‍സര്‍ രോഗിയായ പൂപ്പത്തി കോങ്കോത്ത് ഗീത രാജു, പൊയ്യയിലെ മറ്റൊരു രോഗി എന്നിവര്‍ക്കും മരുന്നെത്തിച്ചു. ഇതോടൊപ്പം കുണ്ടൂര്‍ ആലമറ്റം ഭാഗത്ത് തൃശൂര്‍, എറണാകുളം ഭാഗത്തുനിന്ന് വന്ന് ഒറ്റപ്പെട്ട് പണവും ഭക്ഷണവുമില്ലാതെ വലഞ്ഞ നാല് നിര്‍മാണത്തൊഴിലാളികള്‍ക്ക് ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘം ഭക്ഷണക്കിറ്റും നല്‍കി. സ്‌റ്റേഷന്‍ ഓഫിസര്‍ ജൂഡ് തഥേവൂസ്, എ വി കൃഷ്ണരാജ്, യു വി പ്രവീണ്‍കുമാര്‍, രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രോഗികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും സഹായമെത്തിച്ചത്. അപകട സ്ഥലത്ത് മാത്രമല്ല ഇത്തരം വേളകളിലും ജനങ്ങള്‍ക്കൊപ്പം തങ്ങളുണ്ടാകുമെന്ന് ഫയര്‍ഫോഴ്‌സ് തെളിയിക്കുകയായിരുന്നു.


Next Story

RELATED STORIES

Share it