Thiruvananthapuram

കിഫ്ബി റോഡിന് ടോള്‍: ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം പുനപ്പരിശോധിക്കണം: എം എം താഹിര്‍

കിഫ്ബി റോഡിന് ടോള്‍: ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം പുനപ്പരിശോധിക്കണം: എം എം താഹിര്‍
X

തിരുവനന്തപുരം: കിഫ്ബി റോഡികള്‍ക്ക് ടോള്‍ ചുമത്തി ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം ഇടതു സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍. ജനങ്ങളുടെ നികുതിപ്പണവും ഇന്ധന സെസും ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയാണ് കിഫ്ബി റോഡ് നിര്‍മിക്കുന്നത്. ഒരു വശത്ത് ധൂര്‍ത്തും ആഡംബര മേളകളും നടത്തി ഖജനാവ് കാലിയാക്കിയ ശേഷം അമിത നികുതി ചുമത്തി ജന ജീവിതം ദുസ്സഹമാക്കുകയാണ്. മറുവശത്ത് ബജറ്റിനു പുറത്ത് കിഫ്ബിയും കടമെടുപ്പും നടത്തി ജനങ്ങളെ ആജീവനാന്ത കടക്കാരാക്കുകയും അതിലൂടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന റോഡുകള്‍ക്ക് ടോള്‍ പിരിക്കാനും ശ്രമിക്കുകയാണ്.

വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചു എന്നതിന്റെ പേരില്‍ പാവപ്പെട്ട ജനങ്ങളെ ഇത്രയധികം ബുദ്ധിമുട്ടിക്കണോ എന്നു മുഖ്യമന്ത്രിയും സര്‍ക്കാരും പുനര്‍വിചിന്തനം നടത്തണം. വിലക്കയറ്റം, വൈദ്യുതി ചാര്‍ജ്, വെള്ളക്കരം, ഭൂ നികുതി, കോടതി ഫീസ് തുടങ്ങി സര്‍വതും വര്‍ധിപ്പിച്ച് നിത്യവൃത്തിക്കു പോലും സാധ്യമല്ലാത്ത വിധം ജനജീവിതം ദുസ്സഹമായിരിക്കുന്നു. മുഖ്യമന്ത്രിയും പരിവാരങ്ങളും ആഡംബര കാറുകളില്‍ രാജാവിനെ പോലെ വിലസുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജനങ്ങളുടെ മേല്‍ ടോള്‍ കൂടി അടിച്ചേല്‍പ്പിക്കുന്നത് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കലാകുമെന്നും എം എം താഹിര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it