Thiruvananthapuram

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം തടയാന്‍ നഗരത്തില്‍ 50 സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം തടയാന്‍ നഗരത്തില്‍ 50 സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍
X

തിരുവനന്തപുരം: നഗര പരിധിയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് ഉറപ്പാക്കാനും നിയമ ലംഘനങ്ങള്‍ തടയാനും 50 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചതായി ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. കോര്‍പറേഷന്റെ രണ്ടു വാര്‍ഡുകള്‍ക്ക് ഒരു സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്ന കണക്കിലാണു നിയമിച്ചിട്ടുള്ളത്. ഇവര്‍ ഓരോ മേഖലയിലും ശക്തമായ പരിശോധന നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.

കോര്‍പറേഷന്‍ പരിധിയില്‍ മണക്കാട്, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട, കരമന, നേമം, കവടിയാര്‍ മേഖലകളില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിശോധന കര്‍ശനമാക്കും. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ഓരോ ഡിവിഷനിലെയും കൗണ്‍സിലര്‍മാര്‍, പൊതു സംഘടനകള്‍ എന്നിവരുടെ സേവനം സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനത്തില്‍ പ്രയോജനപ്പെടുത്തും.

നഗര പരിധിയിലെ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തന രീതി വിലയിരുത്താന്‍ സബ് കളക്ടര്‍ എംഎസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. നിയമ ലംഘനങ്ങള്‍ തടയുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നതിനൊപ്പം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിലും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ശ്രദ്ധവയ്ക്കണമെന്നു യോഗത്തില്‍ സബ് കലക്ടര്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്കും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ ശ്രദ്ധയില്‍പ്പെടുത്താം. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കു പൊതുജനങ്ങളുടെ സഹകരണമുണ്ടാകണമെന്നും സബ് കലക്ടര്‍ അഭ്യര്‍ഥിച്ചു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ജികെ സുരേഷ് കുമാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ ജില്ലാ നോഡല്‍ ഓഫിസര്‍ ബി അനീഷ് കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. നഗരത്തിലേതിനു പുറമേ ജില്ലയുടെ എല്ലാ പഞ്ചായത്തുകളിലും മുനിസിപാലിറ്റികളിലും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it