Pathanamthitta

പിണറായി ഭരണത്തില്‍ കേരളത്തിന്റെ സര്‍വ്വ നന്മകളും നശിച്ചു: അന്‍സാരി എനാത്ത്

എസ്ഡിപിഐ ജന ജാഗ്രത ക്യാമ്പയിന് പത്തനംതിട്ടയില്‍ തുടക്കം

പിണറായി ഭരണത്തില്‍ കേരളത്തിന്റെ സര്‍വ്വ നന്മകളും നശിച്ചു: അന്‍സാരി എനാത്ത്
X

പന്തളം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുഭരണം കേരളത്തിന്റെ എല്ലാ മതേതര- ജനാധിപത്യ നന്മകളേയും നശിപ്പിച്ചതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം അന്‍സാരി എനാത്ത്. പിണറായി-പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജന ജാഗ്രത ക്യാമ്പയിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം പന്തളത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഒരു എംഎല്‍എ പോലുമില്ലാത്ത ബിജെപി സംസ്ഥാന ആഭ്യന്തര വകുപ്പും പോലീസ് സംവിധാനവും അടക്കി ഭരിക്കുകയാണ്. ആര്‍എസ്എസ് അജണ്ടകള്‍ക്കനുസരിച്ച് പോലീസ് സംവിധാനം മാറി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പന്തളത്ത് ഗണേശോത്സവത്തിന്റെ മറവില്‍ ആക്രമിക്കപ്പെട്ട വയോധികക്ക് നേരിട്ട നീതി നിഷേധം.

കൃത്യമായ അജണ്ടകളോടെയാണ് ആര്‍എസ്എസ്-പോലിസ് കൂട്ടുകെട്ട് കേരളത്തില്‍ നടക്കുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടില്‍ ഏറ്റവും കൂടുതല്‍ ഇരയാകുന്നത് ന്യൂന വിഭാഗങ്ങളാണ്. കേരളത്തിലെ ഒരു ജില്ലയെ ഭീകരവല്‍ക്കരിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു. ഇത്തരം അനീതികള്‍ കേരളത്തില്‍ വ്യാപകമായി നടമാടുമ്പോള്‍ പ്രതിപക്ഷമോ ഇടതുപക്ഷത്തിലെ ഘടകകക്ഷികളോ ക്രിയാത്മകമായ നിലപാടുകള്‍ സ്വീകരിക്കാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ഷാജി പഴകുളം, ഷേക്ക് നജീര്‍, വൈസ് പ്രസിഡന്റ് ബിനു ജോര്‍ജ്,സെക്രട്ടറി സഫിയ പന്തളം, ട്രഷറര്‍ ഷാജി കോന്നി, അടൂര്‍ മണ്ഡലം പ്രസിഡണ്ട് മുജീബ് ചേരിക്കല്‍, സെക്രട്ടറി താജുദ്ദീന്‍ അടൂര്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it