Palakkad

ചെര്‍പ്പുളശ്ശേരിയില്‍ കരാറുകാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍

ചെര്‍പ്പുളശ്ശേരിയില്‍ കരാറുകാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍
X

ചെര്‍പ്പുളശ്ശേരി : തൃക്കടീരിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കരാറുകാരനെ ബൈക്കില്‍ എത്തി ഇടിച്ചു വീഴ്ത്തി ബൈക്കും രണ്ട് മൊബൈല്‍ ഫോണുകളും പണവും കവര്‍ന്ന ഏഴ് പേരടങ്ങുന്ന ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേരെ ചെര്‍പ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ ഒളിവിലാണ്. നാല് ബൈക്കുകളിലെത്തിയാണ് പ്രതികള്‍ അക്രമം നടത്തിയത്. തട്ടിയെടുത്ത ബൈക്ക് പോലീസ് കണ്ടെടുത്തു. അക്രമിസംഘാങ്ങള്‍ ഉപയോഗിച്ച ഒരു ബൈക്കും കണ്ടെടുത്തു. 2023 ഏപ്രില്‍ 6 ന് തൃക്കടീരിയില്‍ വെച്ചായിരുന്നു കരാറുകാരന്‍ കോതകുര്‍ശ്ശി സ്വദേശി ഗോപാല കൃഷ്ണനെ ആക്രമിച്ച് കവര്‍ച്ച നടത്തിയത്.

തുടര്‍ന്ന് മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി കൃഷ്ണദാസിന്റെ നിര്‍ദ്ദേശപ്രകാരം ചെര്‍പ്പുളശേരി സി.ഐ. ശശികുമാറിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് മൂന്ന് പ്രതികളെ പിടികൂടിയത്. പ്രതികളായ പാലക്കാട് കല്ലിങ്കലില്‍ താമസിക്കുന്ന കല്‍മണ്ഡപം വടക്കുമുറി ബഷീറിന്റെ മകന്‍ മുഹമ്മദ് ഹാരിസ്(33), കൊഴിഞ്ഞാംപാറ സ്വദേശി ഹനീഫയുടെ മകന്‍ സിക്കന്ദര്‍ ബാഷ(35), കരിമ്പുഴ സ്വദേശിയും കോട്ടായി ഓടനൂരില്‍ താമസിക്കുന്ന സുലൈമാന്‍ മകന്‍ ജിന്‍ഷാദ്(27) എന്നിവരാണ് അറസ്റ്റിലായത് .

അക്രമികള്‍ ഉപയോഗിച്ച ഒരു ബൈക്കും കവര്‍ന്ന ബൈക്കും പണവുമാണ് പൊലീസ് കണ്ടെടുത്തത്. കവര്‍ന്ന ബൈക്കിന് വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് മറ്റൊരു സ്ഥലത്ത് കുഴല്‍പണം തട്ടല്‍ ഈ സംഘം നടത്തിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘം ഉപയോഗിച്ച 4 ബൈക്കുകളുടെയും നമ്പര്‍ വ്യാജമാണ്. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകളുടെ വിലാസവും വ്യാജമാണെന്ന് കണ്ടെത്തി. എസ് ഐ പ്രമോദ്, എ.എസ്.ഐ ഉണ്ണികൃഷ്ണന്‍, സി.പി.ഒ മാരായ രാജീവ്, അജീഷ് ബാബു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.


Next Story

RELATED STORIES

Share it