Malappuram

ചോര്‍ച്ച: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ അടച്ചിട്ട ശസ്ത്രക്രിയാമുറിയുടെ അറ്റകുറ്റപ്പണി ഇഴയുന്നു

ശസ്ത്രക്രിയ നിര്‍ദേശിക്കപ്പെട്ടവര്‍ക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പലര്‍ക്കും മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളെയോ സ്വകാര്യാശുപത്രികളെയോ സമീപിക്കേണ്ടിവന്നു. മഴപെയ്താല്‍ പുറത്തുനിന്നുള്ള വെള്ളം ശസ്ത്രക്രിയാമുറിക്കുള്ളിലെത്തുന്ന അവസ്ഥയിലായപ്പോഴാണ് മുറി അടച്ചിട്ടത്.

ചോര്‍ച്ച: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ അടച്ചിട്ട ശസ്ത്രക്രിയാമുറിയുടെ അറ്റകുറ്റപ്പണി ഇഴയുന്നു
X

പെരിന്തല്‍മണ്ണ: ചോര്‍ച്ചയെത്തുടര്‍ന്ന് രണ്ടാഴ്ചയോളമായി അടച്ചിട്ട പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയാമുറിയുടെ അറ്റകുറ്റപ്പണികള്‍ ഇഴയുന്നത് രോഗികള്‍ക്ക് ദുരിതമാവുന്നു. ശസ്ത്രക്രിയ നിര്‍ദേശിക്കപ്പെട്ടവര്‍ക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പലര്‍ക്കും മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളെയോ സ്വകാര്യാശുപത്രികളെയോ സമീപിക്കേണ്ടിവന്നു. മഴപെയ്താല്‍ പുറത്തുനിന്നുള്ള വെള്ളം ശസ്ത്രക്രിയാമുറിക്കുള്ളിലെത്തുന്ന അവസ്ഥയിലായപ്പോഴാണ് മുറി അടച്ചിട്ടത്. അതീവപ്രാധാന്യമുള്ള പ്രശ്‌നമായിട്ടും അറ്റകുറ്റപ്പണി നടത്താനുള്ള നടപടികള്‍ ഇഴയുകയാണ്. നേരത്തെ സൂപ്രണ്ടിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് പൊതുമരാമത്ത് വിഭാഗം വിഷയം പരിശോധിച്ചെങ്കിലും ജില്ലാ പഞ്ചായത്തിനെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

എന്‍ജിനീയറില്ലാത്തതിനാല്‍ തുടര്‍നടപടികളുണ്ടായില്ല. വീണ്ടും ജില്ലാ പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ മറ്റൊരു എന്‍ജിനീയറെ ഏര്‍പ്പാടാക്കിയാണ് പരിശോധിച്ചത്. മുമ്പ് പ്രസവമുറി ഉള്‍പ്പെടുന്ന വാര്‍ഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് പുതിയ മാതൃശിശു ബ്ലോക്കിലേക്ക് ഈ വാര്‍ഡിന്റെ പ്രവര്‍ത്തനം മാറ്റിയിരുന്നു. ഇത് പുതുക്കിപ്പണിത് പാലിയേറ്റീവ് വയോജന വാര്‍ഡുകളാക്കി. മാതൃശിശു ബ്ലോക്കില്‍ ശസ്ത്രക്രിയാമുറികളുണ്ടെങ്കിലും ഇത് ഉപയോഗപ്പെടുത്താനുള്ള നടപടികളില്ലാത്തതും രോഗികളെ കൂടുതല്‍ വലയ്ക്കുന്നു. അതേസമയം, മുറി അറ്റകുറ്റപ്പണി നടത്താന്‍ നടപടി സ്വീകരിച്ചതായും മറ്റു സൗകര്യങ്ങള്‍ ഉപയോഗിച്ച് അടിയന്തരശസ്ത്രക്രിയകള്‍ നടക്കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. എന്നാല്‍, നിലവിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന തിയറ്റര്‍ ജീവനക്കാരുടെ സാങ്കേതിക പ്രശ്‌നം പറഞ്ഞ് പ്രവര്‍ത്തിക്കാത്തതും ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it