Malappuram

ടിടിഇ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളും ആവശ്യപ്പെട്ടു; താനൂരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് താഴേക്ക് ചാടിയ ശീതളപാനീയ കച്ചവടക്കാരന് പരിക്ക്

ടിടിഇ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളും ആവശ്യപ്പെട്ടു; താനൂരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് താഴേക്ക് ചാടിയ ശീതളപാനീയ കച്ചവടക്കാരന് പരിക്ക്
X

മലപ്പുറം: രാത്രിയില്‍ ടിക്കറ്റില്ലാതെ കംപാര്‍ട്ട്‌മെന്റില്‍ ശീതളപാനീയം വിറ്റ യുവാവിനെതിരെ നടപടിയെടുക്കുമെന്ന് ടിടിഇ. പിന്നാലെ ഓടുന്ന ട്രെയിനില്‍ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് മലപ്പുറം താനൂരില്‍ എത്തിയപ്പോഴാണ് ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് ചാടിയത്. അപകടത്തില്‍ താനൂര്‍ പാണ്ടിമുറ്റം സ്വദേശി അഷ്‌കറിന് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പതിനൊന്ന് മണിയോടെ ട്രെയിനില്‍ ശീതളപാനീയങ്ങളുള്‍പ്പെടെ യാത്രക്കാര്‍ക്ക് വേണ്ട സാധനങ്ങള്‍ വില്‍ക്കാനായി അഷ്‌കര്‍ കടന്നുപോകുന്നതിനിടെയാണ് ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടത്. ടിക്കറ്റും രേഖകളും ചോദിച്ചതോടെ ട്രെയിനില്‍ നിന്ന് യുവാവ് ചാടുകയായിരുന്നു.

യാത്രക്കാരുടെ രേഖകള്‍ പരിശോധിക്കാനെത്തിയ ടിടിഇ ശീതളപാനീയങ്ങള്‍ വില്‍ക്കുകയായിരുന്ന അഷ്‌ക്കറിനോടും ടിക്കറ്റും തിരിച്ചറിയല്‍ രേഖകളും ആവശ്യപ്പെടുകയായിരുന്നു. കൈവശം ടിക്കറ്റില്ലാതിരുന്ന അഷ്‌കറിനെതിരെ നടപടിയെടുക്കുമെന്ന് ടിടിഇ വ്യക്തമാക്കിയതോടെ ഭയന്ന് പോയ യുവാവ് ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്ത് ചാടുകയായിരുന്നു.

ട്രെയിന്‍ അതിവേഗത്തില്‍ താനൂര്‍ സ്റ്റേഷനിലൂടെ കടന്നുപോകുന്നതിനിടെയായിരുന്നു സംഭവം. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ താനൂര്‍ ചിറയ്ക്കല്‍ ഓവുപാലത്തിന് സമീപത്തുനിന്നുമാണ് ഗുരുതര പരിക്കുകളോടെ അഷ്‌കറിനെ കണ്ടെത്തിയത്. ഉടന്‍ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.





Next Story

RELATED STORIES

Share it