Malappuram

തിരൂരങ്ങാടിയില്‍ 1.44 കോടിയുടെ പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

തിരൂരങ്ങാടിയില്‍ 1.44 കോടിയുടെ പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി
X

പരപ്പനങ്ങാടി: തിരൂരങ്ങാടി മണ്ഡലത്തില്‍ പ്രകൃതിക്ഷോഭ-പ്രളയ പുനര്‍നിര്‍മാണത്തിന് 1.44 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചതായി പി കെ അബ്ദുറബ്ബ് എംഎല്‍എ. 4.24 കോടി രൂപയുടെ പ്രവൃര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ അന്തിമഘട്ടത്തിലാണ്. ഇറിഗേഷന്‍ വകുപ്പില്‍ നിന്നാണ് പണം അനുവദിച്ചുകൊണ്ടുള്ള അനുമതി ലഭ്യമാക്കിയത്. പ്രവൃത്തികള്‍ക്ക് ഭരണ-സാങ്കേതിക അനുമതികള്‍ ലഭ്യമാക്കി ടെണ്ടര്‍ നടപടികളായിട്ടുണ്ട്. പരപ്പനങ്ങാടി ചാപ്പപ്പടി ബീച്ചില്‍ കടലാക്രമണം ചെറുക്കാന്‍ ആറു റീച്ചുകളിലായി 420 മീറ്റര്‍ കോര്‍വാള്‍ നിര്‍മിക്കാന്‍(ആറു പ്രവൃത്തികള്‍) 90 ലക്ഷം, തിരൂരങ്ങാടി നഗര സഭയിലെ പന്താരങ്ങാടിയില്‍(വാര്‍ഡ്-2) കടലുണ്ടിപുഴയുടെ ഇടതു കരയില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ 17 ലക്ഷം, പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം ബീച്ചില്‍ കോര്‍വാള്‍ 30 മീറ്റര്‍ നിര്‍മിക്കാന്‍ 7 ലക്ഷം, പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചില്‍ പള്ളിക്കുളം ഭാഗത്ത് 70 മീറ്റര്‍ കോര്‍വാള്‍ നിര്‍മിക്കാന്‍ 15 ലക്ഷം, പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചില്‍ ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ ഭാഗത്തു 70 മീറ്റര്‍ കോര്‍വാള്‍ നിര്‍മിക്കാന്‍ 15 ലക്ഷം എന്നീ പ്രവൃത്തികളാണ് ടെണ്ടര്‍ നടപടികളിലേക്ക് കടന്നിട്ടുള്ളത്.

അതോടൊപ്പം തന്നെ 4.24 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നതിന്റെ അവസാന ഘട്ടത്തിലുമാണ്. തിരൂരങ്ങാടി നഗരസഭയിലെ പാറപ്പുറം ഭാഗത്ത് കടലുണ്ടിപുഴയുടെ ഇടതുകര സംരക്ഷണ ഭിത്തി നര്‍മാണത്തിനു 26 ലക്ഷം, തിരൂരങ്ങാടി നഗരസഭയിലെ അട്ടക്കുളങ്ങര ഭാഗത്തു കീരനല്ലൂര്‍ പുഴയുടെ സംരക്ഷണ ഭിത്തി നിര്‍മാണത്തിന് 70 ലക്ഷം, പരപ്പനങ്ങാടി ഉള്ളണം ലാക്കല്‍ ഭാഗത്ത് കടലുണ്ടി പുഴയുടെ സംരക്ഷണ ഭിത്തി നിര്‍മാണത്തിന് 60 ലക്ഷം രൂപ, കീരനല്ലൂര്‍ റെഗുലേറ്ററിന്റെ അറ്റകുറ്റപ്പണിക്ക് 22 ലക്ഷം, പരപ്പനങ്ങാടി കെടി നഗര്‍ ബീച്ചില്‍ കടല്‍ ഭിത്തി ബലം കൂട്ടാന്‍ 15 ലക്ഷം, പരപ്പനങ്ങാടി തെക്കേകടപ്പുറം കടല്‍ ഭിത്തി ബലം കൂട്ടാന്‍ 78 ലക്ഷം, പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം കടല്‍ ഭിത്തി ബലം കൂട്ടാന്‍ 59 ലക്ഷം, പരപ്പനങ്ങാടി തെക്കേകടപ്പുറം കടല്‍ ഭിത്തി നിര്‍മാണത്തിന് 22 ലക്ഷം, തിരൂരങ്ങാടി പാലത്തിങ്ങല്‍ ഭാഗത്ത്(വാര്‍ഡ്-39) കീരനല്ലൂര്‍ പുഴയില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ 72 ലക്ഷം എന്നീ 4.24 കോടി യുടെ പ്രവൃത്തികളാണ് ഭരണാനുമതി അന്തിമഘട്ടത്തിലുള്ളത്.

അതുപോലെ തിരൂരങ്ങാടി മണ്ഡലത്തിലെ പെരുമണ്ണക്ലാരി പഞ്ചായത്ത് സര്‍ക്കാര്‍ ആശുപത്രി കെട്ടിട പുനര്‍നിര്‍മ്മാണം, മാണ്ഡ്യാലക്കടവ്, കൂനൂര്‍, കെട്ടുമ്മല്‍, കൊടുമടക്ക്, ഉള്ളണം, തൃക്കുളം പള്ളിപ്പടി മൂഴിക്കല്‍, തൈച്ചേരി, മണാലക്കടവ്, കക്കാട് കൊളക്കാടന്‍തൊടു, വടക്കേക്കാട് എന്നിവിടങ്ങളില്‍ പുഴയുടെ സംരക്ഷണ ഭിത്തി നിര്‍മിക്കല്‍ എന്നീ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കു വേണ്ടി സമര്‍പ്പിക്കുന്ന പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പ്രളയ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് അടിയന്തിരമായി പണം അനുവദിക്കാന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിനെയും ജലവിഭവ വകുപ്പ് മന്ത്രി കൃഷ്ണന്‍ കുട്ടിയേയും നേരില്‍ കണ്ട് നിവേദനങ്ങള്‍ നല്‍കി. പ്രവൃത്തികള്‍ക്ക് പണം അനുവദിച്ച് സര്‍ക്കാര്‍ അനുമതി നല്‍കിയത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും എല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരില്‍ വിളിച്ചുവരുത്തി നിര്‍ദേശം നല്‍കിയതായും പി കെ അബ്ദുറബ്ബ് എംഎല്‍എ പറഞ്ഞു.



Next Story

RELATED STORIES

Share it