Malappuram

പി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം കോട്ടക്കലില്‍

പി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം കോട്ടക്കലില്‍
X

മലപ്പുറം: ''മര്‍ദ്ദിതജനതയുടെ ഉയര്‍ത്തെഴുന്നേല്പിന്റെ മൂന്ന് പതിറ്റാണ്ട് ''എന്ന പ്രമേയത്തില്‍ പി.ഡി.പി. രൂപീകരണത്തിന്റെ മുപ്പതാം വാര്‍ഷികത്തില്‍ പാര്‍ട്ടിയുടെ പത്താം സംസ്ഥാന സമ്മേളനം 2023 ഡിസംബര്‍ 9, 10,11 തീയതികളിലായി മലപ്പുറം കോട്ടക്കലില്‍ നടക്കുമെന്ന് പി.ഡി.പി.നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അവര്‍ണ്ണര്‍ക്ക് അധികാരം പീഢിതര്‍ക്ക് മോചനം എന്ന മുദ്രാവാക്യമുയര്‍ത്തി 1993 ഏപ്രില്‍ 14 ന് ഡോ .അംബേദ്കര്‍ ജന്മദിനത്തിലാണ് പാര്‍ട്ടി രൂപം കൊണ്ടത്. ബാബരി മസ്ജിദ്, ജനസംഖ്യാനുപാതിക സംവരണം, ടാഡ- പോട്ട-യുഎപിഎ ഉള്‍പ്പെടെയുള്ള ഭീകര നിയമങ്ങള്‍ , ദലിത് ന്യൂനപക്ഷ വേട്ടകള്‍, ഏകസിവില്‍ നിയമ നീക്കം, പൗരത്വഭേദഗതി നിയമം , അധികാര ഉദ്യോഗ മേഖലകളിലടക്കം സാമൂഹിക നീതിയും അവസര സമത്വവും ഉറപ്പാക്കുക , സ്വകാര്യ തൊഴില്‍ മേഖലയില്‍ സംവരണം തുടങ്ങി എണ്ണമറ്റ വിഷയങ്ങളില്‍ നിരവധി പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കുകയും ദലിത് -പിന്നോക്ക- ന്യൂനപക്ഷ ഐക്യത്തിന് വേണ്ടിയുള്ള രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് പി.ഡി.പി.

കേരളത്തില്‍ സാമൂഹികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ജനാധിപത്യ പ്രക്രിയയിലും രാഷ്ട്രീയ നേതൃത്വങ്ങളിലും ഇടമുണ്ടാക്കിക്കൊടുത്ത ജനാധിപത്യ വിപ്ലവത്തിന്റെ മൂന്ന് പതിറ്റാണ്ടാണ് പിന്നിടുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടനാ സമ്മേളനങ്ങളുടെ ഭാഗമായി പഞ്ചായത്ത് മുനിസിപ്പല്‍ സമ്മേളനങ്ങളും നിയോജകമണ്ഡലം സമ്മേളനങ്ങളും ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയായി. ഡിസംബര്‍ 9 ന് രാവിലെ 9 ന് പതാക ഉയര്‍ത്തി സമ്മേളനത്തിന് തുടക്കമാകും. പ്രതിനിധി സമ്മേളനം പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 11 ന് സംസ്ഥാന സമ്മേളന മഹാറാലിക്ക് ശേഷം നടക്കുന്ന സമ്മേളനത്തില്‍ ദേശീയ സംസ്ഥാന തലത്തിലുള്ള പ്രമുഖ രാഷ്ട്രീയ -സാമൂഹിക -മനുഷ്യാവകാശ പ്രവര്‍ത്തകരും നേതാക്കളും പങ്കെടുക്കും.

സ്വാഗതസംഘം ചെയര്‍മാന്‍ ടി.എ.മുഹമ്മദ് ബിലാല്‍ , ജനറല്‍ കണ്‍വീനര്‍ അജിത്കുമാര്‍ ആസാദ്, പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇബ്രാഹീം തിരൂരങ്ങാടി, മജീദ് ചേര്‍പ്പ്, ജില്ല പ്രസിഡന്റ് സലാം മൂന്നിയൂര്‍ ജില്ല സെക്രട്ടറി നൗഷാദലി ആതവനാട് ജില്ല ജോ: സെക്രട്ടറി നിസാം കാളമ്പാടി മലപ്പുറം മണ്ഡലം പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ കുഴിയം പറമ്പ് ,സെക്രട്ടറി സഫ് വാന്‍ കാടേരി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.







Next Story

RELATED STORIES

Share it