Malappuram

കോണ്‍ഗ്രസ് കാലുവാരി; കാളികാവ് പഞ്ചായത്ത് ഭരണം വീണ്ടും എല്‍ഡിഎഫിന്

സിപിഎമ്മിന്റെ എന്‍ സൈദാലി വീണ്ടും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ആകെയുള്ള 19 അംഗങ്ങളില്‍ യുഡിഎഫിന് 11 ഉം എല്‍ഡിഎഫിന് 8 ഉം അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ്സിലെ ഒരംഗം എം സുഫൈറ യോഗത്തില്‍ പങ്കെടുത്തില്ല.

കോണ്‍ഗ്രസ് കാലുവാരി; കാളികാവ് പഞ്ചായത്ത് ഭരണം വീണ്ടും എല്‍ഡിഎഫിന്
X

കാളികാവ്: കോണ്‍ഗ്രസ് അംഗങ്ങള്‍ കാലുവാരിയതിനെത്തുടര്‍ന്ന് കാളികാവ് പഞ്ചായത്ത് ഭരണം വീണ്ടും എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിന്റെ എന്‍ സൈദാലി വീണ്ടും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ആകെയുള്ള 19 അംഗങ്ങളില്‍ യുഡിഎഫിന് 11 ഉം എല്‍ഡിഎഫിന് 8 ഉം അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ്സിലെ ഒരംഗം എം സുഫൈറ യോഗത്തില്‍ പങ്കെടുത്തില്ല. കോണ്‍ഗ്രസ്സിലെ രണ്ടംഗങ്ങള്‍ വോട്ട് എല്‍ഡിഎഫിന് മറിച്ചുകുത്തുകയും ചെയ്തു. ഇതാണ് എല്‍ഡിഎഫിന് വഴിയൊരുക്കിയത്. ഫലപ്രഖ്യാപനം വന്നപ്പോള്‍ എല്‍ഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടുവോട്ടും ലഭിച്ചു. എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി.

അതിനിടെ, എല്‍ഡിഎഫിന് അനുകൂലമായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് അംഗങ്ങളായ കരുവത്തില്‍ നജീബ് ബാബു, മണ്ണൂര്‍ക്കര സുഫൈറ, എറിയാട്ട് കുയ്യന്‍ മന്‍സൂര്‍ എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലീഗും കോണ്‍ഗ്രസ്സും വേറിട്ടാണ് മല്‍സരിച്ചിരുന്നത്. നിലവില്‍ ലീഗിന് അഞ്ചും കോണ്‍ഗ്രസ്സിന് ആറും സീറ്റാണുള്ളത്. യുഡിഎഫിലെ ഭിന്നതകാരണം തുടക്കത്തില്‍ ഏഴുമാസം എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. തുടര്‍ന്ന് യുഡിഎഫ് ജില്ലാ നേതൃത്വം ഇടപെട് പ്രശ്‌നം പരിഹരിക്കുകയും അവിശ്വാസത്തിലൂടെ എല്‍ഡിഎഫ് ഭരണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആദ്യ ഒരുവര്‍ഷം ലീഗിലെ വി പി എ നാസര്‍ പ്രസിഡന്റായി. ശേഷം രണ്ടുവര്‍ഷം കോണ്‍ഗ്രസ്സിലെ കെ നജീബു ബാബുവും പ്രസിഡന്റ് പദം അലങ്കരിച്ചു.

കഴിഞ്ഞമാസം കോണ്‍ഗ്രസ്സിന്റെ കാലാവധി തീര്‍ന്നു. തുടര്‍ന്ന് ലീഗിന്റെ പ്രസിഡന്റിനെ കണ്ടെത്തുന്നതിനാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. ഇന്നലത്തെ സംഭവത്തോടെ യുഡിഎഫില്‍ വീണ്ടും കലാപം ഉടലെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ നടപടിക്കെതിരേ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. കഴിഞ്ഞ മാസം നടന്ന സഹകരണബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം യുഡിഎഫില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാലുവാരുമെന്ന് രണ്ടുദിവസം മുമ്പുതന്നെ ജനസംസാരമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it