Malappuram

മലപ്പുറത്തെ കൊവിഡ് പ്രതിരോധത്തിനു വിപുല പദ്ധതി; ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

മലപ്പുറത്തെ കൊവിഡ് പ്രതിരോധത്തിനു വിപുല പദ്ധതി; ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
X

തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനം റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മലപ്പുറത്തെ കൊവിഡ് പ്രതിരോധത്തിനു വിപുലമായ പദ്ധതി തയ്യാറാക്കി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ ഉന്നതതല യോഗം ഓണ്‍ലൈനായി ചേര്‍ന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കൊണ്ടുവരാന്‍ ഊര്‍ജിത ടെസ്റ്റിങ് പ്ലാന്‍ നടപ്പാക്കും. ഇതനുസരിച്ച് 20,000 മുതല്‍ 25,000 വരെ പരിശോധനകള്‍ പ്രതിദിനം നടത്തും. ഇതോടൊപ്പം സര്‍വയലന്‍സ് സാംപിളുകള്‍ കൂടി പരിശോധിക്കും. രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ഡിസിസി, സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ പ്രവേശനം ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

ഹോം ഐസോലേഷന്‍ വേണ്ടിവരുന്ന സാഹചര്യത്തില്‍ നിര്‍ബന്ധമായും ഐസൊലേഷന്‍ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. പോസിറ്റീവാകുന്ന മുഴുവന്‍ രോഗികളുടേയും പ്രത്യേകിച്ചും വയോജനങ്ങളുടേയും മറ്റസുഖമുള്ളവരുടേയും വിവരങ്ങള്‍ ദിവസവും അന്വേഷിച്ച് തുടര്‍ചികില്‍സ ഉറപ്പുവരുത്തേണ്ടതാണ്. സി.എഫ്.എല്‍.ടി.സി.കളിലെയും സി.എസ്.എല്‍.ടി.സി.കളിലെയും ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തണം. മാത്രമല്ല സി.എഫ്.എല്‍.ടി.സി.കളില്‍ ഓക്‌സിജന്‍ കോണ്‍സണ്ട്രേറ്റര്‍ വച്ച് രോഗികളെ സംരക്ഷിക്കാവുന്നതാണെന്നും മന്ത്രി നിര്‍ദേശിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളജ്, ദയ കൊവിഡ് ആശുപത്രി എന്നിവിടങ്ങളില്‍ ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് സ്ഥാപിക്കാനും അതേസമയം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ബാക്കി വരുന്ന ചെറിയ ല്വിക്വിഡ് ഓക്‌സിജന്‍ ടാങ്കുകള്‍ ജില്ലയിലെ തന്നെ മറ്റ് ആശുപത്രികളില്‍ മാറ്റി സ്ഥാപിക്കാനും നിര്‍ദേശം നല്‍കി. കൊവിഡ് ബ്രിഗേഡ് വഴി ജീവനക്കാരെ നിയമിക്കാനും ആവശ്യമെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി കൂടുതല്‍ മാനവവിഭവശേഷി കണ്ടെത്താനും നിര്‍ദേശിച്ചു. ജില്ലയിലെ ജനസാന്ദ്രത കണക്കിലെടുത്ത് മുഴുവന്‍ രോഗികളേയും ശുശ്രൂക്ഷിക്കുന്ന ആരോഗ്യ വകുപ്പിലേയും മറ്റ് വകുപ്പുകളിലേയും വോളന്റിയര്‍മാര്‍ അടക്കമുള്ള എല്ലാവരെയും മന്ത്രി പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേഷ്, ഡിഎംഒ ഡോ. കെ സക്കീന, ഡിപിഎം ഡോ. ഷിബുലാല്‍, മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, മറ്റ് ആശുപ്രതി സൂപ്രണ്ടുമാര്‍ പങ്കെടുത്തു.

Extensive project for Covid prevention in Malappuram


Next Story

RELATED STORIES

Share it