Malappuram

ഡിജിറ്റല്‍ വാഹനപരിശോധന: ഒറ്റദിവസം കൊണ്ട് 1,01,000 രൂപ പിഴ

ഡിജിറ്റല്‍ വാഹനപരിശോധന: ഒറ്റദിവസം കൊണ്ട് 1,01,000 രൂപ പിഴ
X

പെരിന്തല്‍മണ്ണ: കൊവിഡ് കാലത്ത് ഡിജിറ്റല്‍ വാഹനപരിശോധന ഊര്‍ജിതമാക്കി വാഹനവകുപ്പ്. പെരിന്തല്‍മണ്ണയില്‍ ഒറ്റദിവസം നടത്തിയ ഡിജിറ്റല്‍ വാഹനപരിശോധനയില്‍ 1,01,000 രൂപ പിഴയീടാക്കി. 44 കേസുകളിലായാണ് ഇത്രയും രൂപ പിഴയിട്ടത്. പഴയരീതിയിലുള്ള പരിശോധനയില്‍നിന്ന് ഇ-ചലാന്‍ മാതൃകയിലേക്ക് ജില്ലയിലെ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പൂര്‍ണമായും മാറുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ പരിശോധന.

ആദ്യം വാഹനത്തിന്റെ നമ്പര്‍ സ്‌കാന്‍ചെയ്യും. ഈ നമ്പര്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വാഹനമുടമയുടെ പേര്, വിലാസം, മൊബൈല്‍നമ്പര്‍ എന്നിവ തെളിഞ്ഞുവരും. ഡ്രൈവറുടെ ലൈസന്‍സ് നമ്പര്‍ രേഖപ്പെടുത്തിയാല്‍ ഡ്രൈവറുടെ ചിത്രവും വിലാസം, ഫോണ്‍നമ്പര്‍ എന്നിവയും ലഭിക്കും. പിന്നീട് കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തി ഇ-പോസ് യന്ത്രംവഴി പ്രിന്റ് നല്‍കും. തത്സമയം മൊബൈല്‍ നമ്പറിലേക്ക് പിഴയടയ്ക്കാനുള്ള ലിങ്ക് സന്ദേശമായി നല്‍കും. ഡ്രൈവര്‍ക്കും ഉടമയ്ക്കും 15 ദിവസത്തിനുള്ളില്‍ പിഴ ഓണ്‍ലൈനായി അടയ്ക്കാം. പിഴയടയ്ക്കാത്തവരുടെ കേസുകള്‍ പിന്നീട് വെര്‍ച്വല്‍ കോടതിയിലേക്ക് കൈമാറും. ഉടമയ്ക്കും ഡ്രൈവര്‍ക്കും രേഖകള്‍ തത്സമയം ഹാജരാക്കാനായില്ലെങ്കില്‍ ജില്ലാ കണ്‍ട്രോളിങ് ഓഫീസര്‍ക്ക് വാട്സാപ്പ് വഴി ഇവ അയച്ചുകൊടുത്താല്‍ പിഴത്തുക കുറച്ചുനല്‍കും.

മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ടി.ജി.ഗോകുലിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ മുജീബിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ബിനോയ് വര്‍ഗീസ്, രാജീം കെ.കിരണ്‍, ശരത് സേനന്‍, കിഷോര്‍ കുമാര്‍, അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് റഫീഖ്, നിഷാന്ത് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it