Malappuram

കൊവിഡ് 19: മലപ്പുറത്ത് 858 പേര്‍ കൂടി നിരീക്ഷണത്തില്‍; ആകെ 14,794 പേര്‍

കൊവിഡ് 19: മലപ്പുറത്ത് 858 പേര്‍ കൂടി നിരീക്ഷണത്തില്‍; ആകെ 14,794 പേര്‍
X

മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നുമുതല്‍ 858 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കൊവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 14,794 ആയി. 100 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 94 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂര്‍ ജില്ലാ ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 14,673 പേര്‍ വീടുകളിലും 21 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.

അതേസമയം, കൊവിഡ് 19 ബാധിച്ച് ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്ന 12 പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 23 പേര്‍ക്കു കൂടി ഇന്ന് വിദഗ്ധ പരിശോധനകള്‍ക്കു ശേഷം വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ 624 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചത്. മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കര്‍ശനമായി തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വാര്‍ഡ് തലങ്ങളില്‍ ദ്രുത കര്‍മ സംഘങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി. ഇന്ന് 5,946 വീടുകളില്‍ ദ്രുത കര്‍മസംഘങ്ങള്‍ സന്ദര്‍ശനം നടത്തി. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൈമാറുന്നതിനൊപ്പം നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിക്കുന്നുണ്ട്. 2,194 സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് 1,191 പേരുമായി കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് ഫോണ്‍ വഴി ബന്ധപ്പെട്ടു. ആരോഗ്യ വകുപ്പിലെ വിദഗ്ധ സംഘം ആറു പേര്‍ക്ക് കൗണ്‍സലിങ് നല്‍കി. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കി. 459 മുതിര്‍ന്ന പൗരന്മാരെ ഇന്ന് പാലിയേറ്റീവ് നഴ്‌സുമാര്‍ വഴി കണ്ടെത്തി ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൈമാറി.




Next Story

RELATED STORIES

Share it