Malappuram

ആദര്‍ശ് ഗ്രാമങ്ങളില്‍ ബാങ്കിങ് സേവനം ഇനി വീട്ടുമുറ്റത്ത്

ആദര്‍ശ് ഗ്രാമങ്ങളില്‍ ബാങ്കിങ് സേവനം ഇനി വീട്ടുമുറ്റത്ത്
X

മലപ്പുറം: സന്‍സദ് ആദര്‍ശ് ഗ്രാം യോജന പ്രകാരം പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുത്ത നന്നമ്പ്ര ,കല്‍പകഞ്ചേരി, വെളിയങ്കോട്, മാറാക്കര ഗ്രാമപഞ്ചായത്തുകളില്‍ പോസ്റ്റോഫീസുകള്‍ വഴി ബാങ്കിങ് സേവനങ്ങള്‍ ഇനി വീട്ടുപടിയിലെത്തും. ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റര്‍ ജനറലുമായും സാഗി പഞ്ചായത്ത് പ്രസിഡണ്ടുമാരുമായും ഇടി മുഹമ്മദ് ബഷീര്‍ എംപി നടത്തിയ ചര്‍ച്ചയിലാണീ തീരുമാനം.

നന്നമ്പ്ര പഞ്ചായത്തില്‍ തെയ്യാലിങ്ങലും കല്‍പകഞ്ചേരിയില്‍ രണ്ടത്താണിയിലും മാറാക്കരയില്‍ കാടാമ്പുഴയിലും വെളിയങ്കോട് എന്നീ സബ് പോസ്റ്റോഫീസുകളില്‍ കോമണ്‍സര്‍വ്വീസ് സെന്ററുകള്‍ സ്ഥാപിച്ച് എല്ലാവിധ ബാങ്കിങ് സേവനങ്ങളും പാസ്‌പോര്‍ട്ട് അപേക്ഷ സ്വീകരിക്കല്‍ ആധാര്‍ അപേക്ഷ തുടങ്ങി 77 സേവനങ്ങള്‍ ഈ കേന്ദ്രങ്ങള്‍വഴി ലഭ്യമാകും. ദേശസാല്‍കൃത ബാങ്കുകളില്‍ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളില്‍ നിന്നും പോസ്റ്റ്മാന്‍ വഴി ഇ പോസ് മെഷീന്‍ ഉപയോഗിച്ച് ഒരു സമയം പതിനായിരം രൂപ വരെ പിന്‍വലിക്കാനാവും. ഗുണഭോക്താക്കളുടെ ആവശ്യാനുസരണം ഇത് സര്‍വ്വീസ് ചാര്‍ജൊന്നുമില്ലാതെ വിട്ടുപടിക്കല്‍ ലഭ്യമാകും. ആദര്‍ശ് പഞ്ചായത്തുകള്‍ക്കു പുറമെ പൊന്നാനി ഹെഡ് പോസ്റ്റ് ഓഫിസിലും കുറ്റിപ്പുറം പോസ്റ്റ് ഓഫിസിലും ഇതിനകം സേവനം ലഭ്യമാണ്. തിരൂര്‍ ഹെഡ് പോസ്റ്റ് ഓഫിസ്, എടപ്പാള്‍, കോട്ടക്കല്‍, തിരൂരങ്ങാടി താനൂര്‍, വളാഞ്ചേരി പോസ്റ്റ് ഓഫിസുകളിലും ഈ സേവനം ഉടന്‍ ലഭ്യമാവും.

യോഗത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടു മാരായ മുസ്തഫ പനയത്തില്‍, വി. മധുസൂധനന്‍, കല്‍പകഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാന്‍ കുഞ്ഞാപ്പു നെടുവാഞ്ചേരി ,വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാന്‍ കെ.റിയാസ്, പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ശരീഫ്, തിരൂര്‍ ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് ഗീത, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, ചാര്‍ജ് ഓഫീസര്‍മാര്‍, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാര്‍ഡ്തല ക്യാംപുകള്‍ സംഘടിപ്പിച്ച് ഈ സൗകര്യം പൊതുജനങ്ങളിലെത്തിക്കുവാനും യോഗം തീരുമാനിച്ചു.




Next Story

RELATED STORIES

Share it